ലാത്‌വിയയുടെ തലസ്ഥാനമായ റീഗയില്‍ നിന്ന് എസ്റ്റോണിയയിലെ ടാര്‍ടു എന്ന പട്ടണത്തിലേയ്ക്ക് പോകാനുള്ള അടുത്ത ദിവസത്തെ ബസ് ടിക്കെറ്റെടുക്കുന്ന ക്യൂവില്‍, കൗണ്ടറില്‍ ആളില്ലാത്തത് കൊണ്ടുള്ള നേരിയ അമര്‍ഷം പങ്കിട്ടാണ് നറ്റാലിയയെ ഞാന്‍ പരിചയപ്പെട്ടത്. മുപ്പതിനടുപ്പിച്ച് വയസുള്ള, ലണ്ടനില്‍ ഗവേഷണം ചെയ്യുന്ന, സ്വര്‍ണ്ണ മുടിയുള്ള, വളരെ ചുറുചുറുക്കോടെ വര്‍ത്തമാനം പറയുന്ന നറ്റാലിയ. ഞാന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേയ്ക്ക് പോകുന്ന ബസിലാണ് പോകുന്നത് എന്ന് പറഞ്ഞപ്പോള്‍ അവരും പോകുന്നത് അതില്‍ തന്നെ; സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് വരെ.
ടിക്കെറ്റെടുത്ത് കഴിഞ്ഞപ്പോഴേയ്ക്ക് ഒന്നിച്ച് കാപ്പി കുടിക്കാമെന്നായി. ഗവേഷണ-ഭക്ഷണ താത്പര്യങ്ങളെ പറ്റി പറഞ്ഞ് പറഞ്ഞ് അതിന് ശേഷം ഞാന്‍ പോകാനിരുന്ന യൂര്‍മല ബീച്ചിലേയ്ക്ക് കൂടെ കൂടിക്കളയാം എന്ന് അവര്‍ക്ക് തോന്നി. യൂര്‍മല ബീച്ചിനേക്കാള്‍ ഉപരി അവിടുത്തെ പൊതുവേ ആളൊഴിഞ്ഞ റെയില്‍വേസ്റ്റേഷനാണ് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. മണ്ണുകൊണ്ടുള്ള പ്ലാറ്റ്‌ഫോം ഉളള, എനിക്കിതുവരെ പരിചയമില്ലാത്ത ഒരു തരം ഗ്രാമഭംഗിയുള്ള, രണ്ടുവരി പാളമുള്ള സ്റ്റേഷന്‍. ഒരു തര്‍കോവ്‌സ്‌കി സിനിമയ്ക്ക് വേണ്ട രൂപചാരുതയുള്ള സോവിയറ്റുകാലത്തെ ഈ സ്റ്റേഷന്‍ റീഗയിലേയ്ക്കുള്ള എല്ലായാത്രകളിലും ഇടമുറിയാതെ എന്നെ പ്രലോഭിപ്പിച്ചിട്ടുണ്ട്.
ഒരു പഴഞ്ചന്‍ ലോക്കല്‍ ട്രെയിനില്‍ യൂര്‍മലയിലേയ്ക്ക് പോകുമ്പോഴാണ് നറ്റാലിയ അവരുടെ യാത്രയെ പറ്റി പറഞ്ഞത്.

മോസ്‌കോയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ തീര്‍ത്തും ഉള്‍ഗ്രാമത്തില്‍ ജീവിക്കുന്ന മുത്തശ്ശിയുടെ അടുത്തേയ്ക്കാണ് നറ്റാലിയയുടെ യാത്ര. ചെറുപ്പത്തില്‍ മഞ്ഞുകാലത്ത് മുത്തശ്ശിയോടൊപ്പം ആ ഗ്രാമത്തില്‍ പോയിട്ടുണ്ടെങ്കിലും പൊതുവേ വേനല്‍കാലത്താണ് അവിടെ പോകാറ്. ഇത്തവണത്തെ യാത്രയ്ക്ക് മഞ്ഞുകാലത്തെ യാത്ര എന്നതില്‍ കവിഞ്ഞ വല്ലാത്തൊരു പ്രാധാന്യവുമുണ്ട്. ഇനിയൊരു മഞ്ഞുകാലത്തും അവിടെ പോകാനാവില്ല. കാരണം അടുത്ത വേനല്‍കാലത്തോടെ ആ ഗ്രാമം ഇല്ലാതാകും. ജനസംഖ്യവല്ലാതെ കുറഞ്ഞതിനാല്‍ ഇപ്പോഴുള്ള 27 കുടംബങ്ങളെ സര്‍ക്കാര്‍ അറുപത് കിലോമീറ്റര്‍ അകലെയുള്ള ആയിരത്തോളം കുടുംബങ്ങളുള്ള മറ്റൊരു ഗ്രാമത്തിലേയ്ക്ക് പുനരധിവസിപ്പിക്കുകയാണ്.
