എന്റെ ജീവിതം മാറ്റിയ സിനിമ; അത് ഇറങ്ങിയിട്ട് പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല: അപര്‍ണ ബാലമുരളി
Malayalam Cinema
എന്റെ ജീവിതം മാറ്റിയ സിനിമ; അത് ഇറങ്ങിയിട്ട് പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല: അപര്‍ണ ബാലമുരളി
ഐറിന്‍ മരിയ ആന്റണി
Sunday, 28th December 2025, 7:34 pm

തന്റെ ജീവിതം ഇനിമുതല്‍ സിനിമയാണെന്ന് തിരിച്ചറിഞ്ഞത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണെന്ന് നടി അപര്‍ണ ബാലമുരളി. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമ ചെയ്തപ്പോഴാണ് ആളുകള്‍ എന്നെ കുറച്ച് അറിഞ്ഞു തുടങ്ങിയത്. സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയത് വലിയ സന്തോഷം നല്‍കിയിരുന്നു.

അപര്‍ണ ബാലമുരളി Photo: Screengrab/my world of movies

വിനീതേട്ടന്റെ കൂടെ ഒരു പാട്ടില്‍ നല്ല സ്‌ക്രീന്‍ സ്‌പേസ് കിട്ടി. പിന്നെ ആ പാട്ടും നല്ല ഹിറ്റായിരുന്നു. അതില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. പക്ഷേ അപ്പോഴും എന്റെ ജീവിതം സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ല,’ അപര്‍ണ പറഞ്ഞു.

മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇതാണ് തന്റെ കരിയര്‍ എന്ന് തിരിച്ചറിഞ്ഞതെന്നും സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് താന്‍ മഹേഷിന്റെ പ്രതികാരം കാണാന്‍ പോയതെന്നും അപര്‍ണ പറഞ്ഞു. അടുത്ത ഫെബ്രുവരിയില്‍ സിനിമ ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകുമെന്നും നടി പറഞ്ഞു.

അടുത്തിടെ സിനിമാറ്റോഗ്രാഫര്‍ ഷൈജു ഖാലിദിനെ കണ്ടപ്പോള്‍ സിനിമ ഇറങ്ങിയിട്ട് പത്ത് വര്‍ഷമായ കാര്യം താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിനും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. ഒരു സ്‌ക്രിപ്റ്റ് വന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പോലും ആ പ്രായത്തില്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു.

ദിലീഷ് പോത്തന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ കൂടിയായിരുന്നു.

ചിത്രത്തില്‍ ജിംസി എന്ന കഥാപാത്രമായാണ് അപര്‍ണ വേഷമിട്ടത്. സിനിമയില്‍ അനുശ്രീ, ജാഫര്‍ ഇടുക്കി, സൗബിന്‍, ലിജോമോള്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Aparna balamurali  says she realized that cinema was her career after the film Maheshinte prathikaram 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.