ലൗറിയയും ആ ശൈത്യകാല മെഡിറ്ററേനിയന്‍ വെയിലും
western wind
ലൗറിയയും ആ ശൈത്യകാല മെഡിറ്ററേനിയന്‍ വെയിലും
ഡോ.അനൂപ് സാം നൈനാന്‍
Sunday, 4th March 2018, 4:52 pm

ക്രിസ്തുമസ് ലഞ്ചിനാണ് ഝിയോ പെപ്പെയെ ഞാന്‍ ആദ്യമായി കണ്ടത്. അലെയുടെ അമ്മയുടെ സഹോദരനാണ് ജുസെപ്പെ എന്ന ഝിയോ പെപ്പെ. 72 വയസുണ്ടെങ്കിലും പത്തുവയസ്സെങ്കിലും കുറച്ചേ തോന്നൂ. കാഴ്ചയിലും ചുറുചുറുക്കിലും. ചെറുതായി പോലും ഉലയാത്ത ഉടുപ്പും നല്ല സ്‌റ്റൈലിലുള്ള ടൈയും കോട്ടും പോളിഷ് ചെയ്തു മിനുക്കിയ കറുത്ത ഷൂസും ഒക്കെയായി ഝിയോ പെപ്പെയെ ആദ്യം കണ്ടപ്പോള്‍ ഞാനൊന്ന് അമ്പരന്നു. താരതമ്യേന മോശമല്ലാതെ വസ്ത്രം ധരിച്ചിരുന്ന ഞാന്‍ “അണ്ടര്‍ ഡ്രൈസ്ഡ്” ആണോ എന്ന് രഹസ്യമായി അലെയോട് ചോദിച്ചു. “വസ്ത്രധാരണത്തില്‍ ഝിയോ പെപ്പെയെ തോല്‍പ്പിക്കാന്‍ നിനക്കാവില്ല”-അലെ നിര്‍ദ്ദാക്ഷിണ്യം എന്നെ അവഗണിച്ചു.

ആന്തി പാസ്തോ എന്ന ഭക്ഷണത്തിന്റെ ആദ്യഭാഗം വിളമ്പുമ്പോഴേയ്ക്ക് ചെറിയ തോതില്‍ ഝിയോ പെപ്പെയും ഞാനും സംസാരിച്ചു തുടങ്ങി. ഇറ്റാലിയനും ഇംഗ്ലീഷും പരസ്പരം വഴങ്ങാത്ത ഞങ്ങള്‍ക്കിടയില്‍ അലെ പതിവ് പോലെ തര്‍ജ്ജിമക്കാരിയായി. ലൗറിയ ഉള്‍പ്പെടുന്ന തെക്കന്‍ ഇറ്റലിയിലെ ബസലിക്കാറ്റ എന്ന പ്രദേശത്തിന്റെ ജനസംഖ്യാകണക്കെടുപ്പുകളുടെ തലവനായിരുന്നു ഝിയോ പെപ്പെ. പതിനെട്ടും പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ നടന്ന ജനസംഖ്യാവ്യതിയാനത്തെ പറ്റിയും അമേരിക്കന്‍ കുടിയേറ്റത്തെ പറ്റിയുമുള്ള എന്റെ ചോദ്യങ്ങള്‍ ഝിയോ പെപ്പെയ്ക്ക് കൗതുകകരമായി തോന്നി.

 

“ഝിയോ പെപ്പെ വെനിസ്വേലയിലാണ് ചെറുപ്പകാലത്ത് വളര്‍ന്നത്”- അലെ പറഞ്ഞു.

1860-കളില്‍ ആധുനിക ഇറ്റലി രൂപപ്പെടുന്ന അതേ കാലത്താണ് അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലേയ്ക്കുള്ള ഇറ്റാലിയന്‍ കുടിയേറ്റം തുടങ്ങിയത്. 1920-കളില്‍ ഫാഷിസം ഇറ്റലിയില്‍ വേരുറപ്പിക്കുന്നത് വരെ അത് തുടര്‍ന്നു. അതിന് ശേഷം രണ്ടാം ലോക മഹായുദ്ധം അവസാനിക്കുമ്പോള്‍ മുതല്‍ പ്രവാസത്തിന്റെ അടുത്ത തരംഗം തുടങ്ങി- 1070 കള്‍ വരെ. ഇക്കാലമത്രെയും ഒന്നരക്കോടി ഇറ്റലിക്കാര്‍ അമേരിക്കകളിലേയ്ക്ക് കുടിയേറി എന്നാണ് ഏകദേശ കണക്ക്. ഈ രണ്ടാമത്തെ പ്രവാസതരംഗത്തിലാണ് മരിയസുന്ദയുടേയും ഝിയോ പെപ്പെയുടേയും അച്ഛനമ്മമാര്‍ കാരക്കാസിലെത്തിയത്. ഝിയ റ്റെറ്റ അവിടെയാണ് ജനിച്ചത്. സ്പാനിഷ് സംഗീതവും കാരക്കാസിലെ ബാല്യകാല കഥകളുമൊക്കെ ഇപ്പോഴും സജീവമായി നില്‍ക്കുന്നുണ്ട് ഇവരുടെ ജീവിതത്തില്‍. എന്നെങ്കിലും കാരക്കാസില്‍ ഒന്ന് പോയി കളിച്ചു വളര്‍ന്ന സ്ഥലങ്ങള്‍ കാണണമെന്ന് മരിയസുന്ദ ഇടയ്ക്കിടെ അലെയോട് പറയാറുണ്ട്. “എപ്പോള്‍ പറ്റുമോ എന്തോ” എന്ന് അവര്‍ എല്ലാത്തവണയും കൂട്ടിച്ചേര്‍ക്കാറുമുണ്ടത്രേ.

ആദ്യത്തെ സ്പാര്‍ക്ലിങ് വൈനിന് ശേഷം ലഞ്ചിന്റെ ഒരോ കോഴ്സ് ഭക്ഷണത്തോടുമൊപ്പം ഒരോന്നിനും ചേര്‍ന്നു പോകുന്ന വൈനുകളും തീന്‍മേശയില്‍ വന്ന് നിറഞ്ഞു. ഗാര്‍നെറ്റ് നിറമുള്ള, ബ്ലാക്ക് ബെറിയുടേയും പുകയിലയുടെയും നേരിയ രുചിയുള്ള, പൂലിയയില്‍ നിന്നുള്ള നെഗ്രൊ അമാരെ എന്ന ചുവന്ന വൈനാണ് മെയ്ന്‍ കോഴ്സായ ഓറെക്കൈറ്റെ എന്ന പാസ്തയോടൊപ്പം വിളമ്പിയത്. റിക്കോട്ട ചീസിനും ചെറിയ തക്കാളി കഷണങ്ങള്‍ക്കും ബ്രൊക്കോളിക്കുമൊപ്പം അതിനിടെ ഝിയോ പെപ്പെ പല തവണ ചെറിയ ഇടവേളകളില്‍ അപ്രത്യക്ഷനാകുന്നുണ്ടായിരുന്നു. അവസാനം പനെറ്റോനെയ്ക്കും ഒരോ ഷോട്ട് ഗ്രാപ്പയ്ക്കും ശേഷം പതിവ് പോലെ എക്സ്പ്രെസോയ്ക്കായി കാക്കുമ്പോള്‍, ഝിയോ പെപ്പെ എന്റെ തോളില്‍ തട്ടി വരൂ എന്ന ആംഗ്യം കാണിച്ചു. ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്നതിന്റെ രഹസ്യം അപ്പോഴാണ് എനിക്ക് മനസിലായത്. ലിവിങ് റൂമില്‍ ഫയര്‍ പ്ലേസിന് ചേര്‍ന്ന കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ച്, സാധാരണയിലും നേര്‍ത്ത ഒരു സിഗരറ്റ് എനിക്ക് നേരെ നീട്ടി. പുകവലിക്കുമോ എന്ന ചോദ്യമോ സംശയമോ ഒന്നും തന്നെയില്ല. ഭാഷയുടെ പരിമിതിയോ ആജ്ഞാശക്തിയോ എന്താണിവിടെ മുന്നിട്ടു നില്‍ക്കുന്നതെന്ന് എനിക്ക് മനസിലായില്ല.