വീടുകളും പൊതുഇടങ്ങളുമൊക്കെ ഇല്ലാതാകുന്നതിന് മുമ്പ് ഒരിക്കലെങ്കിലും അവിടെപോയി മുത്തശ്ശിയോടൊപ്പം പത്തു ദിവസങ്ങള്‍ ചെലവഴിക്കുക, കുട്ടിക്കാലത്തെ പോലെ അടുപ്പില്‍ വിറകുകത്തിച്ച് വെള്ളം ചൂടാക്കി കുളിക്കുക, നല്ല ചൂടുവെള്ളം ദേഹത്ത് നിന്ന് ഊര്‍ന്ന് പോകുന്നതിന് മുമ്പ് പുറത്തുള്ള തോട്ടില്‍ മഞ്ഞിന്റെ പാളികള്‍ തുരന്ന് കുറേ ആഴത്തില്‍ ഇപ്പോഴും കട്ടിയാകാത്ത, പക്ഷേ ശരീരത്തെ മരവിപ്പിക്കാന്‍ ത്രാണിയുള്ള വെള്ളത്തില്‍ മുങ്ങിക്കയറുക, ചെറിയ എന്‍ജിന്‍ ഘടിപ്പിച്ച ഒരു കാബിന്‍ മാത്രമുള്ള മോട്ടോറൈസ്ഡ് റെയില്‍ കാറില്‍ കയറി അടുത്ത ഗ്രാമത്തില്‍ പോവുക- ഇങ്ങനെപോയി നറ്റാലിയയുടെ അടുത്ത ദിവസത്തെ പരിപാടികള്‍.
എഴുപത്താറുകാരിയായ മുത്തശ്ശി അത്ര സന്തോഷത്തിലല്ല അധികാരികളുടെ ഈ തീരുമാനത്തെ പറ്റി. ശരിയാണ്, ആയിരക്കണക്കിന് കുടുംബങ്ങള്‍ ജീവിച്ചിരുന്ന ഈ ഗ്രാമത്തില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്ന, പ്രായമായ കുറച്ചു പെന്‍ഷന്‍കാരേ ജീവിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം പോലും ആഴ്ചയില്‍ ഒരു തവണ വന്നിരുന്ന സഞ്ചരിക്കുന്ന പലചരക്ക് സ്റ്റേഷനറി കട ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലേ വരുന്നുള്ളൂ. ഫ്രോസണ്‍ മീനിനും സിഗരറ്റിനും വോഡ്കയ്ക്കും ചായപ്പൊടിക്കുമൊക്കെ അതിന്റെ വരവ് കാത്തിരിക്കണം. പെന്‍ഷന്‍ വാങ്ങാനും കത്തുകള്‍ അയയ്ക്കാനും റെയില്‍ കാറില്‍ മുപ്പത് കിലോമീറ്റര്‍ പോകണം. വൈദ്യുതി എപ്പോഴുമില്ല, വീട്ടിനുള്ളില്‍ റാന്തല്‍ വിളക്കാണ് പ്രധാന ആശ്രയം.

മഞ്ഞു കാലത്തിന് മുമ്പ് സ്വരൂപിച്ച മരക്കഷണങ്ങള്‍ തീയിട്ടാണ് വീടിനുള്ളില്‍ ചൂടുനിലനിര്‍ത്തുന്നത്. കൈക്കോടാലി കൊണ്ട് മഞ്ഞുകഷണങ്ങള്‍ പൊട്ടിച്ചെടുത്ത് തിളപ്പിച്ചെടുത്താലേ കുടിക്കാനും കുളിക്കാനുമുള്ള വെള്ളമുള്ളൂ. റ്റെലിഫോണും ഇന്റര്‍നെറ്റും അടുത്തെങ്ങുമെത്തിയിട്ടില്ല. പഴയ ഏതോ മീറ്റര്‍ ഗേജ് പാതയെ ഓര്‍മ്മിപ്പിച്ച ഒരു റെയില്‍ പാളവും ഒറ്റയടിപ്പാതപോലുള്ള ഒരു ഗ്രാമീണ റോഡും പിന്നെ നറ്റാലിയയേപ്പോലെ ലോകമെമ്പാടും ജീവിക്കുന്ന ചെറുമക്കളും മാത്രമേ വോലോഗ്ദ എന്ന ഈ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നുള്ളൂ. തനിച്ച് മറ്റൊരു ഗ്രാമത്തില്‍ വീണ്ടും ജീവിതം കെട്ടിപ്പെടുക്കുന്നതിന്റെ ആശങ്കയും ജീവിതകാലം മുഴുവന്‍ ജീവിച്ച ഈ മണ്ണിനോടുള്ള വല്ലാത്തൊരു അഭിനിവേശവും കാരണം ഇവിടം വിട്ടു പോകാന്‍ മുത്തശ്ശിക്ക് താത്പര്യകുറവാണ്. പക്ഷേ ഇപ്പോള്‍ യുക്തിയും പ്രായോഗികതയും അവരുടെ താത്പര്യങ്ങളെ മരവിപ്പിക്കാന്‍ പോന്നതാണ്.
യൂര്‍മല ബീച്ചിനടുത്ത പ്രൊമനേഡില്‍ മരം കൊണ്ട് തീര്‍ത്ത ഭക്ഷണശാലയിലിരുന്ന് വാല്‍മ്യര്‍മ്യോസാസ് എന്ന, 14-ാം നൂറ്റാണ്ടു മുതല്‍ വാല്‍മെരെ പ്രഭുക്കന്മാര്‍ വാറ്റിയെടുക്കുന്ന ലാഗര്‍ ബിയര്‍ കുടിക്കുമ്പോള്‍ മുത്തശ്ശിയെപ്പറ്റി നറ്റാലിയ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. തണുത്ത ലാത്‌വിയന്‍ ബീറ്റ്‌റൂട്ട് സൂപ്പ് അവരെ മുത്തശ്ശിയുടെ ബോര്‍ഷ് സൂപ്പിനെ ഓര്‍മ്മിപ്പിച്ചു. വാല്‍മ്യര്‍മ്യോസോസിന്റെ ആംബര്‍ ലാഗര്‍ പല ലിറ്ററുകള്‍ അകത്താക്കികഴീഞ്ഞ ശേഷവും, മണിക്കൂറുകളോളം കഥകള്‍ കേട്ടതിന് ശേഷവും, മുത്തശ്ശിയെ പറ്റിയും അവരുടെ ഗ്രാമത്തെ പറ്റിയുമുള്ള എന്റെ താത്പര്യം കുറയാതിരിക്കുന്നത് നറ്റാലിയയെ അത്ഭുതപ്പെടുത്തി. അവരോടൊപ്പം മുത്തശ്ശിയുടെ അടുത്തേയ്ക്ക് വരുന്നോ എന്ന ചോദ്യം പക്ഷേ എന്നെ ശരിക്കും അമ്പരിപ്പിച്ചു കളഞ്ഞു.
“”ചെറിയൊരു കുഴപ്പമേയുള്ള, മുത്തശ്ശി അല്പം പഴഞ്ചനാണ്-താങ്കള്‍ എന്റെ ബോയ്ഫ്രണ്ടാണ് എന്നു പറയേണ്ടി വരും”. തനിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശത്തിനും വേണ്ടി പോരടിക്കുന്ന നറ്റാലിയ മുത്തശ്ശിയുടെ മുമ്പില്‍ സമരങ്ങളൊക്കെ മാറ്റിവച്ച് വേറൊരു ചരിത്ര ഘട്ടത്തിലെ ജീവിയോടുള്ള സഹാനുഭൂതിയോടെ, പേരക്കുട്ടിയുടെ കളിതമാശകള്‍ ഒക്കെയായി കൂടാനാണു പോവുന്നത്. അതിനിടെയുള്ള “പഴഞ്ചത്തരം” എനിക്ക് രസകരമായി തോന്നി. ഒറ്റയ്ക്ക് ജീവിക്കും എന്ന നിലപാടു മാറ്റി, ബോയ്ഫ്രണ്ടുമായി നറ്റാലിയ വന്നാല്‍ സന്തോഷവതിയാവുന്ന മുത്തശ്ശി.

