മറ്റുള്ളവർക്ക് കാര്യങ്ങൾ ചെയ്തുകൊടുത്തേ ശീലമുള്ളൂ, സ്നേഹം സ്വീകരിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്: അനുമോൾ
ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, റോക്ക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച നടിയാണ് അനുമോൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിനപ്പുറമുള്ള ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി. ഇസ്‌ന്റ് ഇറ്റ് ലവ്‌ലി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

അനുമോൾ.photo.screen grab/youtube
‘ജീവിതത്തിൽ ഒരു പോയിന്റൊക്കെ എത്തിയപ്പോൾ ഒന്നു തല ചായ്ക്കാൻ, അല്ലെങ്കിൽ നമ്മുടെ കാര്യങ്ങളൊക്കെ പറഞ്ഞു ചെയ്യിപ്പിക്കാൻ ഒരാളും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെയുള്ള ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊക്കെ എനിക്ക് കിട്ടിയപ്പോൾ, ശീലമില്ലാത്തതുകൊണ്ട് അതൊക്കെ സ്വീകരിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. അപ്പോൾ പിന്നെ ഞാൻ അങ്ങനത്തെ ആളുകളിൽ നിന്നും മാറി നിൽക്കാൻ തുടങ്ങി.
എന്റെ അടുത്ത സുഹൃത്ത് എന്നോട് എപ്പോഴും പറയുമായിരുന്നു, സ്നേഹം സ്വീകരിക്കാനും പഠിക്കണം എന്ന്. ഞാൻ എപ്പോഴും ഒരു ഗിവർ സൈഡിൽ നിന്നുകൊണ്ട് മറ്റുള്ളവർക്ക് കാര്യങ്ങൾ ചെയ്തു കൊടുത്തു ശീലിച്ചതുകൊണ്ട്, ഒരുപക്ഷെ റിസീവർ സൈഡിൽ നിൽക്കാൻ എപ്പോഴും ബുദ്ധിമുട്ടാണ്. എനിക്കറിയില്ല അത് ഈഗോ ആണോ എന്ന്.
ഇപ്പോൾ ഒരു കാറിലൊക്കെ പോവുമ്പോൾ ആണെങ്കിൽ പാസഞ്ചർ സീറ്റിൽ കയറുക എന്നൊക്കെ പറയുന്നത് എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഈ പാറ്റേണുകളൊക്കെ ഞാൻ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. ഒരുപക്ഷെ വീട്ടിൽ ഞാൻ ഒരു രക്ഷിതാവിന്റെ റോൾ ചെയ്തു വളർന്നതുകൊണ്ടായിരിക്കാം ഇങ്ങനത്തെ ശീലങ്ങളൊക്കെ ഉണ്ടായി വന്നത്.
അതുകൊണ്ടുതന്നെ ആളുകൾ എന്റെ കാര്യങ്ങളിലൊക്കെ വെറുതെ ശ്രദ്ധ തരുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്നത്, ഞാൻ പ്രായപൂർത്തിയായ ഒരു വ്യക്തിയാണ്, വെറുതെ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്നൊരു ചിന്തയാണ്. ഒരുപക്ഷെ നമുക്ക് മെച്യൂരിറ്റി ആവുന്നതുകൊണ്ടാവാം ജീവിതത്തിൽ ഇത്തരം മാറ്റങ്ങളൊക്കെ സംഭവിക്കുന്നത്,’ അനുമോൾ പറഞ്ഞു.

അനുമോൾ.photo.screen grab/youtube
Content Highlight: Anumol opens up about struggling to receive love despite always being the one who gives