 

മണിക്കൂറുകള്‍ക്ക് ശേഷം പല ഷോട്ട് ഗ്രാപ്പകള്‍ക്കും എകസ്പ്രസോകള്‍ക്കും ശേഷം “എത്ര മനോഹരമായ ദിവസം” എന്ന് ഝിയോ പെപ്പെ തനിയെ പറയുന്നത് അലെ പലതവണ കേട്ടു. ഭക്ഷണത്തിന് ശേഷം ചൂടേറിയ രാഷ്ട്രീയ വാഗ്വാദത്തിലേയ്ക്ക് സംഭാഷണം നീണ്ടു. അതില്‍ വ്യാപൃതയായ അലെയുടെ തര്‍ജ്ജിമകള്‍ വീണ്ടും മുറിഞ്ഞു; പിന്നീട് എന്നോട് ഇതൊക്കെ പറഞ്ഞു തരാമെന്ന ആശ്വാസവാക്കുകള്‍ക്ക് ഒപ്പം.

അതിനൊക്കെ ശേഷം എല്ലാവരുടേയും കവിളില്‍ ചുംബിച്ച്, ആശ്ലേഷിച്ച്, ഝിയോ പെപ്പെ പുറത്തുപോകുമ്പോള്‍ എനിക്ക് സംശയമായി, ഇത്രയൊക്കെ വൈനും ഗ്രാപ്പയും ഒക്കെ കഴിച്ച ശേഷം ഝിയോ പെപ്പെ കാറോടിച്ച് വീട്ടില്‍ പോകുമോ. “അതൊക്കെ കഴിച്ചു കുറേ സമയമായില്ലേ”-അലെ എന്നെ സമാധാനിപ്പിച്ചു. വലിയൊരു ബി.എം.ഡ്ബ്ലിയു എസ്.യു.വിയില്‍ സാധാരണ പോലെ ഝിയോ പെപ്പെ ഓടിച്ച് പോകുന്നത് ജനലില്‍ നിന്നും ഞാന്‍ നോക്കി നിന്നു.

ലൗറിയയില്‍ ചെന്ന് അധികം വൈകാതെ എന്നെ ചെറുതായി അത്ഭുതപ്പെടുത്തിയ ഒരു കാര്യം അവിടുത്തെ പബ്ലിക് ട്രാന്‍സ്പോര്‍ട്ടിന്റെ അഭാവമാണ്. പൊതുവേ ഒരു സ്ഥലത്ത് ചെന്നാല്‍ ഞാന്‍ ചെയ്യാറുള്ള കാര്യങ്ങളിലൊന്ന് ആ പട്ടണം മുഴുവന്‍ യാത്ര ചെയ്യാവുന്ന അണ്‍ലിമിറ്റഡ് ടിക്കെറ്റെടുത്ത് ട്രാമിലും ബസിലുമ മെട്രോയിലും ഫെറിയിലുമൊക്കെ കയറി തലങ്ങും വിലങ്ങും യാത്ര ചെയ്ത്, ഇടയ്ക്കിടെ ഇറങ്ങി കുറച്ച് നടന്ന്, ആളുകളേയും സ്ഥലങ്ങളേയും മനസിലാക്കുക എന്നതാണ്. എന്നാല്‍ ലൗറിയയില്‍ പേരിനുമാത്രമാണ് ബസുകളും ബസ് സ്റ്റോപുകളും.

അമേരിക്കന്‍ ഐക്യനാടുകളിലെ ചെറു പട്ടണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കാറുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇറ്റലിയിലെ, പ്രത്യേകിച്ചും തെക്കന്‍ ഇറ്റലിയിലെ, ചെറുപട്ടണങ്ങളിലെ ദൈനംദിന ജീവിതം. മിക്കവീടുകളിലും ഒന്നിലധികം കാറുകള്‍. ഇറ്റാലിയന്‍ ബ്രാന്റുകളായ ഫിയറ്റും ആല്‍ഫയും കാര്യമായി നിരത്തിലുണ്ടെങ്കിലും ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ്, അമേരിക്കന്‍ കാറുകളും കുറവല്ല. സാമ്പത്തിക നില ആകെ കീഴ്മേല്‍ മറിഞ്ഞെങ്കിലും അടുത്ത കാലങ്ങളില്‍ സ്പെയിനില്‍ യാത്രചെയ്യുമ്പോള്‍ കാണാറുള്ള സാമ്പത്തിക പിരിമുറുക്കവും ദൈന്യതയുമൊന്നും അത്ര കാണാനില്ല, ഇറ്റലിയില്‍.