അപ്രതീക്ഷിതമായ അവരുടെ ചോദ്യം എന്നെ വല്ലാതെ കുഴക്കി. ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത വല്ലാത്തൊരു അവസരമാണ്. ലോകത്ത് പലയിടങ്ങളിലും, ഗ്രാമങ്ങളും പട്ടണങ്ങളും ആളൊഴിഞ്ഞ് ഇല്ലാതാവുകയും പ്രേതസ്ഥലങ്ങളായി മാറുകയും ചെയ്യുന്നുണ്ട്. അതിന് മുമ്പ് അങ്ങനെയൊരിടത്ത് എത്താന്‍ കഴിയുക, ആ സ്ഥലത്തിന്റെ അവസാന ദിനങ്ങളെ നേരില്‍ അനുഭവിച്ച് മനസിലാക്കാന്‍ കഴിയുക, പ്രത്യേകിച്ചും റഷ്യപോലുള്ള അസാധാരണമായ കാലാവസ്ഥയും സാമൂഹ്യഘടനയുമുള്ള ഒരു സ്ഥലത്ത്. ഇനിയൊരിക്കലും നിലനില്‍ക്കാത്ത ആ ഗ്രാമത്തിലേയ്ക്ക് പോകാനുള്ള പ്രലോഭനം ഒരു വശത്ത്, അടുത്ത ദിവസങ്ങളില്‍ നടത്തേണ്ട കോണ്‍ഫറന്‍സ് പ്രഭാഷണവും ഔദ്യോഗിക കര്‍ത്തവ്യങ്ങളും മറുവശത്ത്- ആംബര്‍ ഏയ്‌ലുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
അവിടെ പോകാന്‍ കഴിയാതിരിക്കുമ്പോഴും നറ്റാലിയയെ കണ്ടുമുട്ടിയതും അവരുടെ കഥകള്‍ മണിക്കൂറുകളോളം കേള്‍ക്കാന്‍ കഴിഞ്ഞതും എന്നെ സന്തോഷിപ്പിച്ചു. പിറ്റെ ദിവസം രാവിലെ യാത്രയ്ക്ക് മുമ്പ് ലാത്‌വിയന്‍ അധിനിവേശത്തിന്റെ മ്യൂസിയം ഒന്നിച്ചു കാണുമ്പോള്‍ ലാത്‌വിയയ്ക്ക് മേല്‍ നാത്‌സി ജര്‍മ്മനിയുടേയും സോവിയറ്റ് യൂണിയന്റേയും അധിനിവേശത്തെ പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന ഗൈഡ് ചെറുതായൊന്ന് നിര്‍ത്തിയപ്പോള്‍ നറ്റാലിയ എന്റെ ചെവിയില്‍ മന്ത്രിച്ചു: ഉള്‍നാടുകളുടെ, ഗ്രാമങ്ങളുടെ, അധിനിവേശങ്ങളുടെ കഥ എന്നാണ് മ്യൂസിയങ്ങളില്‍ വരിക.
അഞ്ചാറുമണിക്കൂര്‍ നീണ്ട യാത്രയില്‍ അവര്‍ അധികം സംസാരിച്ചില്ല. തീര്‍ത്തും അസംഭവ്യമെങ്കിലും മുത്തശ്ശിയുടെ ഗ്രാമത്തിലേയ്ക്ക് പോവാന്‍ ഞാന്‍ കൂടെ കൂടുമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചിരുന്ന പോലെ തോന്നി. വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകളെപോലെ ബ്രൗണ്‍ലതറില്‍ പൊതിഞ്ഞ, വളരെ സുഖകരമായ സീറ്റ് പലതവണ അവര്‍ ക്രമീകരിച്ചു. കോച്ച് സ്റ്റുവാര്‍ഡ് ഇടയ്ക്കിടെ കൊണ്ടുവന്ന ചായയും സ്‌നാക്‌സും പല തവണ അകത്താക്കി, ബസിലെ വൈഫൈയില്‍ ബന്ധിപ്പിച്ച ഐപാഡില്‍ റഷ്യന്‍ ഗ്രാമങ്ങളുടെയും മുത്തശ്ശിയുടേയും ചിത്രങ്ങള്‍ എന്നെ കാണിച്ച് ഇതാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.
രണ്ട് മൂന്ന് അടി ഉയരത്തില്‍ വീണു കിടക്കുന്ന മഞ്ഞു വകഞ്ഞു മാറ്റി ബസുകള്‍ക്കും യാത്രക്കാര്‍ക്കും അനായാസം കയറിയിറങ്ങാവുന്ന തരത്തില്‍ ക്രമീകരിച്ചിരുന്ന ടാര്‍ടു ബസ്‌സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ ഇറങ്ങി വന്ന് ഒരു സിഗരറ്റ് വലിച്ച് ആശ്ലേഷിച്ച് നറ്റാലിയ എന്നെ യാത്രയാക്കി.

