| Sunday, 9th February 2025, 1:36 pm

മലയാളത്തിലെ ആ ഹിറ്റ് കോമഡി സിനിമയിലേത് പോലുള്ള വേഷം എനിക്ക് കിട്ടിയാല്‍ നന്നാകും: അനു സിത്താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അനു സിത്താര. 2013ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അതേവര്‍ഷം തന്നെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ചെറിയ വേഷം ചെയ്തിരുന്നു.

2015ല്‍ സച്ചിയുടെ അനാര്‍ക്കലി എന്ന ചിത്രത്തില്‍ ആതിര എന്ന കഥാപാത്രമായി ഒരു അതിഥി വേഷത്തിലും അനു എത്തിയിരുന്നു. അതിനുശേഷം ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, അച്ചായന്‍സ്, സര്‍വോപരി പാലാക്കാരന്‍, ആന അലറലോടലറല്‍, ഒരു കുട്ടനാടന്‍ ബ്ലോഗ്, ട്വല്‍ത്ത് മാന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു.

രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റര്‍, ഒരു കുപ്രസിദ്ധ പയ്യന്‍ ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാനും അനു സിത്താരക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ നെഗറ്റീവ് വേഷവും കോമഡി വേഷവും ഒരുമിച്ച് വന്നാല്‍ ഏതാകും തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഒരു വില്ലത്തി വേഷവും കോമഡി കഥാപാത്രവും ഒരുമിച്ച് കിട്ടിയാല്‍ ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിച്ചാല്‍ അതില്‍ ഒരു സംശയവുമില്ല. കോമഡി വേഷം തന്നെയാകും ഞാന്‍ തെരഞ്ഞെടുക്കുന്നത്. കോമഡി സിനിമകള്‍ കാണാന്‍ എനിക്ക് വലിയ ഇഷ്ടമാണ്.

പക്ഷേ അത് എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കുമോ എന്നറിയില്ല. പഴയ സിനിമകളൊക്കെ കാണുമ്പോള്‍ തോന്നാറുണ്ട് കോമഡി ചെയ്യാന്‍ തോന്നാറുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമ കണ്ടിട്ടില്ലേ. അതിലെ ഏത് കഥാപാത്രം നോക്കിയാലും നമ്മള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടുമല്ലോ.

ലളിതാമ്മയുടേതായാലും ബിന്ദു ചേച്ചിയായാലും കലാരഞ്ജിനിയായാലും സീനുകളൊക്കെ കാണുമ്പോള്‍ നല്ല രസമല്ലേ. അത്തരത്തിലുള്ള കോമഡി വേഷം കിട്ടുകയാണെങ്കില്‍ നന്നാകും. എനിക്ക് അതൊക്കെ വലിയ ഇഷ്ടമാണ്. അത്തരത്തില്‍ എനിക്ക് അവസരം ലഭിക്കുമോ എന്നൊന്നും അറിയില്ല,’ അനു സിത്താര പറയുന്നു.

Content Highlight: Anu Sithara Talks About Sreekrishnapurathe Nakshathrathilakkam Movie

We use cookies to give you the best possible experience. Learn more