 

തെക്കന്‍ ഇറ്റലിയെ പറ്റി കേട്ടിരുന്ന റാഷ് ഡ്രൈവിങ് എന്ന സ്റ്റീരിയോ ടൈപ്പ് എന്ന പരിമിതമായ ധാരണയില്‍ നിന്നാണ് എന്ന് അവിടെയെത്തി അധികം താമസിയാതെ തന്നെ എനിക്ക് മനസിലായി. ഞാന്‍ കൂടെ യാത്ര ചെയ്തവരെല്ലാം- മരിയ സുന്ദയും അലെയും ഝിയ റ്റെറ്റയുടെ പങ്കാളി എന്യോയും ഡ്രൈവര്‍ സീറ്റിലല്ലാത്തപ്പോള്‍ കുട്ടിത്തം മാറാത്ത ചടുലതയോടെ ഓടി നടക്കുന്ന സ്റ്റെഫാനോയും കണ്ണുകളില്‍ കവിതയും കുസൃതിയും ഒരേ പോലെ ഒളിപ്പിച്ച ഡാനിയേലയും എന്നു വേണ്ട റോഡില്‍ വണ്ടിയോടിക്കുന്നവരെല്ലാം തന്നെ വളരെ ശ്രദ്ധിച്ചും ക്ഷമയോടെയും വിദഗ്ദ്ധവുമായാണ് കാറോടിച്ച് കണ്ടത്. അതെ ശരിയാണ്, സിസിലിയില്‍ അതങ്ങനെയല്ലായിരിക്കും. നേപ്പിള്‍സില്‍ റോഡുമുറിച്ചു കടക്കുമ്പോള്‍ അത് ഡല്‍ഹിയേയോ ഇസ്താംബൂളിനേയോ ഓര്‍മ്മിപ്പിക്കുമായിരിക്കും. പക്ഷേ, കുന്നും മലകളുമായി വളഞ്ഞു പുളഞ്ഞ പൂലിയയിലേയും കമ്പാനിയയിലേയും കാലബ്രിയയിലേയും ബസലിക്കാറ്റയിലേയും വഴികളില്‍ ഇപ്പറഞ്ഞ അെഗ്രസീവ് ഡ്രൈവര്‍മാരെ കണ്ടതേയില്ല.

അതേ ദിവസം വളരെ വൈകി അലെയ്ക്ക് ഝിയോ പെപ്പെയുടെ ഒരു മെസേജ് വന്നു. “നാളെ രാവിലെ നമുക്കൊരു യാത്ര പോയാലോ? അനൂപിന് ഗ്രാമപ്രദേശങ്ങളൊക്കെ കാണണമെന്ന് പറഞ്ഞില്ലേ?” “ഇല്ല” എന്നു പറയാനുള്ള സ്വാതന്ത്യമില്ലായ മുമ്പൊരിക്കലും ഞാനിത്ര സ്നേഹിച്ചിട്ടുണ്ടാവുകയില്ല. പിറ്റെ ദിവസം രാവിലെ എട്ടുമണിക്ക് തന്നെ ഝിയോ പെപ്പെ പ്രത്യക്ഷപ്പെട്ടു. നേരെ കൂട്ടിക്കൊണ്ടു പോയത് കാഫേ വാല്‍റ്ററിലേയ്ക്ക്. അവിടെ മിനിയോണ്‍സ് എന്ന ചെറിയ പേസ്റ്ററിയും കേക്കുകളും കൂടെ എക്സ്പ്രസോയും അകത്താക്കി, ലൗറിയ ഇന്‍ഫീരിയോറെ താണ്ടി, വീതി കുറഞ്ഞ വളഞ്ഞു പുളഞ്ഞ വഴികളിൂലടെ മരത്തേയ എന്ന ടൗണിലേയ്ക്ക്. അംബരചുംബികളായ മലകള്‍ കടലോളം നേരേ വെട്ടിമാറ്റിയ മട്ടിലാണ് ഭൂപ്രകൃതി.