വടക്കന്‍ ജര്‍മ്മനിയിലെ ലൂബെക്കില്‍ തുടങ്ങി മദ്ധ്യകാലഘട്ടത്തില്‍ ബാള്‍ട്ടിക്, വടക്കന്‍ യൂറോപ്പ്, മദ്ധ്യയൂറോപ്പ്, എന്നിവിടങ്ങളിലെ കടലിലേയ്ക്കും കരയിലേയ്ക്കും കച്ചവടം പ്രധാനമായും കൈയ്യാളിയിരുന്ന ഹന്‍സിയാറ്റിക് ലീഗ് എന്ന കച്ചവടസംഘത്തില്‍ പെട്ട നഗരമായിരുന്നു ഇപ്പോള്‍ ഒരു ലക്ഷത്തോളം ജനങ്ങള്‍ ജീവിക്കുന്ന ടാര്‍ടു. 1632-ല്‍ ടാര്‍ടു യൂണിവേഴ്‌സിറ്റി തുടങ്ങിയത് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വല്ലാതെ സ്വാധീനമുള്ള നഗരമാണ്. 1800 കളില്‍ റഷ്യന്‍ സാമ്രാജ്യത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായിരുന്നു ഇത്. ഝാറിസ്റ്റ് റഷ്യക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തില്‍ 19-ാം നൂറ്റാണ്ടില്‍ നായകത്വം വഹിച്ച ടാര്‍ടു കേന്ദ്രമായ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പതാകയാണ് 1920-ല്‍ എസ്റ്റോണിയയുടെ ദേശീയ പതാകയായി തെരഞ്ഞെടുക്കപ്പെട്ടത്.
യൂറോപ്പിലെ മിക്ക സിറ്റിഹാളുകള്‍ക്കും മുമ്പിലും ആ നഗരത്തെ പരിപാലിക്കുന്ന വിശുദ്ധന്മാരുടെയോ പുകള്‍പെറ്റ യോദ്ധാക്കളുടേയോ ചക്രവര്‍ത്തിമാരുടേയോ ഒക്കെ പ്രതിമകളാകും ഉണ്ടാവുക. പതിനേഴാം നൂറ്റാണ്ടു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വല്ലാതെ സ്വാധീനമുള്ള യൂണിവേഴ്‌സിറ്റി ടൗണായ ടാര്‍ടുവിലെ ടൗണ്‍ഹാളിന് മുമ്പില്‍ എന്തു ശില്പമായിരിക്കും ഉചിതമാവുക?
നുരഞ്ഞു പൊന്തുന്ന ജലധാരയില്‍ ഒരു കുടയും ചൂടി, ഓടിവന്ന് കെട്ടിപ്പിടിച്ചതുപോലെ തോന്നിപ്പിക്കുന്ന അംഗവിന്യാസത്തില്‍ പരസ്പരം കണ്ണുകളില്‍ തീഷ്ണമായി നോക്കി ചുണ്ടുകളില്‍ ചുംബിക്കുന്ന പങ്കാളികളുടെ, “ചുംബിക്കുന്ന വിദ്യാര്‍ത്ഥികള്‍” എന്ന ശില്പമാണ് ടൗണ്‍ഹാളിന് മുമ്പില്‍. ജലധാരയില്ലാത്ത മഞ്ഞുകാലത്തും ടാര്‍ടുവിന്റെ സംസ്‌കാരത്തേയും ആത്മാവിനേയും ഉള്‍ക്കൊള്ളുന്ന ഈ ശില്പത്തിന്റെ മുമ്പിലാണ് ടൗണ്‍ഹാളിലെ വിവാഹശേഷം വധൂവരന്മാര്‍ ആദ്യമായി എത്തുക. ഈ ശില്പത്തിന് മുമ്പില്‍ ആദ്യം ചുംബിക്കുക എന്നത് ആധുനികകാലത്തെ ഒരു അന്ധവിശ്വാസം പോലെ പല ചെറുപ്പക്കാരും ആചരിക്കുന്നു.
മൂന്ന് നാല് ദിവത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം, മഞ്ഞില്‍ പുതച്ച, തടിയില്‍ പണിത, ടാര്‍ടു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഞാന്‍ എസ്റ്റോണിയയുടെ തലസ്ഥാനമായ ടാലിന്നിലേയ്ക്ക് ട്രയിന്‍ കയറി. ടാലിന്നിന്റെ പഴയ നഗരഭാഗങ്ങള്‍ നടന്ന് മനസിലാക്കുക, പ്രദേശിക ഭക്ഷണങ്ങള്‍ കഴിക്കുക, ദിവസവും സൗനയില്‍ പോവുക, വിശ്രമിക്കുക എന്നീ ലക്ഷ്യങ്ങളേ അടുത്ത അഞ്ചാറു ദിവസങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ബാള്‍ട്ടിക് കടലിന്റെ അക്കരെ ഹെല്‍സിങ്കിയില്‍ നിന്ന് ഫെറികടന്ന് ടാലിന്നില്‍ വന്നു കണ്ടോളാമെന്നേറ്റ സുഹൃത്ത് സക്കരി ഏതോ പരിപാടികളില്‍ പെട്ടതോടെ തികച്ചും സ്വയം നിര്‍ണ്ണയിക്കാവുന്ന കുറേ ദിവസങ്ങളായി അത് മാറി.

