| Thursday, 6th March 2025, 8:33 am

ടോക്‌സിക്കാണ് ബോളിവുഡ്; എല്ലാവരും 500 ഉം 800 ഉം കോടി സിനിമകള്‍ നിര്‍മിക്കാന്‍ പായുകയാണ്: അനുരാഗ് കശ്യപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്‌മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്‌സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.

ബോളിവുഡ് ഇന്‍ഡസ്ട്രി വളരെ ടോക്‌സിക്കായി മാറി കഴിഞ്ഞു – അനുരാഗ് കശ്യപ്

കഴിഞ്ഞ വര്‍ഷമിറങ്ങിയ മഹാരാജ എന്ന തമിഴ് ചിത്രത്തിലൂടെയും റൈഫിള്‍ ക്ലബ് എന്ന മലയാളം സിനിമയിലൂടെയും അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമകളോടുള്ള ഇഷ്ടവും ബോളിവുഡിനോടുള്ള അനിഷ്ടവും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് അനുരാഗ് കശ്യപ്. ഇപ്പോള്‍ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് ടോക്‌സിക്കാണെന്ന് പറയുകയാണ് അനുരാഗ് കശ്യപ്.

ബോളിവുഡ് സിനിമയിലെ ആളുകളില്‍ നിന്നും അകന്ന് നില്‍ക്കാനാണ് തന്റെ തീരുമാണെന്നും ബോളിവുഡ് വളരെ ടോക്‌സിക്കായി മാറിയെന്നും അനുരാഗ് കശ്യപ് പറയുന്നു. എല്ലാവരും റിയല്‍ അല്ലാത്തതിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണെന്നും എങ്ങനെയെങ്കിലും അഞ്ഞൂറ് കോടിയും എണ്ണൂറ് കോടിയും നേടാന്‍ കഴിയുന്ന സിനിമകള്‍ ഉണ്ടാക്കണം എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന അന്തരീക്ഷമെല്ലാം ബോളിവുഡില്‍ നിന്ന് എന്നേ അപ്രത്യക്ഷമായി – അനുരാഗ് കശ്യപ്

‘ബോളിവുഡിലെ സിനിമയിലെ ആളുകളില്‍ നിന്നും അകന്ന് നില്‍ക്കാനാണ് എന്റെ തീരുമാനം. ഈ ഇന്‍ഡസ്ട്രി വളരെ ടോക്‌സിക്കായി മാറിക്കഴിഞ്ഞു. എല്ലാവരും റിയല്‍ അല്ലാത്തതിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്.

എങ്ങനെയെങ്കിലും അഞ്ഞൂറ് കോടിയും എണ്ണൂറ് കോടിയും നേടാന്‍ കഴിയുന്ന സിനിമകള്‍ ഉണ്ടാക്കണം എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന അന്തരീക്ഷമെല്ലാം ബോളിവുഡില്‍ നിന്ന് എന്നേ അപ്രത്യക്ഷമായി,’ അനുരാഗ് കശ്യപ് പറയുന്നു.

നേരത്തെ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഹിന്ദി സിനിമാ വ്യവസായത്തോട് തനിക്ക് വളരെ വെറുപ്പും നിരാശയും തോന്നിയെന്നും കൂടുതല്‍ ക്രിയേറ്റീവായ അന്തരീക്ഷമുള്ള സൗത്ത് ഇന്ത്യയിലേക്ക് താന്‍ താമസം മാറുകയാണെന്നും പറഞ്ഞിരുന്നു.

Content Highlight: Anurag Kashyap says Bollywood is toxic

We use cookies to give you the best possible experience. Learn more