മലമുകളില്‍ ടൗണിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്, റിയോ ഡി ജനിറോവിലെ പോലെ ക്രിസ്തുവിന്റെ “രക്ഷക” (ഇവൃശേെ വേല ഞലറലലാലൃ) പ്രതിമ ഉണ്ട്. മരത്തേയ കഴിഞ്ഞ് അതിമനോഹരമായ പാറക്കെട്ടുകളും കുന്നിന്‍ ചെരിവുകളും അതിരിടുന്ന തൈറേനിയന്‍ കടല്‍ത്തീരത്തുകൂടി സലേര്‍നോ പക്ഷ്യമാക്കി ഝിയോ പെപ്പെയുടെ എസ്.യു.വി പാഞ്ഞു. ചെറിയ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഓടിക്കുന്ന അതേ ലാഘവത്തില്‍, 1970 കളിലേയും 80 കളിലേയും സ്പാനിഷ് പാട്ടുകള്‍മുഴക്കി, അതിനോടൊപ്പം കൂടെപ്പാടി, സ്റ്റീറിംഗ് വീലില്‍ താളമൊക്കെയിട്ടാണ് ഝിയോ പെപ്പെയുടെ ഡ്രൈവിങ്. തിരക്ക് തീര്‍ത്തുമില്ലാത്ത, 100 കി.മീ സ്പീഡ് ലിമിറ്റെന്ന് എഴുതിയ ചില ഭാഗങ്ങളില്‍, സ്പീഡോമീറ്റര്‍ 130 ലും 140 ലും എത്തുന്നത് ഞാന്‍ കണ്ടു. ട്രാക്റ്ററുകളും ചെറിയ ട്രക്കുകളുമൊക്കെ ചിലപ്പോള്‍ ഝിയോയുടെ വേഗത കുറച്ചു. ഇടയ്ക്കിടെ ദൂരെ ചില മലകളില്‍ കോട്ടകളും അതിനുള്ളില്‍ വീടുകളും കാണാമായിരുന്നു. മുന്തിരി തോട്ടങ്ങളും ഒലിവു തോട്ടങ്ങളും കാബേജും ബ്രൊക്കോളിയും കാരറ്റും ഓറഞ്ചും വളരുന്ന കൃഷിയിടങ്ങളും ആ യാത്രയില്‍ പുറകോട്ട് മിന്നിമറിഞ്ഞു.

 

ആരെയും മയക്കുന്ന വല്ലാത്തൊരു വശീകരണ ശക്തിയുണ്ട് ശൈത്യകാലത്തെ മെഡിറ്ററേനിയന്‍ വെയിലിന്. ഈ വെയിലും വെളിച്ചത്തിന്റെ രൂപഭേദങ്ങളും ഝിയോ പെപ്പെക്ക് ഒരു ദൗര്‍ബല്യമാണെന്ന് യാത്ര തുടങ്ങി അധികം താമസിക്കാതെ തന്നെ എനിക്ക് മനസിലായി. നല്ല വേഗതയില്‍ പോകുമ്പോഴും ചില സ്ഥലങ്ങളില്‍ പെട്ടന്ന് വണ്ടിയൊതുക്കി, ചാടി പുറത്തിറങ്ങി, ഐ ഫോണെടുത്ത് ഫോട്ടൊയെടുക്കുന്ന ഝിയോ പെപ്പെ. ചിലപ്പോഴത് ഫേസ്ബുക്ക് ലൈവാണ്. ലൈവല്ലെങ്കില്‍ തന്നെ വണ്ടിയോടിക്കുന്നത് പോലെ അനായാസേന ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ കയറിക്കൊണ്ടിരുന്നു.

അങ്ങനെ നൂറു നൂറ്റമ്പത് കിലോമീറ്ററുകള്‍ക്ക് അപ്പുറം ഒരു മലമുകളിലുള്ള ജോയ് എന്ന ചെറിയ ഗ്രാമത്തില്‍, തകര്‍ന്ന കോട്ടയൊക്കെ കടന്ന്, കല്ലുപതിച്ച പ്രധാന നിരത്തിലൂടെ പോകുമ്പോള്‍ ഝിയോ പെപ്പെ പെട്ടെന്ന് വണ്ടി നിര്‍ത്തി. പാര്‍ക്കിങിന് അനുവാദമില്ലാത്ത തീര്‍ത്തും വീതികുറഞ്ഞ പൊതു നിരത്താണ്. അവിടെ സീറ്റ് ബെല്‍റ്റ് അഴിക്കാതെ, ഒന്നും മനസിലാകാത്ത എനിക്ക് ചെറിയൊരു കുസൃതി ചിരി പാസാക്കി, പൂട്ടിയിട്ടിരിക്കുന്ന കല്ലില്‍ പണിത പഴയൊരു വീട് ചൂണ്ടിക്കാണിച്ച് ഝിയോ പെപ്പെ പറഞ്ഞു. “ഇവിടെയാണ് ഞാന്‍ ജനിച്ചത്”.