പുതിയൊരു നഗരത്തിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യാറുള്ള കാര്യങ്ങളിലൊന്ന് അവിടെയൊരു വാക്കിംഗ് ടൂറിന് പോവുക എന്നതാണ്. എത്രതന്നെ മുമ്പേ വായിച്ചിരുന്നാലും കഥകള്‍ കേട്ടിരുന്നാലും ലോകല്‍ ഗൈഡുമാര്‍ നടന്നു നഗരത്തെ പരിചയപ്പെടുത്തുമ്പോള്‍ കുറേയധികം കാര്യങ്ങള്‍ നമ്മള്‍ പുതുതായി കേള്‍ക്കും. ചിലതൊക്കെ വായ്‌മൊഴികളാകാം. ചിലതൊക്കെ പൊടിപ്പും തൊങ്ങലും വച്ച അത്യോക്തികള്‍ ആവാം. എന്തായാലും ഒരു നഗരം എങ്ങനെയാണ് യാത്രക്കാര്‍ മനസിലാക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഇവര്‍ കൂടിയാണ്. ആദ്യത്തെ ദിവസം തന്നെ നല്ലൊരു വാക്കിംഗ് ടൂര്‍ നടത്തിയാല്‍ പിന്നെ അതില്‍ എവിടെയെല്ലാമാണ് നമുക്ക് വീണ്ടും പോകാനും വിശദമാക്കി മനസിലാക്കാനും താത്പര്യമുള്ളതെന്ന് വ്യക്തമാകും.
ബാള്‍ട്ടിക് രാജ്യങ്ങളിലെ പല സ്ഥലങ്ങളേയും പോലെ റഷ്യന്‍, ജര്‍മ്മന്‍, ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വല്ലാത്ത സ്വാധീനമാണ് ടാലിന്നിലും. നൂറ്റാണ്ടുകളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്കും അധീശ്വത്വങ്ങള്‍ക്കും ഇടയില്‍ തനത് ഭക്ഷണം തനത് സംസ്‌കാരം എന്നൊക്കെ പറയുന്നത് വെറുമൊരു ഭാവനാസൃഷ്ടിയാണ്. “അടുക്കളയില്‍ എന്തു പാചകം ചെയ്യണമെന്ന് തീരുമാനിക്കപ്പെടുന്നത് അടുക്കളയിലല്ല” എന്ന് സ്റ്റാന്‍ഫോര്‍ഡിലെ ധനതത്വശാസ്ത്രജ്ഞന്‍ പോള്‍ ബാരന്‍ പറഞ്ഞത് ഞാനോര്‍ത്തു. ചരിത്രവും രാഷ്ട്രീയവും സാമ്പത്തിക ശക്തികളും ഒക്കെ കൂടിയാണ് ഒരോ “തനത്” വിഭവങ്ങളും പാകം ചെയ്യുന്നത്.
ഉരുളക്കിഴങ്ങും ഓട്‌സും ബേക്കണും ഉപ്പിലിട്ട വെള്ളരിക്കയും ഒക്കെയായി പ്രത്യക്ഷപ്പെട്ട മുല്‍ഗിപുതര്‍ ആണ് തനത് എസ്റ്റോണിയന്‍ എന്ന് പറയപ്പെട്ട ഒരു വിഭവം. അതിനും ഹെറിംഗ് സാലഡിനുമൊക്കെ ബാള്‍ട്ടിക് കടലിനപ്പുറത്തെ വടക്കന്‍ ജര്‍മ്മനിയിലെ ചില വിഭവങ്ങളോട് വല്ലാത്ത സാമ്യമുണ്ട്. അതുപോലെ പെല്‍മെനി. കൊഴുക്കട്ടയേക്കാള്‍ ചെറുതായ നേപ്പാളികളുടെ മോമോ പോലെയോ പോളണ്ടിലെ പെറോഗി പോലെയോ ഉള്ള ഡബ്ലിംഗുകളാണ് പെല്‍മെനി. പുളിക്കാത്ത മാവുകൊണ്ടുള്ള ആവരണത്തിനുള്ളില്‍ ചെറുതായി നുറിക്കിയ മാംസമോ മീനോ നിറച്ച് പുഴുങ്ങിയോ വറുത്തോ ആണ് അതുണ്ടാക്കുക. സവര്‍ ക്രീമിനോടൊപ്പം അല്ലെങ്കില്‍ ഏതെങ്കിലും സൂപ്പിനോടൊപ്പമാണ് ഞാനിതുവരെ ഇത് കഴിച്ചിട്ടുള്ളത്. മദ്ധ്യയുറോപ്പും റഷ്യയുടെ പല ഭാഗങ്ങളിലും മുതല്‍ ചൈന വരെ കാണാം ഇതിന്റെ വകഭേദങ്ങള്‍. അതുപോലെ തന്നെ “കലി” എന്ന പാനീയം. റൈ ബ്രെഡില്‍ നിന്നും വാറ്റിയെടുത്ത വളരെ നേരിയ ലഹരിയുള്ള റഷ്യയിലെ ക്വാസ്സിനോട് തീര്‍ത്തും സമാനമാണ് കലി.
