മലയാളത്തിലെയും തെലുങ്കിലെയും തമിഴിലെയും അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
മാരി സെല്‍വരാജിന്റെ വരാന്‍ പോകുന്ന ബൈസണ്‍ എന്ന സിനിമയില്‍ അനുപമ പരമേശ്വരനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്രുവ് വിക്രമാണ് സിനിമയില്‍ നായകനായെത്തുന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ചും മാരി സെല്‍വരാജിനെ കുറിച്ചും സംസാരിക്കുകയാണ് അനുപമ.
വളരെ രസകരമായ ഒരു ജേര്‍ണിയാണ് ബൈസണ്‍ തനിക്ക് സമ്മാനിച്ചതെന്നും ഈ ചിത്രത്തിന് മുമ്പ് മാരി സെല്‍വരാജ് തന്നെ പരിയേറും പെരമാളും എന്ന ചിത്രത്തില്‍ വിളിച്ചിരുന്നുവെന്നും തനിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും നടി പറയുന്നു. മാരി സെല്‍വരാജ് തന്നെ രണ്ട് പ്രാവശ്യം വിളിച്ചപ്പോഴും തനിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും വീണ്ടും ബൈസണിലേക്ക് വിളിച്ചപ്പോള്‍ ഏറെ സന്തോഷമായെന്നും അനുപമ പറയുന്നു.
വളരെ വ്യത്യസ്തമായൊരു ജേര്‍ണിയായിരിക്കും മാരി സെല്‍വരാജിന്റെ ഒപ്പമുള്ളതെന്നും അദ്ദേഹം കുറച്ച് സ്ട്രിക്റ്റ് ആയിരിക്കുമെന്ന് പലരും പറഞ്ഞ് അറിയാമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറില്‍ സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരന്‍.
‘ബൈസണ്‍ ഒരു വളരെ ഇന്‍ഡ്രസ്റ്റിങ്ങായിട്ടുള്ള ജേര്‍ണിയായിരുന്നു. ഈ സിനിമക്ക് മുമ്പും മാരി സാര്‍ എന്നെ ഒന്ന് രണ്ട് സിനിമകളില്‍ വിളിച്ചിരുന്നു. അതില്‍ ഒന്ന് പരിയേറും പെരുമാളും ആയിരുന്നു. അങ്ങനെ ഒരു നല്ല സിനിമ ചെയ്യാന്‍ പറ്റിയില്ല. പിന്നെ അതുകഴിഞ്ഞ് എന്നെ വേറെ ഒരു സിനിമയിലേക്കും ഒരു കഥാപാത്രത്തിനായി വിളിച്ചിരുന്നു. അതും ചെയ്യാന്‍ പറ്റിയില്ല. അവസാനം വീണ്ടും എന്നെ വിളിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. കാരണം രണ്ട് പ്രാവശ്യം ഞാന്‍ ചെയ്തില്ല.
എല്ലാവരും പറഞ്ഞിരുന്നു മാരി സാറിന്റെ കൂടെ വളരെ ഡിഫറന്റ് ആയിട്ടൊരു ജേര്‍ണി ആയിരിക്കും എന്ന്. നല്ല സ്ട്രിക്റ്റായിരിക്കും അങ്ങനെയൊക്കെ പറഞ്ഞിരുന്നു. നന്നായി പേടിച്ചാണ് ആദ്യത്തെ ദിവസമൊക്കെ സെറ്റിലേക്ക് പോയത്. പിന്നീട് എങ്ങനെയാണ് അവിടുത്തെ പരിപാടികളെന്ന് മനസിലായി,’ അനുപമ പരമേശ്വരന്‍ പറയുന്നു.
Content Highlight: Anupama Parameswaran about Mari selvaraj