വീണ്ടും മെല്ലെ വണ്ടി ഓടിത്തുടങ്ങിയപ്പോള്‍, തികച്ചും അപരിചിതമായ ആ തെരുവുകളോട്, അവിടെക്കണ്ട മനുഷ്യരോട്, എന്തെന്നില്ലാത്ത ഒരു സ്നേഹം എനിക്ക് തോന്നി.

അവിടെ മുന്‍പേ വിളിച്ചു പറയാതെ, ചില ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറിച്ചെന്നത് എനിക്ക് അത്ഭുതമുണ്ടാക്കി. പശ്ചിമയൂറോപ്പിലെ ജീവിതത്തില്‍ തീര്‍ത്തും അസാധാരണമാണ് ഇത്തരത്തിലുള്ള സന്ദര്‍ശനങ്ങള്‍. മറ്റ് ഭക്ഷണങ്ങള്‍ കഴീക്കാനുള്ള നിര്‍ബന്ധത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനിടെ പനെറ്റോനെയും കാപ്പിയും തിരസ്‌കരിക്കാനാവാതെ വന്നു, പല തവണ. പക്ഷേ അധികം താമസിക്കാതെ ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും വിശപ്പ് കലശലായി. പിന്നിടുന്ന ചെറിയ ടൗണുകളില്‍ തുറന്നിരിക്കുന്ന ഏതെങ്കിലും ഭക്ഷണശാലയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പായി.

ക്രിസ്തുമസിന് ശേഷമുള്ള അവധിക്കാലമാണ്. റെസ്റ്റോറന്റുകള്‍ പോയിട്ട്, എളുപ്പത്തില്‍ ഭക്ഷണം കഴിക്കാന്‍ പറ്റുന്ന, വൈനും കാപ്പിയുമൊക്കെ ഉയരം കൂടിയ ബാര്‍ ടേബിളില്‍ വിളമ്പുന്ന, ഭിത്തിയിലെ ബോര്‍ഡില്‍ ചോക്കുകൊണ്ട് അന്നന്നത്തെ മെനു എഴുതിയ ട്രാറ്റോറിയകളോ അതിനേക്കാള്‍ ലഘുവായി ഭക്ഷണം തരുന്ന ഓസ്റ്റേറിയകളോ ഒന്നും തന്നെ തുറന്നിട്ടില്ല. ഹോളി ആഘോഷത്തിന് ശേഷം സമയത്തെ ആകെ പിടിച്ചുകെട്ടുന്ന ഭാംഗിന്റെ കുരുക്കില്‍ അടിവെച്ചടിവച്ച്, തുറന്നിരിക്കുന്ന ഭക്ഷണശാലകള്‍ തേടിയുള്ള തെക്കന്‍ ഡല്‍ഹിയിലെ നീണ്ട നടത്തങ്ങളും പൊങ്കല്‍ ദിവസത്തില്‍ തുറന്നിരിക്കുന്ന ചുരുക്കം വഴിയോരക്കടകള്‍ തേടിയുള്ള മധുരൈയിലെ അനന്തമായ തിരച്ചിലും എനിക്കോര്‍മ്മ വന്നു.

 