തണുപ്പുകാലത്തെ വടക്കന്‍ യൂറോപ്പില്‍ ഒഴിച്ചു കൂടാത്ത ഒരു അനുഭവമാണ് നീരാവിയില്‍ വിയര്‍പ്പിച്ചു മഞ്ഞില്‍ ഉടന്‍ തന്നെ തണുപ്പിക്കുന്ന സൗന. ആയുര്‍വേദത്തില്‍ സ്വേദനം എന്നു പറയുന്നത് പോലെയുള്ള ഒരു ഏര്‍പ്പാട്. തടിയില്‍ നിര്‍മ്മിച്ച ഇടുങ്ങിയ മുറിയുടെ നടുവില്‍ ചുട്ടു പഴുത്ത കല്‍കഷണങ്ങളില്‍ ബിര്‍ച്ച് മരത്തിന്റെ ചില്ലകള്‍ കൊണ്ട് വെള്ളം തെറുപ്പിച്ച് നീരാവിയാക്കി, 80 മുതല്‍ 110 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടിയില്‍, പൂര്‍ണ്ണനഗ്നരായി, ലിംഗഭേദമെന്യേ ബഞ്ചുകളിലിരിക്കുകയും ചൂട് തീര്‍ത്തും താങ്ങാനാവാതെ വരുമ്പോള്‍ പുറത്തെ തണുത്തുറയാറായ വെള്ളത്തില്‍ മുങ്ങുകയും ആ തണുപ്പ് ശരീരത്തില്‍ പടരുമ്പോള്‍ വീണ്ടും സൗനയ്ക്കുള്ളിലേയ്ക്ക് തിരികെ വരികയെന്നതുമാണ് അതിന്റെ സാധാരണ രീതി.

ഹോട്ടലുകളിലും ഓഫീസിലുമൊക്കെ അത് പരിഷ്‌കരിച്ച് ഇലക്ട്രിക് സ്റ്റൗകളും സ്വിമ്മിങ് പൂളുകളും ഷവര്‍ കുബിക്കിളുമൊക്കെയായാണ് സൗനകളുടെ അല്പം മായം ചേര്‍ന്ന ആധുനിക അവതാരം. ദിവസവും രാവിലെ രണ്ടു രണ്ടരമണിക്കൂര്‍ സൗനയും സ്വിമ്മിങ് പൂളും അതിന് ശേഷം ലഘുഭക്ഷണവും കഴിഞ്ഞ് കോട്ടയ്ക്കുള്ളിലെ പഴയ പട്ടണത്തില്‍ ഒരോരോ സ്ഥലങ്ങളിലായി മനസിലാക്കുക, മുന്‍പേ ലിസ്റ്റില്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുക, തരാതരം പാന്‍കേക്കുകള്‍ കിട്ടുന്ന, കംപ്രസര്‍ എന്ന റഷ്യന്‍ കഫേയിലിരുന്ന് കഥകള്‍ വായിക്കുക.. ഇങ്ങനെപോയി എന്റെ ആ അഞ്ചാറു ദിവസങ്ങള്‍.
കിഴക്കന്‍ യൂറോപ്പിലോ ബാള്‍ട്ടിങ് പ്രദേശത്തോ ഉള്ള പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളില്‍ സോവിയറ്റ്-റഷ്യന്‍ നേതാക്കളെ പറ്റി നല്ല രീതിയില്‍ എഴുതിക്കാണുന്നത് അപൂര്‍വ്വമാണ്. പ്രദേശിക താത്പര്യങ്ങളേയും സംസ്‌കാരങ്ങളേയും ഉള്‍ക്കൊള്ളാത്ത പലപ്പോഴും അടിച്ചമര്‍ത്തിയ സാമ്രാജ്യതുല്യമായ ഭരണസംവിധാനങ്ങളായിരുന്നു ഇവ എന്നാണ് പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ടാലിന്നിന്റെ പഴയ പട്ടണഭാഗത്ത് ബോറിസ് യെല്‍സിന്റെ രൂപം കൊത്തിവച്ചരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരു രാഷ്ട്രമായി എസ്റ്റോണിയ സമാധാനപരമായി മാറുന്നതിന് യെല്‍സിന്‍ വഹിച്ച പങ്ക് നിസതുലമണത്രേ!
