മരതകദ്വീപിലെ മാര്‍ക്‌സിസ്റ്റ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്

‘അവര്‍ ഞങ്ങളെ കുഴിച്ചിടാന്‍ ശ്രമിച്ചു, അവര്‍ക്കറിയില്ലായിരുന്നു ഞങ്ങള്‍ വിത്തുകളാണെന്ന്’

അനുര കുമാര ദിസനായകെയുടെ വാക്കുകളാണിവ. ശ്രീലങ്കയുടെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റ്. ഒടുവില്‍ ശ്രീലങ്കയെന്ന ആ മരതക ദ്വീപും ചുവപ്പണിഞ്ഞിരിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത് ഇടതുസഖ്യ സ്ഥാനാര്‍ത്ഥിയായ ദിസനായകെയെയാണ്.

ചരിത്രത്തില്‍ ആദ്യമായി രണ്ടാഘട്ട വോട്ടെണ്ണല്‍ പ്രഖ്യാപിച്ചുകൊണ്ട് ശ്രീലങ്ക തങ്ങളുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിന് പിന്നാലെ തെരഞ്ഞെടുപ്പിലൂടെ ചുവപ്പണിയുന്ന ദക്ഷിണേഷ്യയിലെ രണ്ടാമത്തെ രാജ്യം കൂടിയാണ് ശ്രീലങ്ക. 1994ലാണ് തെരഞ്ഞെടുപ്പിലൂടെ നേപ്പാളില്‍ ദേശീയതലത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപംകൊള്ളുന്നത്. നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണേഷ്യയില്‍ ഇടതുപക്ഷ രാഷ്ട്രീയം പ്രസക്തമാകുകയാണ്.

രാജപക്‌സെ സഹോദരങ്ങളുടെ ഏകാധിപത്യ ഭരണത്തിന് കീഴില്‍ പൊറുത്തുമുട്ടിയപ്പോള്‍ ശ്രീലങ്ക സാക്ഷ്യം വഹിച്ചത് കടുത്ത ജനകീയ പ്രക്ഷോഭത്തിനാണ്. ഈ പ്രക്ഷോഭത്തെ നയിച്ചത് ദിസനായകെ എന്ന മാര്‍ക്‌സിസ്റ്റ് നേതാവും. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പ് ജനകീയ പ്രക്ഷോഭത്തില്‍ നിന്ന് തുടങ്ങിയതല്ല.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളാബോയുടെ 100 കിലോ മീറ്റര്‍ അകലെയുള്ള തംബുട്ടെ ഗാമയിലെ ഒരു തൊഴിലാളി കുടുംബത്തിലാണ് ദിസനായകെ ജനിക്കുന്നത്. കെലാനിയ സര്‍വകലാശാലയിലെ പഠനത്തിലൂടെ അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കാലുവെച്ചു. തുടര്‍ന്ന് 1987ല്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന ജനത വിമുക്തി പെരമുന പാര്‍ട്ടിയില്‍ ചേര്‍ന്നു. 98ല്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി. 2000ല്‍ ആദ്യമായി അദ്ദേഹം പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

പിന്നാലെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നതോടെ ദിസനായകെ ശ്രീലങ്കയുടെ കാര്‍ഷിക മന്ത്രിയായി. എന്നാല്‍ ഈ സഖ്യം വളരെ പെട്ടെന്ന് തന്നെ തകരുകയും ചെയ്തു. 2019ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ദിസനായകെയ്ക്ക് അന്ന് ലഭിച്ചത് മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ ജെ.വി.പിക്ക് ഉണ്ടായിരുന്നത് മൂന്ന് എം.പിമാര്‍ മാത്രവും.

എന്നാല്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍ അഥവാ ദേശീയ ജന ബലവേഗയ എന്ന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദിസനായകെ 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് ശതമാനത്തില്‍ നിന്ന് 42.31 ശതമാനം വോട്ടുകള്‍ നേടി തെരഞ്ഞെടുക്കപ്പെട്ടു. 28 രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും ഉള്‍പ്പെടുന്ന എന്‍.പി.പി സഖ്യത്തിന്റെ നേതൃസ്ഥാനം വഹിച്ചുകൊണ്ടാണ് ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നിലവിലെ പ്രസിഡന്റ് റിനല്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ദിസനായകെ ശ്രീലങ്കന്‍ രാഷ്ട്രപതിയാകുന്നത്. 17 ശതമാനം വോട്ടുകള്‍ മാത്രമാണ് വിക്രമസിംഗെയ്ക്ക് നേടാന്‍ കഴിഞ്ഞത്. ആറ് തവണയാണ് വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിലയുറച്ചത്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജപക്സെ രാജ്യം വിട്ടതോടെ നടന്ന പാര്‍ലമെന്ററി വോട്ടെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ വിക്രമസിംഗെ പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുകയായിരുന്നു.

ജനങ്ങള്‍ അംഗീകരിക്കാത്ത രാഷ്ട്രപതിയെ വോട്ട് എന്ന സാര്‍വത്രിക അവകാശത്തിലൂടെ ജനങ്ങള്‍ തന്നെ താഴെയിറക്കി. അതേസമയം വിക്രമസിംഗെ സര്‍ക്കാരിലെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പ്രേമദാസ നേടിയത് 32 ശതമാനം വോട്ടും. ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഫലം യാഥാര്‍ത്ഥ്യത്തില്‍ വ്യക്തമാകുന്നത് മറ്റൊരു ഭരണവിരുദ്ധ വികാരത്തെ കൂടിയാണെന്ന് പറയാം.

