കോട്ടൺ സാരിയോ മുണ്ടും ബ്ലൗസോ ഉള്ള വേഷങ്ങൾ അനുമോൾക്ക് കൊടുത്താൽ മതി എന്ന രീതിയിലുള്ള കളിയാക്കലുകൾ സിനിമയിൽ നേരിട്ടിട്ടുണ്ട്: അനുമോൾ
നന്ദന. ടി
Wednesday, 22nd July 2026, 12:15 pm
ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, റോക്ക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ച നടിയാണ് അനുമോൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം, തന്റെ കരിയറിൽ ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങൾ തുടർച്ചയായി ലഭിച്ചതിനെക്കുറിച്ചും സിനിമയിലെ ടൈപ്പ്കാസ്റ്റിങ്ങിനെക്കുറിച്ചും പറയുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

അനുമോൾ.photo.screen grab/youtube
‘പണ്ടൊക്കെ സിനിമകളിൽ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ പിന്നീട് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാറില്ല, കാരണം എനിക്ക് റോളുകൾ നൽകുന്നത് എഴുത്തുകാരും സംവിധായകരുമാണ്. എന്റെ ഭാഗത്തുനിന്ന് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല അത്. എന്നാൽ അവരെ മാത്രം ഞാൻ കുറ്റം പറയുന്നില്ല, കാരണം എന്റെ ഭാഗത്തും തെറ്റുകളുണ്ട്. ഞാൻ തെരഞ്ഞെടുത്ത കഥാപാത്രങ്ങൾ അങ്ങനെയായി പോകുന്നതാണ്.
ഞാൻ അഭിനയിച്ച വെടിവഴിപാട്, ഞാൻ, റോക്ക്സ്റ്റാർ പോലുള്ള സിനിമകൾ ചെയ്യുന്ന സമയത്ത് എനിക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നു. പക്ഷേ ഞാൻ തെരഞ്ഞെടുത്ത കഥാപാത്രങ്ങൾ ഒരുപോലെയായി മാറുകയായിരുന്നു. ഒരു കോട്ടൺ സാരിയോ അല്ലെങ്കിൽ മുണ്ടും ബ്ലൗസോ കൊടുത്ത്, കുറച്ച് കട്ടൻ ചായയിൽ മുക്കി പഴയതാക്കിയിട്ടുള്ള റോളുകൾ ഉണ്ടെങ്കിൽ അനുമോൾക്ക് അത് മതി എന്ന് സിനിമയിൽ തന്നെയുള്ള ആളുകൾ പണ്ട് എന്നെ കളിയാക്കി പറയുമായിരുന്നു. പിന്നീട് റോക്ക്സ്റ്റാർ എന്ന ചിത്രത്തിലെ വേഷമാണ് അത് ബ്രേക്ക് ചെയ്തത്.
അത്തരം റോളുകൾ ചെയ്യുമ്പോഴാണ് വൈവിധ്യമുള്ള കഥാപാത്രങ്ങളും എനിക്ക് വഴങ്ങുമെന്ന് മനസ്സിലാകുന്നത്. അയലി എന്ന വെബ് സീരീസ് കഴിഞ്ഞപ്പോൾ ഞാൻ ഒരു വർഷത്തെ ബ്രേക്ക് എടുത്തിരുന്നു. കാരണം അതിനുശേഷം വന്ന പടങ്ങളിലൊക്കെ ഫ്ലാഷ് ബാക്കിലെ അമ്മ വേഷങ്ങൾ മാത്രമായിരുന്നു. അതിലൊന്നും തന്നെ എനിക്ക് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ വേഷങ്ങൾ മാത്രമല്ല, എനിക്ക് ഡോക്ടർ, എഞ്ചിനീയർ, പൊലീസ്, ഹൗസ് ഹെൽപ്പ് എന്നിങ്ങനെ എല്ലാത്തരത്തിലുള്ള റോളുകളും ചെയ്യണമെന്നുണ്ട്. നമ്മൾ ഒരേപോലെയുള്ള കഥാപാത്രങ്ങൾ തുടർച്ചയായി തെരഞ്ഞെടുക്കുമ്പോൾ ആണ് സിനിമകളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നത്,’ അനുമോൾ പറഞ്ഞു.

അനുമോൾ.photo.screen grab/youtube
Content Highlight: Anumol speaks on facing typecasting in the film industry