സീരിയല്‍ നിലവാരമില്ലാത്ത ദൃശ്യം 3യുടെ ആരാധകര്‍ കാട്ടാളനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഫേക്ക് അക്കൗണ്ടില്‍ നിന്നുമുള്ള പോസ്റ്റിന് മറുപടിയുമായി ആന്റണി വര്‍ഗീസ്
കാത്തിരിപ്പിനൊടുവില്‍ ഇന്ന് (വ്യാഴം) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു കാട്ടാളന്‍. നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആദ്യ ഷോയ്ക്ക് ശേഷം തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മാര്‍ക്കോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടനായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് സംഗീത സംവിധായകനായി രവി ബാസുര്‍, സംഘട്ടന സംവിധായകനാായി കെച്ച കെംപഗ്‌ദെ തുടങ്ങിയവരും എത്തിയതോടെ ഹൈപ്പ് വര്‍ധിക്കുകയായിരുന്നു.
ചിത്രത്തിന് പ്രതീക്ഷിച്ച വിധത്തില്‍ ആളുകളെ പിടിച്ചിരുത്താന്‍ സാധിച്ചില്ലെന്ന തരത്തില്‍ നെഗറ്റീവ് കമന്റുകള്‍ വന്നതിന് പിന്നാലെ ആന്റണി വര്‍ഗീസ് ഫാന്‍സ് ക്ലബ് എന്ന ഐ.ഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാട്ടാളന്‍ സിനിമയെ ചിലര്‍ നെഗറ്റീവ് പറഞ്ഞ് പോസ്റ്റിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഒരാഴ്ച്ച മുമ്പ് പുറത്തിറങ്ങിയ ഒരു സീരിയല്‍ നിലവാരം പോലുമില്ലത്ത ദൃശ്യം 3 സിനിമയുടെ പി.ആര്‍ ടീമാണിതെന്നും അവരുടെ മോശം റിവ്യൂ ആരും വിശ്വിസിക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഉടനടി തന്നെ ഈ പോസ്റ്റിന് മറുപടിയുമായി ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസ് രംഗത്തെത്തിയിരിക്കുകയാണ്.
‘എന്റെ ഫാന്‍സ് പേജ് എന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു ഫേസ് ബുക്ക് പേജ് വസ്തുതാ വിരുദ്ധവും തെറ്റായതുമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞാനുമായോ എന്റെ ഫാന്‍സ് കമ്യൂണിറ്റിയുമായോ യാതൊരു വിധത്തിലുമുള്ള ബന്ധവും ഈ പേജിന് ഇല്ലെന്ന് നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു. അനാവശ്യമായ വിവാദങ്ങളും ഡ്രാമയും സൃഷ്ടിക്കാന്‍ വേണ്ടി ഒരു കൂട്ടം ആളുകള്‍ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള പേജുകളില്‍ പ്രത്യക്ഷപ്പെടുന്ന പോസറ്റുകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു. ഈ കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് നന്ദി,’ ആന്റണി തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പറഞ്ഞു.
ആനകളെ കൊന്ന് ആനക്കൊമ്പ് കടത്തുന്ന കള്ളക്കടത്തുകാരുടെ കഥ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ജഗദീഷ്, ദുഷാര വിജയന്‍, ഹനാന്‍ ഷാ, ഹിപ്സ്റ്റര്‍, അല്‍ഫോണ്‍സ് പുത്രന്‍, ലോകേഷ് കനകരാജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Antony Varghese reacts against Fake post regarding his new movie and Drishyam 3
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.