കുറേയധികം കഴിഞ്ഞ്, പല അടഞ്ഞ വാതിലുകള്‍ പിന്നിട്ട് ഞങ്ങള്‍ പെസ്റ്റം എന്ന പഴയ ഗ്രീക്ക് പട്ടണത്തിലെത്തി. ഇന്നേയ്ക്ക് ഇരുപത്തിയാറ്, ഇരുത്തിയേഴ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രീക്ക് കൊളോണിയലിസ്റ്റുകള്‍ കോട്ട കെട്ടിത്തിരിച്ച് നിര്‍മ്മിച്ച പട്ടണം. അവിടെയെത്തിയപ്പോള്‍ പെസ്റ്റത്തെ പറ്റിയുള്ള അരിസ്റ്റോട്ടിലിന്റെ പരാമര്‍ശമോ അവിടെയുള്ള അഥീനയുടേയോ ഹേരയുടെയോ അമ്പലങ്ങളോ അല്ല, ഞങ്ങളുടെ മനസില്‍ ആദ്യമായുണ്ടായത്, ഭക്ഷണമാണ്. അടഞ്ഞ കുറേ ട്രാറ്റോറിയകള്‍ക്ക് ശേഷം ശരിക്കുമുള്ള ഒരു റെസ്റ്റോറന്റില്‍ തന്നെ ഞങ്ങളെത്തിപ്പറ്റി. പുറത്തെ ഇളവെയിലില്‍ മോത്സറേല ഡി ബുഫല എന്ന പ്രത്യേകതരം ചീസ് വേണ്ടുവോളം ചേര്‍ത്ത ആന്തിപാസ്തിയും വലിയൊരു ക്രൂഡോ പ്രൊസ്‌ക്വിറ്റോ പിത്സയും അകത്താക്കി, എസ്പ്രെസോയും ലിമണ്‍ഷെല്ലോയും ഒക്കെയായി ആ കാത്തിരിപ്പിന് ഞങ്ങള്‍ പ്രതികാരം ചോദിച്ചു.

രണ്ട് കാലങ്ങളിലായി, അവരവരുടെ കുട്ടിക്കാലങ്ങളിലാണ് ഝിയോ പെപ്പെയും അലെയും ഇതിന് മുമ്പ് പെസ്റ്റം സന്ദര്‍ശിച്ചത്. ചെറുപ്പത്തിലെ ആ കാഴ്ചകളില്‍ നിന്ന് പെസ്റ്റത്തിന്റെ അകലങ്ങളും മാനങ്ങളും വല്ലാതെ മാറിപ്പോയിരുന്നു, രണ്ടു പേര്‍ക്കും.

ഗ്രീക്കുകാര്‍ക്ക് ശേഷം ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ അതു കയ്യടക്കിയ റോമാക്കാര്‍ നല്‍കിയ പേരാണ് പെസ്റ്റം. അതിന് മുമ്പ് കടലിന്റെ ദേവനായ പൊസൈഡണിന്റെ ബഹുമാനാര്‍ത്ഥം പൊസൈഡോണിയ എന്നാണ് ഗ്രീക്കുകാര്‍ ഈ പട്ടണത്തെ വിളിച്ചിരുന്നത്.

ഇന്ന് നമ്മള്‍ ജീവിക്കുന്ന ലോകത്തെ പലതരത്തില്‍ കാര്യമായി സ്വാധീനിച്ച പെരിക്ലിയന്‍ ഏതന്‍സിന്റെ, ജനാധിപത്യവും ഹ്യൂമനിസ്റ്റ് തത്വശാസ്ത്രവും പിറവിയെടുത്ത ഗ്രീസിന്റെ സുവര്‍ണ്ണകാലത്തിന്റെ നേരിട്ടുള്ള ഭൗതിക അവശേഷിപ്പുകളാണ് പെസ്റ്റത്തിലെ ഹേരയുടേയും മിനര്‍വ എന്ന അഥീനയുടേയും പടുകൂറ്റന്‍ അമ്പലങ്ങള്‍.

ഗ്രീക്ക് അമ്പലങ്ങള്‍ ദൈവത്തിന്റെ വാസസ്ഥലങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. പൊതുവേ ആരാധനകള്‍ അമ്പലത്തിന്റെ പുറത്താണ് നടക്കുക. അതുകൊണ്ട് തന്നെ അമ്പലത്തിന് ചുറ്റുപാടും കുറേയേറെ തുറന്ന സ്ഥലമുണ്ട്. അതിന് പുറത്ത് കൃത്യമായി അളന്ന് മുറിച്ച പാതകളും പല തരക്കാര്‍ക്കുള്ള താമസ സ്ഥലങ്ങളും പൊതു സ്ഥലങ്ങളും റോമന്‍ ആംഫി തീയേറ്ററുമൊക്കെയായി ഗ്രീക്ക്, റോമന്‍ അവശിഷ്ടങ്ങളുടെ മിശ്രിതമാണ് ഇപ്പോഴത്തെ പെസ്റ്റം. വലിയൊരു ഭാഗം ഇപ്പോഴും കുഴിച്ചെടുത്തിട്ടില്ല.

