അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല ; റഷ്യൻ അന്തർവാഹിനികളെ തടയാൻ സൈന്യത്തെ വിന്യസിച്ച് യു.കെ
World
അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല ; റഷ്യൻ അന്തർവാഹിനികളെ തടയാൻ സൈന്യത്തെ വിന്യസിച്ച് യു.കെ
മുഹമ്മദ് നബീല്‍
Thursday, 9th April 2026, 8:21 pm

ലണ്ടൻ: ബ്രിട്ടീഷ് കടൽപരിധിയിൽ നിലയുറപ്പിച്ച റഷ്യൻ അന്തർവാഹിനികൾ ബ്രിട്ടന്റെ കടലിനടിയിലെ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും നേരെ ആക്രമണം നടത്തുന്നത് തടയാൻ രാജ്യം സായുധ സേനയെ വിന്യസിക്കുന്നതായി പ്രതിരോധ മന്ത്രി ജോൺ ഹീലി അറിയിച്ചു.

റഷ്യൻ കപ്പലുകളുടെ നീക്കങ്ങളെ ബ്രിട്ടീഷ് സേനയും നോർവേ ഉൾപ്പെടെയുള്ള സഖ്യകക്ഷികളും പിന്തുടരുകയും തടയുകയും ചെയ്തതായി ഹീലി പറഞ്ഞു. റഷ്യൻ നീക്കങ്ങൾ തങ്ങൾ കണ്ടെത്തിയെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിനെ അറിയിക്കുന്നതിനാണ് ഈ ഓപ്പറേഷന്റെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തർവാഹിനികൾ ബ്രിട്ടന്റെ കടലിൽ നിന്നും പിൻവാങ്ങിയതായും ബ്രിട്ടന്റെ കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രസിഡന്റ് പുടിനോട് എനിക്ക് പറയാനുള്ളത് ഇതാണ്, ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും മേലുള്ള നിങ്ങളുടെ നീക്കങ്ങൾ ഞങ്ങൾ കാണുന്നുണ്ട്, അവ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും അതിന് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നിങ്ങൾ അറിഞ്ഞിരിക്കണം,’ ബ്രിട്ടൻ പ്രതിരോധ മന്ത്രി പറഞ്ഞു.

പ്രസിഡന്റ് പുടിൻ പദ്ധതിയിട്ടതുപോലെ അവരുടെ നീക്കങ്ങൾ രഹസ്യമല്ലെന്നും, ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും, അവരുടെ രഹസ്യ ഓപ്പറേഷൻ തുറന്നുകാട്ടപ്പെട്ടുവെന്നും ബ്രിട്ടന്റെ സായുധ സേന അവർക്ക് വ്യക്തമാക്കിക്കൊടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹീലി വ്യക്തമാക്കിയതനുസരിച്ച് റഷ്യയുടെ അകുല ക്ലാസ് അറ്റാക്ക് സബ്മറൈനും മോസ്കോയുടെ മെയിൻ ഡയറക്ടറേറ്റ് ഫോർ ഡീപ് സീ റിസർച്ചിൽ (ജി.യു.ജി.ഐ) നിന്നുള്ള രണ്ട് വിദഗ്ധ അന്തർവാഹിനികളുമാണ് ഈ റഷ്യൻ ഓപ്പറേഷനിൽ പങ്കെടുത്തത്.

Content Highlight :Any attempt to target infrastructure will not be tolerated; UK deploys troops to stop Russian submarines

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം