ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയായി മാറിയ നടിയാണ് അപര്‍ണ നായര്‍. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അപര്‍ണ നോട്ട്ബുക്ക്, നിവേദ്യം, മല്ലൂസിങ്, കോക്ക്‌ടെയ്ല്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ തട്ടത്തിന്‍ മറയത്തിലെ മെഹ്‌റു എന്ന കഥാപാത്രമാണ് പ്രേക്ഷക പ്രീതി നേടിയത്.
ചിത്രത്തില്‍ ആയിഷയുടെ മൂത്ത സഹോദരിയായാണ് മെഹ്‌റു എത്തിയത്. നവ്യ നായര്‍ പ്രധാന വേഷത്തിലെത്തിയ ഒരുത്തീ എന്ന സിനിമയ്ക്ക് ശേഷം ഇന്‍ഡസ്ട്രിയല്‍ സജീവമാകാതെ പോയ അപര്‍ണ നായര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.
ഇപ്പോഴിതാ തട്ടത്തിന്‍ മറയത്തിലെ മെഹ്‌റു എന്ന കഥാപാത്രത്തെ കുറിച്ച് അപര്‍ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നടുന്നത്.
‘മെഹ്‌റുവാണ് സിനിമയിലെ ഹീറോ എന്ന് എനിക്ക് പറയാന്‍ പറ്റില്ല. ഒരു സിനിമയിലെ ഹീറോ ആരാണ് എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. വിനോദും ആയിഷയും അവരുടെ സ്‌നേഹത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവരാണ്.
ആയിഷയുടെ ഇത്ത, മെഹ്‌റുവിന് അവള്‍ കൊതിച്ചജീവിതം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അനിയത്തിക്ക് ആഗ്രഹിച്ച ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ മെഹ്‌റു ഉശിരോടെ പൊരുതി. ഞാന്‍ എന്റെ യുദ്ധങ്ങള്‍ സ്വയം ചെയ്ത ആളാണ് എങ്കിലും നമ്മളിലെല്ലാം ഒരല്‍പ്പം മെഹ്റു ഉണ്ടാകും,’ അപര്‍ണ പറയുന്നു.
ഒരു സാഹചര്യം വന്നാല്‍ താനും മെഹ്‌റു ആകാറുണ്ടെന്നും മറ്റൊരാളുടെ ശരികള്‍ക്ക് വേണ്ടി യുദ്ധം ചെയ്യാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. 2010 മുതല്‍ 2014 വരെയുള്ള കാലം സിനിമയിലെ നല്ല സമയമായിരുന്നുവെന്നും എന്നാല്‍ ജീവിതത്തില്‍ നല്ല സമയം ഇനി വരാനിരിക്കുന്നു എന്ന് പ്രതീക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അപര്‍ണാ നായര്‍ പറഞ്ഞു.
വിനീത് ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2012ല്‍ തിയേറ്ററിലെത്തിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളി, ഇഷാ തല്‍വാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അന്നത്തെ യൂത്തിന്റെ ഇടയില്‍ തരംഗമായി മാറിയിരുന്നു.
റിലീസ് ചെയ്ത് 14 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ചിത്രത്തിലെ ഗാനങ്ങളും സിനിമയും ഒരുപോലെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
Content Highlight: Aparna Nair talks about her character in the movie Thattathin Marayathu