| Wednesday, 5th March 2025, 12:18 pm

വര്‍ഷമെത്ര കഴിഞ്ഞാലും ആളുകള്‍ റഫറന്‍സ് ചെയ്യുന്ന ആ സിനിമകളില്‍ അഭിനയിക്കാനായത് എന്റെ ഭാഗ്യം: അനുമോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഒരു നടിയാണ് അനുമോള്‍. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട് എന്നീ സിനിമകളിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. കണ്ണുള്ളെ, രാമര്‍, ശൂശന്‍ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമ ജീവിതം ആരംഭിച്ച നടി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് പ്രവേശിച്ചത്.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്‌കാരമായ അകം എന്ന ചിത്രത്തിലും അനുമോള്‍ അഭിനയിച്ചിരുന്നു. താന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായെങ്കിലും അഭിനയിച്ച സിനിമകളുടെ എണ്ണം കുറവായിരിക്കാമെന്ന് പറയുകയാണ് നടി.

താന്‍ അതില്‍ സന്തോഷിക്കുന്നുണ്ടെന്നും വര്‍ഷം എത്ര കഴിഞ്ഞാലും ചരിത്രത്തിന്റെ ഭാഗമായി ആളുകള്‍ റഫറന്‍സ് ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും അനുമോള്‍ പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമകളുടെ എണ്ണം കുറഞ്ഞുപോയതില്‍ ദുഃഖമില്ലെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായെങ്കിലും അഭിനയിച്ച സിനിമകളുടെ എണ്ണം കുറവായിരിക്കാം. പക്ഷേ ഞാന്‍ അതില്‍ ഹാപ്പിയാണ്. ഇവന്‍ മേഘരൂപന്‍, മലയാറ്റൂര്‍ സാറിന്റെ യക്ഷി, ഉടലാഴം, പത്മിനി തുടങ്ങിയ സിനിമകളിലൊക്കെ എനിക്ക് അഭിനയിക്കാന്‍ സാധിച്ചു.

അറുപതുകളില്‍ ജീവിച്ചിരുന്ന പ്രശസ്ത ചിത്രകാരി പത്മിനിയുടെ ജീവിതകഥയായിരുന്നു പത്മിനി എന്ന സിനിമ. അതില്‍ എനിക്ക് ടൈറ്റില്‍ റോള്‍ തന്നെ ചെയ്യാന്‍ സാധിച്ചു. വര്‍ഷം എത്ര കഴിഞ്ഞാലും ചരിത്രത്തിന്റെ ഭാഗമായി ആളുകള്‍ റഫറന്‍സ് ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു.

അത് സത്യത്തില്‍ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. സിനിമകളുടെ എണ്ണം കുറഞ്ഞുപോയതില്‍ ദുഃഖമില്ല. കൊമേഴ്ഷ്യല്‍ സിനിമയില്‍ മാത്രം ഫോക്കസ് ചെയ്തിരുന്നെങ്കില്‍ നാലഞ്ച് വര്‍ഷം കൊണ്ട് കത്തിത്തീര്‍ന്നേനെ. ഇത്രയും കാലം ഇതുപോലെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല,’ അനുമോള്‍ പറഞ്ഞു.

Content Highlight: Anumol Talks About Her Films

Latest Stories

We use cookies to give you the best possible experience. Learn more