| Wednesday, 1st January 2025, 6:38 pm

റീല്‍സ് ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ മനസില്‍ വെച്ച് ഗെയിം ചേഞ്ചര്‍ ചെയ്തു; സംവിധായകന്‍ ഷങ്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് അനുരാഗ് കശ്യപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷങ്കര്‍ സംവിധാനം ചെയ്ത രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. ചിത്രത്തിന്റെ ഗ്രാന്‍ഡ് പ്രീ-റിലീസ് ഇവന്റ് ശനിയാഴ്ച അമേരിക്കയിലെ ഡാലസില്‍ നടന്നിരുന്നു. ചടങ്ങില്‍ ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

ചടങ്ങില്‍ സംവിധായകന്‍ ഷങ്കര്‍ നടത്തിയ ഒരു പ്രസ്താവനയെ കുറിച്ച് സംസാരിക്കുകയാണ് ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ്. ഇന്നത്തെ പ്രേക്ഷകര്‍ക്ക് ശ്രദ്ധിക്കാനുള്ള സമയം വളരെ കുറവാണെന്നും അതുകൊണ്ടാണ് എല്ലാവരും റീലുകള്‍ കാണുന്നതെന്നും ഷങ്കര്‍ പറഞ്ഞു. അക്കാര്യം മനസില്‍ വെച്ചാണ് താന്‍ ഗെയിം ചേഞ്ചര്‍ എന്ന ചിത്രം ചെയ്തതെന്നുമാണ് ഷങ്കര്‍ പറഞ്ഞത്.

‘ഇന്നത്തെ പ്രേക്ഷകരുടെ ശ്രദ്ധിക്കാനുള്ള കഴിവ് വളരെ കുറവാണ്. അവര്‍ കുറച്ച് നേരം മാത്രമേ ഒരു കാര്യം കണ്ടുകൊണ്ടിരിക്കുകയുള്ളു. അവര്‍ റീലുകള്‍ കാണാറുണ്ട്. അതുകൊണ്ടുതന്നെ ഈ കാര്യം മനസില്‍ വെച്ചാണ് ഞങ്ങള്‍ ഗെയിം ചേഞ്ചര്‍ എന്ന സിനിമ ചെയ്തത്. ഇപ്പോള്‍ അതിന്റെ അര്‍ഥം എന്താണെന്ന് എനിക്കറിയില്ല. സിനിമ ഇറങ്ങിയതിന് ശേഷം അതെന്താണെന്ന് നമുക്ക് കൂടുതല്‍ അറിയാം’ ഷങ്കര്‍ പറഞ്ഞു.

തന്റെ സിനിമകള്‍ റീലുകള്‍ ഒരുമിച്ച് ചേര്‍ത്തതുപോലെയാണെന്നും അതാണ് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും ഒരുപാട് സംവിധായകര്‍ ഇപ്പോള്‍ പറയുന്നുണ്ടെന്ന് അനുരാഗ് കശ്യപ് അഭിമുഖത്തില്‍ പറഞ്ഞു. പ്രേക്ഷകര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ഇടിവ് സംഭവിക്കുമെന്നും പ്രേക്ഷകര്‍ എന്ന് പറയുന്നത് ഒരു ജീവിയല്ലെന്നും ജനസമുദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സിനിമ റീലുകള്‍ ഒരുമിച്ച് ചേര്‍ത്തത് പോലെയാണ്, കാരണം അതാണ് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത്, ഒരുപാട് ഫിലിം മേക്കര്‍ ഈ ഭാഷയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. പ്രേക്ഷകര്‍ എന്താണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം മുതലാണ് ഇടിവ് ആരംഭിക്കുന്നത്. പ്രേക്ഷകര്‍ ഒരു ജീവിയല്ല, അത് ഒരു വലിയ ജനസമുദ്രമാണ്. എല്ലാത്തിനും പ്രേക്ഷകരുണ്ട്,’ അനുരാഗ് കശ്യപ് പറഞ്ഞു.

Content Highlight: Anurag Kashyap criticizes Shankar’s statement on making Game Changer for audience who like Instagram reels

Latest Stories

We use cookies to give you the best possible experience. Learn more