വിപണിയിലും സാമ്പത്തിക രംഗത്തും ശക്തമായി ഇടപെടല്‍ ഉറപ്പുവരുത്തുന്ന സ്റ്റേറ്റ്, കുറഞ്ഞ നികുതി എന്നിവയാണ് നാഷണല്‍ പീപ്പിള്‍ പവര്‍ സഖ്യം മുന്നോട്ടുവെക്കുന്ന പ്രധാന നയങ്ങള്‍. ഐ.എം.എഫ് മുന്നോട്ടുവെച്ച ചെലവുചുരുക്കല്‍ നയങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കില്ലെന്ന ജെ.വി.പിയുടെ നിലപാടും തെരഞ്ഞെടുപ്പില്‍ ദിസനായകെയുടെ പിന്തുണ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ആശയങ്ങളോടെ ഇക്കാലയളവില്‍ രണ്ട് തവണ സായുധസമരത്തിന് തുടക്കമിട്ട ജെ.വി.പി പിന്നീട് ജനാധിപത്യ ഇടതുപക്ഷ നിലപാട് സ്വീകരിച്ചതും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.

ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുമെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും തുല്യ പരിഗണ നല്‍കുമെന്നും ഉറപ്പുനല്‍കികൊണ്ട് കൂടിയാണ് ദിസനായകെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ദിസനായകെ തന്റെ വിദേശനയവും വ്യക്തമാക്കിയിരുന്നു.

‘ശ്രീലങ്കയുടെ ഭൂമിശാസ്ത്രപരമായ തന്ത്രപ്രാധാന്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് പൂര്‍ണമായും അറിയാം. എന്നാല്‍ ശ്രീലങ്കയെ മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ല,’ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് ദിസനായകെ നല്‍കിയ പ്രതികരണമായിരുന്നു ഇത്.

ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നുവെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ദിസനായകെ തന്റെ വിദേശനയം വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് മുതല്‍ ദിസനായകെ കടന്നുപോകാന്‍ ഇടയുള്ള വഴികളെല്ലാം ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അഴിമതിവിരുദ്ധ നിലപാടുകളോടെ ജനങ്ങളുടെ ഇടതുനെഞ്ചില്‍ ഇടംപിടിച്ച ദിസനായകെയുടെ ചുമലില്‍ ശ്രീലങ്കയെ സാമ്പത്തികമായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ തനിക്ക് വോട്ട് രേഖപ്പെടുത്തിയ ശ്രീലങ്കന്‍ ജനതയ്ക്കും പിന്തുണ നല്‍കിയവര്‍ക്കും ദിസനായകെ നന്ദി അറിയിക്കുകയുണ്ടായി.

‘നൂറ്റാണ്ടുകളായി നാം വളര്‍ത്തിയെടുത്ത സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഈ നേട്ടം ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമല്ല, മറിച്ച് ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. നിങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളെ ഇത്രയും ദൂരം എത്തിച്ചത്. അതിന് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്.

ഈ വിജയം നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഈ ലക്ഷ്യത്തിനായി വിയര്‍പ്പും കണ്ണീരും സ്വന്തം ജീവിതം പോലും ബലിയര്‍പ്പിച്ച നിരവധി പേരുടെ പ്രതീക്ഷകളുടെയും പോരാട്ടങ്ങളുടെയും ചെങ്കോല്‍ ഞങ്ങള്‍ പിടിക്കുന്നു. പ്രതീക്ഷകള്‍ നിറഞ്ഞ ദശലക്ഷക്കണക്കിന് കണ്ണുകളാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.

ശ്രീലങ്കന്‍ ചരിത്രം തിരുത്തിയെഴുതാന്‍ ഞങ്ങള്‍ തയ്യാറാണ്. ഒരു പുതിയ തുടക്കത്തിലൂടെ മാത്രമേ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയൂ. സിംഹളരും തമിഴരും മുസ്ലിങ്ങളും ഉള്‍പ്പെടുന്ന എല്ലാ ശ്രീലങ്കക്കാരുടെയും ഐക്യമാണ് ഈ പുതിയ തുടക്കത്തിന്റെ അടിത്തറ. നമുക്ക് കൈകോര്‍ക്കാം, ഒരുമിച്ച് ഈ ഭാവിയെ രൂപപ്പെടുത്താം,’ എന്നായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ ദിസനായകെ നടത്തിയ ആദ്യ പ്രതികരണം.

ശ്രീലങ്കയെ പട്ടിണിയിലേക്കും ദാരിദ്യത്തിലേക്കും തള്ളിയിട്ട വലതുപക്ഷ നയങ്ങളെ അറുതിവരുത്തുമെന്ന് ഉറപ്പ് നല്‍കിയ ദിസനായകെ അദ്ദേഹത്തിന്റെ ആദ്യഘട്ടം ഗംഭീരമാക്കി. എന്നാല്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കാന്‍ ദിസനായകെ എന്ന മാര്‍ക്‌സിസ്റ്റ് ജനനായകന് കഴിയട്ടെ. ദിസനായകെയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ദക്ഷിണേന്ത്യക്കും ഇന്ത്യക്കും ഒരുപോലെ ഗുണപ്രദമാകുമെന്ന് കരുതാം.

Content Highlight: Anura Kumara Dissanayake was the first Marxist President of Sri Lanka