എന്റെ ഒരു സിനിമ ഇറങ്ങിയാൽ എല്ലാവരും നന്നായി ചെയ്തു ഞാൻ മാത്രം മോശമായി എന്ന് കരുത്തും, സെൽഫ് ലവ് തീരെ ഇല്ലാത്ത ഒരാളായിരുന്നു ഞാൻ: അനുമോൾ
ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, റോക്ക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച നടിയാണ് അനുമോൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിനപ്പുറമുള്ള ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുമോൾ.

അനുമോൾ.photo.screen grab/youtube
‘സെൽഫ് ലവ് തീരെ ഇല്ലാത്ത ഒരാളായിരുന്നു ഞാൻ. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല, എങ്കിലും അത് വേണമെന്നൊരു ധാരണയൊക്കെയുണ്ട്. ആത്മവിശ്വാസം തീരെയില്ല. സ്വയം സ്നേഹിക്കാൻ പഠിക്കുക എന്ന കാര്യം മാറ്റിവെച്ചാൽ, പണ്ട് ഞാൻ എന്നെത്തന്നെ വേദനിപ്പിക്കുന്ന ഒരാളായിരുന്നു . എന്റെ വിരലുകൾ കണ്ടാൽത്തന്നെ അറിയാം, ടെൻഷൻ വന്നാൽ ഞാൻ വിരലുകളിലെ തൊലി പിച്ചിപ്പൊളിക്കും. അടുത്തിടെയായി ആ ശീലങ്ങൾ ഒക്കെ മാറ്റി വരികയാണ്.
ഞാൻ എന്നെത്തന്നെ എപ്പോഴും കുറ്റപ്പെടുത്താറുമുണ്ട്. ഉദാഹരണത്തിന്, എന്റെ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ എല്ലാവരും നന്നായി, ഞാൻ മാത്രം മോശമായി എന്ന് കരുതി സ്വന്തം കുറ്റങ്ങൾ മാത്രം കാണുന്ന ഒരാളായിരുന്നു ഞാൻ. സെൽഫ് ലവ് ആണെങ്കിലും അതിലൊരു ബാലൻസിംഗ് ആവശ്യമാണ്. കാരണം ഭംഗിയായി വസ്ത്രം ധരിക്കുകയോ മേക്കപ്പ് ഇടുകയോ ചെയ്യുന്നത് മാത്രമല്ല, അതിനുമപ്പുറം നമ്മൾ നമുക്ക് തന്നെ മനസമാധാനം നൽകുന്നതാണ് പ്രധാനം.
എനിക്ക് സാരി ധരിക്കുമ്പോഴാണ് സന്തോഷവും കംഫർട്ടുമൊക്കെ ആയിട്ടാണ് തോന്നാറുള്ളത്. ഒരു വസ്ത്രത്തിൽ നമ്മൾ കംഫർട്ടബിൾ ആവുമ്പോൾ പിന്നെ ബാക്കി കാര്യങ്ങളെയൊന്നും കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടി വരില്ല. അല്ലെങ്കിൽ ഒരു ഡ്രസ്സ് ഇട്ടു കഴിഞ്ഞാൽ കൈ ഓക്കെയാണോ, കഴുത്ത് ഓക്കെയാണോ, വയർ ചാടിയോ എന്നൊക്കെ ചിന്തിച്ച് നമ്മൾ എപ്പോഴും കോൺഷ്യസ് ആയിക്കൊണ്ടിരിക്കും. കാരണം ചെറുപ്പം മുതലേ വസ്ത്രധാരണത്തെക്കുറിച്ച് നമ്മളെ അങ്ങനെയൊക്കെയാണ് കണ്ടീഷൻ ചെയ്തുവെച്ചിരിക്കുന്നത്.
എനിക്ക് ഏറ്റവും കംഫർട്ടബിളായ വസ്ത്രം സാരി തന്നെയാണ്. പക്ഷെ എന്റെ അമ്മയ്ക്ക് ഞാൻ സാരി ഉടുക്കുന്നത് തീരെ ഇഷ്ടമല്ല. ചെറുപ്പത്തിലൊക്കെ അമ്മ കാണാതെ ഞാൻ സാരി എടുത്തുടുക്കുമായിരുന്നു. പിന്നെ വലുതായപ്പോൾ എന്റെ ഡാൻസ് ടീച്ചർ സാരി ഉടുക്കുന്നത് കണ്ടും,നടി ശോഭന ചേച്ചിയുടെ സാരി ഉടുത്തുള്ള ഫോട്ടോകൾ കണ്ടുമൊക്കെയാണ് സാരിയോടുള്ള ഇഷ്ടം കൂടിയത്. ഒരുപക്ഷേ ആ വസ്ത്രധാരണം എനിക്ക് സന്തോഷവും സമാധാനവും നൽകുന്നുണ്ട്,’ അനുമോൾ പറഞ്ഞു.

അനുമോൾ.photo.screen grab/youtube
Content Highlight: Anumol candidly speaks about overcoming self-criticism and embracing self-love