| Thursday, 10th April 2025, 6:48 am

പാര്‍വതി, വിജയ് സേതുപതി, ആലിയ, ദീപിക, രണ്‍വീര്‍... ഇവരെയൊന്നും ഇനി റൗണ്ട് ടേബിളില്‍ കൊണ്ടുവരാനാകില്ല: അനുപമ ചോപ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും ചലച്ചിത്ര നിരൂപകയുമാണ് അനുപമ ചോപ്ര. ഫിലിം കമ്പാനിയന്റെ സ്ഥാപകയും എഡിറ്ററുമായിരുന്നു അവര്‍.

എന്‍.ഡി.ടി.വി, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയില്‍ ചലച്ചിത്ര നിരൂപകയായിരുന്നു അനുപമ. നിലവില്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ വര്‍ക്ക് ചെയ്യുകയാണ് അനുപമ ചോപ്ര.

ഫിലിം കമ്പാനിയനില്‍ മുമ്പ് അനുപമ ചോപ്ര നടത്തിയിരുന്ന റൗണ്ട് ടേബിളുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയായിരുന്നു. സിനിമയില്‍ നിന്നുള്ള ഒരു കൂട്ടം ആളുകളെ ഒരുമിച്ച് കൊണ്ടുവന്നായിരുന്നു ഈ റൗണ്ട് ടേബിള്‍ ഇന്റര്‍വ്യൂകള്‍ നടത്തിയിരുന്നത്.

ഇപ്പോള്‍ റൗണ്ട് ടേബിള്‍ ഇന്റര്‍വ്യൂസ് ചെയ്യുന്നത് എങ്ങനെയാണ് സിനിമാ ഇന്‍ഡസ്ട്രിക്ക് ഗുണകരമാകുന്നതെന്ന് പറയുകയാണ് അനുപമ ചോപ്ര. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഇന്‍ഡസ്ട്രിയിലുള്ള ആളുകളെ ഒരുമിച്ച് ഒരു മുറിയില്‍ കൊണ്ടുവരിക എന്നത് പ്രധാനമാണ്. പലര്‍ക്കും തിരക്കായിരിക്കും. പരസ്പരം സംസാരിക്കാന്‍ സമയമുണ്ടാകില്ല. പലപ്പോഴും റൗണ്ട് ടേബിളിന് വേണ്ടി വിളിക്കുമ്പോള്‍ വേറെ ആരെല്ലാമാണ് ഉള്ളത് എന്നാണ് പലരുടെയും ചോദ്യം. പക്ഷെ സത്യത്തില്‍ അത് അവരെ ബാധിക്കുന്ന വിഷയമേയല്ല.

ഓരോരുത്തരെയും വിളിക്കുന്നത് അവര്‍ ചെയ്ത വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. കൂടെ വന്നിരിക്കുന്ന ആളുടെ സ്റ്റാറ്റസ് അയാളുടെ മുകളിലാണോ അതോ താഴെയാണോ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല.

റൗണ്ട് ടേബിളുകള്‍ സിനിമയെയാണ് സെലിബ്രേറ്റ് ചെയ്യുന്നത്, അയാളുടെ വര്‍ക്കിനെയാണ് സെലിബ്രേറ്റ് ചെയ്യുന്നത്. തീര്‍ച്ചയായും റൗണ്ട് ടേബിള്‍ എന്നത്, അത് ആ സമയത്തിന്റെയും ആ വര്‍ഷത്തിന്റെയും പ്രതിഫലനം കൂടിയാണ്.

ഓരോ വര്‍ഷവും ആ വര്‍ഷത്തെ മികച്ചത് നമ്മള്‍ പ്രേക്ഷകരെ കാണിക്കുകയാണ്. ആരാണ് ഈ വര്‍ഷത്തെ മികച്ച ആളുകള്‍, മികച്ച വര്‍ക്കുകള്‍, മികച്ച പെര്‍ഫോമന്‍സുകള്‍ എന്നാണ് കാണിക്കുന്നത്.

റൗണ്ട് ടേബിളുകള്‍ നടത്തുന്നത് ഓരോ വര്‍ഷം തോറും ബുദ്ധിമുട്ടേറി വരികയാണ്. കൊവിഡിന് മുമ്പ് ഞങ്ങള്‍ 2019ല്‍ ഒരു റൗണ്ട് ടേബിള്‍ നടത്തിയിരുന്നു. ഏറ്റവും ഗംഭീരമായ പാനലായിരുന്നു അന്ന് നമുക്ക് ലഭിച്ചത്.

ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, വിജയ് ദേവരക്കൊണ്ട, മനോജ് വാജ്‌പേയി തുടങ്ങിയവരായിരുന്നു പാനലില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇന്ന് അതുപോലെയൊന്ന് നമുക്ക് ചെയ്യാന്‍ പറ്റില്ല. ആ ആര്‍ട്ടിസ്റ്റുകളെ ഇന്ന് നമുക്ക് ഒരുമിച്ച് കൊണ്ടുവരാന്‍ സാധിക്കില്ല. കാരണം എല്ലാവരുടെയും ഷെഡ്യൂളുകള്‍ മാറി. പലര്‍ക്കും ഇന്ന് പങ്കെടുക്കാന്‍ താത്പര്യമില്ല.

അങ്ങനെ താത്പര്യപ്പെടാത്തതിന്റെ കാരണം എനിക്ക് അറിയില്ല. ഇന്‍ഡസ്ട്രിക്ക് വേണ്ടി ഞാന്‍ പലരെയും നിര്‍ബന്ധിക്കാറുണ്ട്. വരും കാലത്തേക്ക് ആര്‍ക്കൈവ് ചെയ്തുവെക്കാന്‍ ഈ റൗണ്ട് ടേബിളുകള്‍ ആവശ്യമല്ലേ,’ അനുപമ ചോപ്ര പറയുന്നു.


Content Highlight: Anupama Chopra Talks About Round Table Interviews

We use cookies to give you the best possible experience. Learn more