 

വിയാസാക്ര എന്ന റോമന്‍ നിര്‍മ്മിത പ്രധാനപാതയിലൂടെ നടക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ എന്താണിവിടെ ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും. കല്ലില്‍ തീര്‍ത്ത ഹേരയുടെയും അഥീനയുടെയും അമ്പലങ്ങള്‍ക്ക് മുമ്പില്‍ നമ്മള്‍, പല കാലങ്ങളായി അതിനെ അത്ഭുതത്തോടെ നോക്കിയ കേവല മനുഷ്യന്മാരിലൊരാളായി മാറുന്നു. നൂറ്റാണ്ടുകള്‍ അതിജീവിച്ച കല്‍ത്തൂണുകളില്‍ തൊടുമ്പോള്‍, കാലങ്ങളുടെ ചൂടും (അ)സ്ഥിരതയുടെ തണുപ്പും ഒരുപോലെ നമുക്ക് അനുഭവപ്പെടും.

ഫേസ്ബുക്ക് ലൈവുമായാണ് ഝിയോ പെപ്പെ അഥീനയുടെ അമ്പലത്തിന് ചുറ്റുമുള്ള പഴയ മതിലുകടന്നത് തന്നെ. പക്ഷേ അലെയും ഞാനും ഗിംനാസ്യവും ആംഫി തീയേറ്ററും ജനങ്ങള്‍ ഒത്തുകൂടിയിരുന്ന ഗാലറിയുമൊക്കെ കാണുന്നതിനിടെ ഝിയോ പെപ്പെ വളരെ ദൂരെ ഒരു മരത്തിനരികെ ഇരിപ്പുറപ്പിച്ചു. പിന്നീട് അതുവഴി കടന്നുപോയ ഞങ്ങളെ കണ്ടതുപോലുമില്ല. എന്തോ ആലോചനയിലാണ്. ദിവസം മുഴുവന്‍ ആവേശത്തോടെ ഓടി നടന്നതിന്റെ തളര്‍ച്ചയാണോ ഝിയോ പെപ്പെയ്ക്ക്? അതോ ഭൂതകാലത്തിന്റെ ഈ മഹാ ഉദ്യാനം, തന്റെ തന്നെ ഭൂതകാലത്തെ ഓര്‍മ്മിപ്പിച്ചിരിക്കുമോ? എനിക്ക് മനസിലായില്ല. പിന്നീട് തിരികെ ലൗറിയയിലേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മുമ്പുള്ളത്ര സംസാരമില്ല, ഉച്ചത്തിലുള്ള സംഗീതമില്ല. അവസാനം ആശ്ലേഷിച്ച് യാത്ര പറയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ അറിയാത്ത ഒരു വിങ്ങല്‍ എന്റെ മനസില്‍ ബാക്കി നിന്നു. കൃത്യം പറഞ്ഞാല്‍ പിറ്റേ ദിവസം വൈകുന്നേരം വുഡ്സ് എന്ന ബാറില്‍ വീണ്ടും കാണുന്നത് വരെ. അവിടെ ഝിയോ പെപ്പെയ്ക്ക് മുന്നില്‍ വര്‍ത്തമാനവും സംഗീതവും വൈറ്റ് വൈനും അലയടിച്ചു. സിഗരറ്റ് വലിക്കാന്‍ പുറത്ത് പോകുമ്പോള്‍ തോളില്‍ തട്ടി എന്നോട് വീണ്ടും ആംഗ്യം കാണിച്ചു.

ഝിയോ പെപ്പെ, ലൗറിയയിലേയ്ക്കുള്ള എന്റെ യാത്ര എത്ര ശുഷ്മാകുമായിരുന്നു, താങ്കളവിടെ ഇല്ലായിരുന്നുവെങ്കില്‍.

ബെര്‍ളിന്‍ ആസ്ഥാനമായ, എഡ്യുക്കേഷന്‍ സ്റ്റാര്‍ട്ട്അപ് ‘The Insightist’ന്റെ മേധാവിയാണ് ലേഖകന്‍. യൂറോപ്പിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.