ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട പെപ്പെ, കാട്ടാളനില്‍ അടി പതറിയപ്പോള്‍
Malayalam Cinema
ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട പെപ്പെ, കാട്ടാളനില്‍ അടി പതറിയപ്പോള്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 1st June 2026, 4:08 pm

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ആന്‍ണി വര്‍ഗീസ്, ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടാണ് മലയാള സിനിമയില്‍ തന്റെതായി സ്ഥാനം കണ്ടെത്തിയത്. മലയാള സിനിമ കണ്ട് ശീലിച്ച ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ അങ്കമാലി ഡയറീസിന് പിന്നാലെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച ആക്ഷന്‍ താരം എന്ന രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

എന്നാല്‍ ഇതിനിടയില്‍ ആക്ഷനില്‍ നിന്നും ട്രാക്ക് മാറ്റിപിടിച്ച താരത്തിന്റെ ചിത്രങ്ങളൊന്നും തന്നെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ഓ മേരി ലൈല, പൂവന്‍, തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മോശം പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ നേരിട്ട തുടര്‍പരാജയങ്ങള്‍ അവസാനിപ്പിക്കാനായി താരത്തിന്റെതായി വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മെയ് 28ന് തിയേറ്ററുകളിലെത്തിയ കാട്ടാളന്‍.

ആന്റണി വര്‍ഗീസ്. Photo: The News Minute

2024ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനര്‍ അണിയിച്ചൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പോള്‍ ജോര്‍ജായിരുന്നു. ആനക്കൊമ്പ് കാര്‍ട്ടലിനെ പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രം അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ പേര് കൊണ്ട് തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ സുനില്‍, കെ.ജി.എഫിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകന്‍ രവി ബസ്രൂര്‍, ബാഹുബലിയടക്കം വമ്പന്‍ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫറായ കെച്ച കെംപഗ്‌ദെ തുടങ്ങി പ്രഗല്‍ഭരാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചത്. എന്നാല്‍ റിലീസിന് മുമ്പുണ്ടായിരുന്ന ഹൈപ്പുകളോട് നീതി പുലര്‍ത്താന്‍ സാധിക്കാത്ത ചിത്രമായി കാട്ടാളന്‍ മാറുകയായിരുന്നു. ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് നടത്തുക എന്ന ആന്റണിയുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്.

കാട്ടാളന് ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് മുതല്‍ തന്നെ ഒരു മികച്ച ആക്ഷന്‍ ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷളുണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. പതിവ് പോലെ ചിത്രത്തിലെ ഹൈ വോള്‍ട്ട് ആക്ഷന്‍ രംഗങ്ങള്‍ ആന്റണി മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരിലേക്ക് ഇതിന്റെ ഇംപാക്ട് കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ താരത്തിന്റെ ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു. ചിത്രത്തില്‍ താരം അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രം ആരാണെന്നോ എന്താണെന്നോ പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ട് ചെയ്യാന്‍ സംവിധായകന് സാധിക്കുന്നില്ല.

ആന്റണി വര്‍ഗീസ്. Photo: X.com

ആവശ്യത്തിന് ഡയലോഗുകളില്ലായ്മയും സന്ദര്‍ഭത്തിന് യോജിക്കാത്ത വിധത്തിലുള്ള ഡയലോഗ് ഡെലിവെറിയും ചിലയിടങ്ങളിലെങ്കിലും കഥാപാത്രത്തെ അവിശ്വസിനീയമാക്കുന്നുണ്ട്. ചിത്രത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആനയുമായുള്ള ഫൈറ്റ് സീനിന്റെ ദൈര്‍ഘ്യം കുറവാണെന്നതും കാട്ടാളനിലെ പോരായ്മയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ താരത്തിന്റെ ആക്ഷന്‍ ചിത്രങ്ങളെല്ലാം യാഥാര്‍ത്ഥ്യത്തോട് അടുത്ത് നിന്നിരുന്നതാണെന്ന് കാണാം. എന്നാല്‍ കാട്ടാളനിലേക്കെത്തുമ്പോള്‍ എത്ര വെടിവെച്ചാലും കൊള്ളാത്ത നായകനും ഇടികൊള്ളാന്‍ മാത്രമറിയുന്ന വില്ലന്മാരും ചിത്രത്തിന്റെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

Content Highlight: Antony Varghese Pepe character in Kattalan Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.