പതിമൂന്നാം നൂറ്റാണ്ടുമുതല്‍ ഏകദേശം ഒരേരൂപത്തില്‍ നിലനില്‍ക്കുന്ന ടൗണ്‍ഹാള്‍ ചതുരത്തിലാണ് യൂറോപ്പിലെ, ഒരു പക്ഷേ ലോകത്തിലെ തന്നെ, ഏറ്റവും പഴക്കമുള്ള ഫാര്‍മസികളിലൊന്ന് സ്ഥിതി ചെയ്യുന്നത്. 1422-ല്‍ ഒരു ജര്‍മ്മന്‍ ഡോക്ടര്‍ തുടങ്ങിയ ഈ ഫാര്‍മസി അന്നുമുതല്‍ ഇന്നു വരെ ഒരേ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. 1580 മുതല്‍ മൂന്ന് നൂറ്റാണ്ടിലധികം ഹംഗേറിയന്‍ ഡോക്ടര്‍മാരുടെ ഒരു കുടംബം നടത്തിയ ഈ സ്ഥാപനം ചില പാരമ്പര്യങ്ങളെ നിലനിര്‍ത്തുന്നതിനോടൊപ്പം ഒരോ കാലത്തിന്റേയും പുതിയ ധാരണകളേയും ഉള്‍ക്കൊണ്ടു. ആരോഗ്യത്തെ പറ്റിയും രോഗങ്ങളെ പറ്റിയുമുള്ള സങ്കല്പങ്ങള്‍ അഭൂതപൂര്‍വ്വമായി മാറി മറിഞ്ഞ കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളില്‍ ഒരോ കാലത്തും അതാതു കാലത്തെ മരുന്നുകളും ആരോഗ്യ സംരക്ഷണ വസ്തുക്കളുമാണിവിടെ വില്‍ക്കപ്പെട്ടിരുന്നത്.
കരിമ്പൂച്ചയുടെ രക്തം, ഉണക്കിയ തേനീച്ചകള്‍, ചെന്നായയുടെ കുടല്‍, മുയലിന്റെ ഹൃദയം- ഇവയൊക്കെ ഒരോ കാലത്തും രോഗനിവാരണത്തിന് നല്‍കിരുന്നത് പോലെ ഇന്നിവിടെ ആസ്പിരിനും കഫ്‌സിറപ്പും ലഭ്യമാണ്. ക്ലാരെറ്റെന്ന, മദ്ധ്യകാല റെസിപ്പിയുപയോഗിച്ച് സംസ്‌കരിക്കുന്ന വൈന്‍ മുതല്‍ പല രഹസ്യകൂട്ടുകളും അവര്‍ ഇപ്പോഴും വില്‍ക്കുന്നുണ്ട്. പഴയ കാലത്തു നിന്നുള്ള മരുന്നുകള്‍ പലതും ഇപ്പോഴും സൂക്ഷിക്കുന്ന, ആരോഗ്യശാസ്ത്രത്തിന്റെ ഈ ജീവിക്കുന്ന മ്യൂസിയത്തില്‍ ഞാന്‍ പല തവണ കയറിയിറങ്ങി.
യാത്രയവസാനം തിരികെ റീഗയിലെത്തി ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഞാന്‍ നറ്റാലിയയെ ഓര്‍ത്തു.
പോകാന്‍ കഴിയാത്ത യാത്രയുടെ കുറിപ്പുകള്‍ എങ്ങനെയാണ് എഴുതേണ്ടത്? മഞ്ഞു മൂടിയ തടിവീടിനുള്ളില്‍ എന്താവും അവരുടെ മുത്തശ്ശിക്ക് അവരോട് പറയാനുണ്ടാവുക. ഈ മഞ്ഞുകാലം തീരാതിരിക്കുകയും അതുകൊണ്ട് ഈ ഗ്രാമം നിലനില്‍ക്കുകയും ഈ വീട്ടില്‍ അന്ത്യകാലം വരെ ജീവിക്കുകയും ചെയ്യും എന്ന ഭ്രാന്തമായ സ്വപ്‌നമായിരിക്കുമോ??
