| Wednesday, 19th March 2025, 3:44 pm

അനുരാഗ് കശ്യപിനെ അസൂയപ്പെടുത്തിയ നെറ്റ്ഫ്‌ളിക്‌സ് സീരീസ്; പ്രശംസകള്‍ നേടി ചര്‍ച്ചയാകുന്ന അഡോളസെന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാക്ക് ത്രോണും സ്റ്റീഫന്‍ ഗ്രഹാമും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ബ്രിട്ടീഷ് ക്രൈം ഡ്രാമ ടെലിവിഷന്‍ മിനിസീരീസാണ് അഡോളസെന്‍സ്. മാര്‍ച്ച് 13ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ സീരീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസകളാണ് നേടുന്നത്.

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിച്ച അഡോളസെന്‍സിനെ അനുരാഗ് കശ്യപും ബോളിവുഡിലെ ചലച്ചിത്ര നിര്‍മാതാക്കളായ ഹന്‍സല്‍ മേത്തയും ശേഖര്‍ കപൂറും ഉള്‍പ്പെടെയുള്ളവര്‍ പ്രശംസിച്ച് കൊണ്ട് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെയൊരു സീരീസ് ചെയ്തവരോട് അസൂയ തോന്നുന്നുവെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

തന്റെ സഹപാഠിയായ പെണ്‍കുട്ടിയുടെ കൊലപാതകത്തിന് അറസ്റ്റിലായ 13 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജാമി മില്ലറെ ചുറ്റിപ്പറ്റിയാണ് ഈ സീരീസ്. ജാമി മില്ലറായി എത്തിയ ഓവന്‍ കൂപ്പറിന്റെ മികച്ച അഭിനയവും പ്രശംസ നേടുന്നുണ്ട്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാരെക്കുറിച്ച് കേട്ടപ്പോഴാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നാണ് സീരീസിന്റെ സൃഷ്ടാക്കളില്‍ ഒരാളായ സ്റ്റീഫന്‍ ഗ്രഹാം പറയുന്നത്. സീരീസില്‍ ജാമി മില്ലറുടെ പിതാവായി അഭിനയിച്ചതും സ്റ്റീഫന്‍ ഗ്രഹാമാണ്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്.

‘ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം കേള്‍ക്കുകയുണ്ടായി. അത് എന്നെ ഏറെ ഞെട്ടിച്ചു. ആ ആണ്‍കുട്ടിക്ക് ആ പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ തോന്നാന്‍ മാത്രം എന്താകും സംഭവിച്ചിട്ടുണ്ടാകുകയെന്ന് ഞാന്‍ ചിന്തിച്ചു.

ഇവിടെ എന്താകും പ്രകോപനപരമായ സംഭവമെന്നും ഞാന്‍ ഓര്‍ത്തു. പക്ഷെ പിന്നെയും അതിനോട് സമാനമായ സംഭവങ്ങള്‍ നടന്നു. വീണ്ടും വീണ്ടും സംഭവിച്ചു. ഇന്ന് ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? നമ്മള്‍ എങ്ങനെയാണ് ഇതിലേക്ക് എത്തിയത്? എന്നൊക്കെ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു,’ സ്റ്റീഫന്‍ ഗ്രഹാം പറഞ്ഞു.

ഫിലിപ്പ് ബാരന്റിനി സംവിധാനം ചെയ്ത അഡോളസെന്‍സ് വെറും നാല് എപ്പിസോഡുകള്‍ മാത്രമുള്ള മിനിസീരീസാണ്. ആകെ നാല് മണിക്കൂറോളം ദൈര്‍ഘ്യമാണ് ഈ സീരീസിനുള്ളത്. ഓരോ എപ്പിസോഡും ഒരൊറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്.

അതും അഡോളസെന്‍സിന് ഏറെ പ്രശംസ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. നെറ്റ്ഫ്ളിക്‌സില്‍ റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ യു.കെയിലും യു.എസിലും ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ട സീരീസായി അഡോളസെന്‍സ് മാറിയിട്ടുണ്ട്.

Content Highlight: Anurag Kashyap Praises Adolescence Series In Netflix

We use cookies to give you the best possible experience. Learn more