മമ്മൂട്ടിക്കും ശ്രീനിവാസനും മുന്നേ തിരശ്ശീലയില്‍ രഘു എന്ന പേര്
Discourse
മമ്മൂട്ടിക്കും ശ്രീനിവാസനും മുന്നേ തിരശ്ശീലയില്‍ രഘു എന്ന പേര്
അനു പാപ്പച്ചന്‍
Tuesday, 4th May 2021, 2:33 pm

മമ്മൂട്ടിക്കും ശ്രീനിവാസനും മുന്നേ തിരശ്ശീലയില്‍ രഘു എന്ന പേര്.
ചിത്രം മേള.
കെ.ജി. ജോര്‍ജ് എന്ന മാസ്റ്റര്‍, തിരശ്ശീലയില്‍ അനശ്വരനാക്കിയ ‘ഗോവിന്ദന്‍ കുട്ടി’ എന്ന കഥാപാത്രത്തിന് കിട്ടിയ ഏറ്റവും ഉത്തമനായ അഭിനേതാവായിരുന്നു രഘു. ഒരൊറ്റ സിനിമ കൊണ്ട് ഉദിച്ചുയര്‍ന്ന കുഞ്ഞു സൂര്യനായിരുന്നു രഘു. ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായാവും ഒരു ചെറു മനുഷ്യന്‍ നായകനായി സ്റ്റാറാവുന്നത്.

ചെങ്ങന്നൂര്‍ രാധാകൃഷ്ണസദനത്തില്‍ രാമകൃഷ്ണപിള്ളയുടെയും, സരസ്വതി അമ്മയുടെയും മകന്‍ ശശിധരന്‍, മേള രഘുവായി പ്രശസ്തിയിലേക്കുയര്‍ത്തപ്പെട്ടെങ്കിലും ജീവിതയോട്ടത്തില്‍ ചേര്‍ത്തലയിലെ വാടക വീട്ടില്‍ നിന്ന് കരകയറിയില്ല. സ്‌കൂള്‍ കാലത്തില്‍ തന്നെ കലയില്‍ പ്രതിഭ തെളിയിച്ചിരുന്നു രഘു. പിന്നീട് പാതി വഴിയില്‍ പഠനം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സര്‍ക്കസിലെത്തി. തന്റെ കുഞ്ഞു ശരീരം കൊണ്ട് വലിയ വിറ്റുകള്‍ കാട്ടി മനുഷ്യരെ രസിപ്പിച്ചു ജീവിതം മുന്നോട്ടു പോയ സമയം.

കെ.ജി.ജോര്‍ജ്ജ് തന്റെ പുതു ചിത്രത്തിനായി കുഞ്ഞന്‍ നായകനെ തിരയുന്ന കാലം. സര്‍ക്കസ് കാണാന്‍ എത്തിയ ശ്രീനിവാസനാണ് രഘുവിനെ സിനിമയിലേക്കു ക്ഷണിക്കുന്നത്. രഘുവിനെ തിരഞ്ഞെടുത്ത കെ.ജി. ജോര്‍ജിന് തെറ്റിയില്ല. മേളയുടെ പോസ്റ്ററില്‍ ബെല്‍ ബോട്ടം പാന്റും ഷര്‍ട്ടും ഓവര്‍ കോട്ടും ഷൂസും കൂളിങ്ങ് ഗ്ലാസുമൊക്കെയായി നിന്ന ഗോവിന്ദന്‍ കുട്ടിയെ സിനിമ കണ്ട ശേഷം കാണികള്‍ ഹൃദയത്തില്‍ ചേര്‍ത്തു.

അങ്ങനെ മലയാള സിനിമയില്‍ ഒരു കുഞ്ഞന്‍ താരോദയം. അയാള്‍ ചിരിപ്പിച്ചു, കരയിപ്പിച്ചു. ‘മറ്റുള്ളവര്‍ എന്നെ നോക്കിച്ചിരിക്കുമ്പോള്‍ എനിക്കൊന്നും തോന്നാറില്ല. പക്ഷേ നീ ചിരിക്കുമ്പോള്‍ എന്റെ മനസില്‍ എന്തോ പോലെയാ…’
ഇങ്ങനെ പറയുന്ന ഗോവിന്ദന്‍ കുട്ടിയെ എങ്ങനെ മറക്കും!

സര്‍ക്കസ് കലാകാരന്മാരുടെ ജീവിതച്ചൂട് നിറഞ്ഞ ഒരു മനുഷ്യന്‍. കുഞ്ഞന്‍ മനുഷ്യനെന്ന നിസ്സഹായതയും അപമാനവും നല്കിയ പിരിമുറുക്കം അനുഭവിക്കുന്ന കലാകാരന്‍. ഉയരം കുറഞ്ഞ മനുഷ്യന്റെ സ്വപ്നങ്ങള്‍, അപകര്‍ഷതകള്‍ മനുഷ്യപ്പറ്റോടെ നോക്കി കണ്ട കെ.ജി. ജോര്‍ജിന്റെ ഗോവിന്ദന്‍, മറവിയെ അതിജീവിക്കുന്ന തിരക്കാഴ്ചയായി.

കാശും പത്രാസുമായി സര്‍ക്കസ് കൂടാരത്തില്‍ നിന്ന് നാട്ടിലെത്തുന്ന ഗോവിന്ദനും അയാളുടെ ജീവിതവും. ലീവിന് വരുമ്പോള്‍ കയ്യില്‍ ഒരു റേഡിയോ ആയി വരുന്ന രഘു. തന്നേക്കാള്‍ ഉയരം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച ഗോവിന്ദന് ജീവിതത്തില്‍ തുടര്‍ന്നങ്ങോട്ട്
ബാലന്‍സ് തെറ്റുകയാണ്. ശാരദ എന്ന നായിക കഥാപാത്രമായത് തെലുങ്ക് നടി അഞ്ജലി നായിഡുവാണ്. സൗന്ദര്യവും പുരുഷാകാരത്തികവുള്ള വിജയന്‍ (മമ്മൂട്ടി) അപ്പുറത്തും.

പത്തു നാല്പതു വര്‍ഷങ്ങള്‍ക്കിടെ പത്തിരുപതു സിനിമകള്‍ മാത്രം. കാവടിയാട്ടം, ഇരിക്കൂ എം.ഡി അകത്തുണ്ട്, അപൂര്‍വ്വ സഹോദരങ്ങള്‍, വിനയപൂര്‍വ്വം വിദ്യാധരന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ ….. മമ്മൂട്ടിയോടൊപ്പം ആദ്യ ചിത്രമെങ്കില്‍ അവസാന ചിത്രം മോഹന്‍ലാലിനൊപ്പം – ദൃശ്യം രണ്ടാം ഭാഗത്തില്‍. കെ.പി.എ.സിയുടെ ഇന്നലകളിലെ ആകാശം എന്ന നാടകത്തിലും അഭിനയിച്ചിട്ടുണ്ട് രഘു.

‘മനസ്സൊരു മാന്ത്രികക്കുതിരയായി പായുന്നു, മനുഷ്യന്‍ കാണാത്ത പാതകളില്‍’
മുല്ലനേഴിയുടെ വരികള്‍.
MBS സംഗീതം
യേശുദാസ് പാടുന്നു…..

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anu Pappachan writes about Mela Raghu