ലാല്‍ ജോസ് മലയാളസിനിമക്ക് സമ്മാനിച്ച നായികമാരില്‍ ഒരാളാണ് അനുശ്രീ. 2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ സിനിമാലോകത്തേക്ക് കടന്നുവന്നത്. ഇതിഹാസ, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ അനുശ്രീയുടെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കി. ചെറിയ സമയത്തിനുള്ളില്‍ തന്നെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയാകാന്‍ താരത്തിന് സാധിച്ചു.
മലയാളസിനിമക്ക് അടുത്തിടെ സംഭവിച്ച മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. നായകന്റെയും കൂട്ടുകാരുടെയും കഥകള്‍ പറയുന്ന സിനിമകളാണ് ഇപ്പോള്‍ കൂടുതലായും വരുന്നതെന്ന് അനുശ്രീ പറഞ്ഞു. സ്ത്രീ കഥാപാത്രങ്ങളെയൊന്നും സിനിമയില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും അത് വലിയൊരു കുറവായി തനിക്ക് തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
പല സിനിമകളിലും പേരിനൊരു നായികയുണ്ടാകുമെന്നും അതിനൊരു മാറ്റം വന്നെന്ന് തോന്നിയത് തുടരും എന്ന സിനിമ കണ്ടപ്പോഴാണെന്നും അനുശ്രീ പറയുന്നു. കുറച്ചുകാലമായി കുടുംബങ്ങളെ മലയാളസിനിമയില്‍ കാണാറില്ലെന്നും കുടുംബമില്ലാത്തതാണോ ഇപ്പോഴത്തെ റിയലിസ്റ്റിക്കെന്ന് തനിക്ക് അറിയില്ലെന്നും അനുശ്രീ പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അനുശ്രീ.
‘മലയാളത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നു എന്ന് തോന്നിയിട്ടുണ്ട്. അടുത്തിടെ വന്ന പല സിനിമകളും നായകന്റെയും കൂട്ടുകാരുടെയും കഥകള്‍ പറയുന്നവയാണ്. ഒന്നിലും സ്ത്രീകള്‍ക്ക് പ്രാധാന്യമില്ല. പേരിന് ഒരു നായികയുണ്ടാകുമെന്നല്ലാതെ അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടാകില്ല. അങ്ങനെയിരിക്കുമ്പോഴാണ് തുടരും എന്ന സിനിമ വന്നത്. കാലങ്ങള്‍ക്ക് ശേഷം ഒരു കുടുംബചിത്രം കണ്ടത് അപ്പോഴാണ്.
മലയാളത്തില്‍ അങ്ങനെയുള്ള സിനിമകള്‍ കുറയാനുള്ള കാരണം എന്താണെന്ന് അറിയില്ല. നായകനും കൂട്ടുകാരും മാത്രമുള്ള കഥകളാണോ റിയലിസ്റ്റിക്ക് എന്ന് അറിയില്ല. കുടുംബം റിയലിസ്റ്റിക്ക് അല്ലാതായെന്ന് തോന്നുന്നു. പണ്ടത്തെപ്പോലെ കുടുംബവും സ്ത്രീ കഥാപാത്രങ്ങളുമെല്ലാമുള്ള സിനിമകള്‍ ഇനിയും സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പുതിയ സിനിമകളില്‍ ഭാര്യ കഥാപാത്രങ്ങള്‍ കുറവാണ്. സിനിമകളിലിപ്പോള്‍ ചേട്ടത്തിയമ്മയില്ല, സഹോദരിയില്ല, അമ്മയില്ല, അമ്മായിയില്ല, വീട്ടിലുള്ള ആരുമില്ല. നമ്മുടെ കുടുംബങ്ങളെയോ ചുറ്റുപാടുകളെയോ സിനിമകളില്‍ കാണാനേ സാധിക്കുന്നില്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്,’ അനുശ്രീ പറയുന്നു.
Content Highlight: Anusree about the importance of women characters in Malayalam Cinema