സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനം ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കി; പരാതി കണക്കിലെടുത്ത് കെ.ബി പ്രദീപിനോട് രാജി ആവശ്യപ്പെട്ടു: കെ. മുരളീധരന്‍
Kerala
സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനം ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കി; പരാതി കണക്കിലെടുത്ത് കെ.ബി പ്രദീപിനോട് രാജി ആവശ്യപ്പെട്ടു: കെ. മുരളീധരന്‍
നിഷാന. വി.വി
Saturday, 13th June 2026, 10:40 am

തിരുവനന്തപുരം: വിവാദ സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ കെ.ബി പ്രദീപിന്റെ രാജി ആവശ്യപ്പെട്ടത് ഭക്തരുടെ വികാരം മാനിച്ചെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍.

നിയമനവുമായി ബന്ധപ്പെട്ട വിവാദം ഭക്തര്‍ക്ക് വളരെയധികം പ്രയാസമുണ്ടാക്കിട്ടുണ്ടെന്നും തനിക്ക് അതുമായി ബന്ധപ്പെട്ട് ഒരുപാട് ഫോണ്‍കോളുകള്‍ വന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ശബരിമല സ്വര്‍ണകൊള്ള പുറത്ത് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് ആളുകള്‍ പറഞ്ഞുവെന്നും എന്നാല്‍ അഭിഭാഷകന്റെ നിയമനം തങ്ങളുടെ പ്രതീക്ഷകകള്‍ ഇല്ലാതാക്കുന്നുവെന്ന തരത്തിലുള്ള വ്യാപകമായ ഭക്ത ജനങ്ങളുടെ പരാതി കണക്കിലെടുത്ത് മുഖ്യമന്ത്രി തന്നെ രാജിവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘പ്രശസ്തനായ അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം കേസുകള്‍ നല്ല രീതിയില്‍ വാദിക്കും എന്നതിനാലാണ് നിയമിച്ചിരുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതങ്ങനെ തന്നെയാണ്. നിയമനത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമല്ല ഞാനടക്കം കാബിനറ്റിലുള്ള മുഴുവന്‍ പേര്‍ക്കും ഉത്തരവാദിത്തമുണ്ട്,’ മുരളീധരന്‍ പറഞ്ഞു.

ഭക്ത ജനങ്ങള്‍ക്ക് സംശയമുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്നും നല്ല ഉദ്ദേശത്തിലാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നിയമനത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഒരാളുടെ തലയില്‍ മാത്രം കെട്ടിവെക്കുന്ന ഏര്‍പ്പാട് യു.ഡി.എഫില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത്. പുതിയ പ്ലീഡര്‍ മുന്‍പ് പ്രതികള്‍ക്ക് വേണ്ടി ഹാജരായതിനാല്‍ അവരുടെ എല്ലാ ബലഹീനതകളും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നുമായിരുന്നു ഇതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം. നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന് താന്‍ വിട്ടുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ കെ.ബി പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി സതീശന്‍ രാജി ആവശ്യപ്പെട്ടിരുന്നു.

സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായ പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നതാണ് എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

Content Highlight: Appointment of special pleader caused hardship to devotees; K.B. Pradeep was asked to resign in view of the complaint: K. Muraleedharan

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.