മറ്റു ജീവികളെ കൊല്ലുന്നത് എനിക്ക് സങ്കടമാണ്, അതും ഒരു ജീവനല്ലേ, പക്ഷേ ചിലർക്ക് അങ്ങനെയല്ല: അനുമോൾ
malayalam movie
മറ്റു ജീവികളെ കൊല്ലുന്നത് എനിക്ക് സങ്കടമാണ്, അതും ഒരു ജീവനല്ലേ, പക്ഷേ ചിലർക്ക് അങ്ങനെയല്ല: അനുമോൾ
നന്ദന. ടി
Saturday, 18th July 2026, 11:04 am

എം.എ. നിഷാദിന്റെ സംവിധാനത്തിൽ ഈ മാസം 24-ന് തീയേറ്ററുകളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലർക്ക്. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന മനുഷ്യ-മൃഗ സംഘർഷം എന്ന പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളും, സാമൂഹിക പ്രസക്തിയുള്ള ഇത്തരം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന നടി അനുമോൾ. മീഡിയവൺ ഷോ മാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അനുമോൾ.photo.Facebook

‘ഞാൻ നാട്ടിൻപുറത്ത് ജീവിച്ച ഒരാളാണ്. ആനയല്ലെങ്കിലും എന്റെ വീട്ടിലും പന്നിയുടെയും പാമ്പിന്റെയുമെല്ലാം ശല്യമുണ്ടായിരുന്നു. അങ്ങനെയൊക്കെ ഉണ്ടാകുമ്പോഴും അവരെ കൊല്ലുന്നത് എനിക്ക് സങ്കടമാണ്, അതും ഒരു ജീവനല്ലേ എന്ന ചിന്താഗതിയുള്ള ആളാണ് ഞാൻ. പക്ഷേ ചില ആളുകൾക്ക് അങ്ങനെയല്ല, പ്രത്യേകിച്ച് കൃഷിയൊക്കെ ചെയ്യുന്ന ആളുകൾക്ക് അവരുടെ ഉപജീവനമാണ് മൃഗങ്ങൾ നശിപ്പിക്കുന്നത്. അപ്പോൾ ഇത്തരത്തിലുള്ള ഒരു സംഘർഷം നമ്മുടെയൊക്കെ ഇടയിൽ നിലനിൽക്കുന്നുണ്ട്.

ലർക്ക്, ചിലപ്പോൾ ഒരുപാട് മനുഷ്യർക്ക് ഞാൻ നേരത്തെ പറഞ്ഞ ആ സംഘർഷങ്ങളിൽ ഒരു വ്യക്തത വരുത്തുമായിരിക്കും . കാരണം ചില സിനിമകൾക്ക് അങ്ങനെ ഒരു ലക്ഷ്യം കൂടിയുണ്ടല്ലോ. നമ്മൾ ഒരു സിനിമ കാണുമ്പോൾ ആരുടെ കൂടെ യാത്ര ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണല്ലോ നമ്മുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത്. അപ്പോൾ ആളുകൾക്ക് ഈയൊരു വിഷയത്തിൽ കൂടുതൽ ചിന്തിക്കാനും, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എത്തിക്കാനും ഉപകാരപ്പെടും

നമ്മൾ ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകുന്നതുകൊണ്ടോ അല്ലെങ്കിൽ അങ്ങനെയൊരു സ്ഥലത്ത് ജീവിക്കുന്നത് കൊണ്ടോ ഒക്കെ ഈ വിഷയങ്ങളെക്കുറിച്ച് ആലോചിക്കുമായിരിക്കും. പക്ഷേ കൊച്ചി പോലൊരു നഗരത്തിൽ ജീവിക്കുന്ന ഒരാൾക്ക് ഇതൊക്കെ വെറും കഥകളും പത്രങ്ങളിൽ കാണുന്ന വാർത്തകളും മാത്രമായിരിക്കും. അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് അത്തരത്തിലുള്ള ജീവിതങ്ങൾ കാണാനും അവരിൽ ഒരു ധാരണയുണ്ടാകാനും,വളരെ ഗൗരവമേറിയ വിഷയത്തെക്കുറിച്ച് കൂടുതൽ മനസിലാക്കികൊടുക്കാനും ഈ സിനിമ സഹായകമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്,’ അനുമോൾ പറഞ്ഞു.

ലർക്ക്.photo.Manorama Music

Content Highlight: Anumol talks about human-animal conflict in her new movie Lurk

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം