ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പാഞ്ച് എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച അനുരാഗ് കശ്യപ് പിന്നീട് നോ സ്‌മോക്കിങ്, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത തരത്തില്‍ ഗ്യാങ്‌സ് ഓഫ് വസേപൂര്‍ എന്ന ചിത്രം പുറത്തിറക്കിയതോടെ ഇന്ത്യ മുഴുവന്‍ അനുരാഗ് കശ്യപ് ശ്രദ്ധേയനായി.
തമിഴ് സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അനുരാഗ് കശ്യപ്. തമിഴ് സിനിമകളില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി തമിഴ് പാട്ടുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. തമിഴില്‍ ഇപ്പോള്‍ തുടര്‍ച്ചയായി ഒരു പ്രതിഭാസം കാണാന്‍ സാധിക്കുന്നുണ്ടെന്നും പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രങ്ങളുമായി മത്സരിക്കാനായി ഇംഗ്ലീഷ് പാട്ടുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
‘ഐ ആം കമിങ് ഫോര്‍ യൂ, ഐ ആം ഗണ്ണിങ് ഫോര്‍ യൂ’ പോലുള്ള വരികളാണ് മിക്ക പാട്ടുകളിലും കേള്‍ക്കാന്‍ സാധിക്കുന്നതെന്ന് അനുരാഗ് കശ്യപ് പറയുന്നു. ഇത് തമിഴ് സിനിമയുടെ രീതിയല്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. പണ്ട് കാലത്ത് തമിഴിലെ പാട്ടുകള്‍ കേട്ട് അത് ഹിന്ദിയിലേക്ക് കടമെടുക്കാറുണ്ടായിരുന്നെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
ഇളയരാജയുടെ എത്രയോ പാട്ടുകള്‍ അത്തരത്തില്‍ ഹിന്ദിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അതിനൊക്കെ പ്രത്യേക ഭംഗിയുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു. എന്നാല്‍ ഇന്ന് ഇറങ്ങുന്ന പാട്ടുകളില്‍ പലതും അതിലേക്ക് എത്തുന്നില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം പറഞ്ഞത്.
‘തമിഴ് സിനിമയില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്, മിക്ക സിനിമകളിലും തമിഴ് പാട്ടുകള്‍ക്ക് പകരം ഇംഗ്ലീഷ് പാട്ടുകളാണ് കൂടുതലായി കേള്‍ക്കാന്‍ സാധിക്കുന്നത്. പാന്‍ ഇന്ത്യന്‍ തെലുങ്ക് സിനിമകളോട് മത്സരിക്കാന്‍ വേണ്ടിയാണ് ഇങ്ങന ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. ഏതോ ഇംഗ്ലീഷ് ബാന്‍ഡിന്റെ പരിപാടി കാണുന്നത് പോലെയാണ് തോന്നുന്നത്. പല പാട്ടുകളിലും കേള്‍ക്കാന്‍ കഴിയുന്നത് ‘ഐ ആം കമിങ് ഫോര്‍ യൂ, ഐ ആം ഗണ്ണിങ് ഫോര്‍ യൂ’ എന്നൊക്കെയാണ്.
തമിഴ് സിനിമയിലെ പാട്ടുകള്‍ എന്ന് പറയുമ്പോള്‍ അതിന്റേതായ ഒരു രീതിയുണ്ടല്ലോ. പഴയ തമിഴ് സിനിമകളിലെ പാട്ടുകളൊക്കെ ഞങ്ങള്‍ ബോളിവുഡിലേക്ക് കടമെടുക്കാറുണ്ടായിരുന്നു. രാജ സാറിന്റെ പാട്ടുകളൊക്കെ എന്ത് മനോഹരമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന പാട്ടുകളില്‍ പലതും ആ ഒരു ലെവലിലേക്ക് എത്തുന്നില്ല എന്നതാണ് കാര്യം,’ അനുരാഗ് കശ്യപ് പറയുന്നു.
Content Highlight: Anurag Kashyap criticizing latest Tamil movie songs