| Thursday, 11th May 2023, 11:56 pm

ഈ ദിവസങ്ങളില്‍ കുടുംബം നേരിട്ട വിഷമത്തിന് അപ്പന്റേം അമ്മയുടെയും ജീവിതത്തിന്റെ വിലയുണ്ട്; പ്രതികരിച്ച് പെപ്പെയുടെ സഹോദരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ നിര്‍മിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വര്‍ഗീസ് പെപ്പെ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും അഡ്വാന്‍സായി വാങ്ങിയ പത്ത് ലക്ഷം രൂപ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയെന്നുമുള്ള ജൂഡ് ആന്തണി ജോസഫിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു.

സംഭവത്തില്‍ ജൂഡിന് മറുപടിയുമായി പെപ്പെ വ്യാഴാഴ്ച വാര്‍ത്താമ്മേളനം വിളിക്കുകയും ചെയ്തു. നിര്‍മാതാവിനെ പറ്റിച്ച പണം കൊണ്ടല്ല സഹോദരിയുടെ വിവാഹം നടത്തിയതെന്നും ആ പണം തിരിച്ചുകൊടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് കല്യാണാലോചന വന്നതെന്നുമാണ് ആന്റണി പറഞ്ഞത്.

ഈ വിവാദത്തില്‍ പ്രതികരിക്കുകയാണിപ്പോള്‍ പെപ്പെയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ഈ ദിവസങ്ങളില്‍ തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകള്‍ക്ക് മനസിലാകില്ലെന്നും, അതിന് തന്റെ അച്ഛന്റെയും അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നും അഞ്ജലി പറഞ്ഞു. കല്യാണ ദിവസം പെപ്പയോടൊപ്പമെടുത്ത ചിത്രം പങ്കുവെച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം.

‘രണ്ട് ദിവസത്തോളം ഞങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടന്‍ പറഞ്ഞത്. ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല. പക്ഷെ അതിന് എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്,’ അഞ്ജലി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

അതേസമയം, സംഘടനകള്‍ ചേര്‍ന്ന് പറഞ്ഞുതീര്‍ത്ത പ്രശ്നമാണ് വീണ്ടും മുന്നിലേക്ക് കൊണ്ടുവന്നതെന്നും സ്വന്തം വിജയം മറ്റൊരാളെ തകര്‍ക്കാന്‍ ജൂഡ് ഉപയോഗിക്കുകയാണെന്നും പെപ്പെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ തന്റെ അമ്മ ജൂഡിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Antony Vargheses’s sister react controversy about Jude Anthany Joseph

We use cookies to give you the best possible experience. Learn more