| Wednesday, 4th June 2025, 1:15 pm

വിജയ് ചിത്രത്തിലേക്ക് ഓഫര്‍ വന്നു, ആ കാരണത്താല്‍ ഓഫര്‍ സ്വീകരിച്ചില്ല: ആന്റണി വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ആന്റണി വര്‍ഗീസ്. ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത് പെപ്പെ എന്നാണ് ഇപ്പോള്‍ ആന്റണി വര്‍ഗീസ് അറിയപ്പെടുന്നത്. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകളിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ പെപ്പെക്ക് സാധിച്ചു.

2023 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ആര്‍.ഡി.എക്സിലൂടെ ആക്ഷന്‍ ഹീറോ എന്ന ലേബലില്‍ പെപ്പെ അറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് ദാവീദ്.

ഇപ്പോള്‍ തമിഴില്‍ അവസരങ്ങള്‍ ലഭിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആന്റണി വര്‍ഗീസ്. തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ആന്റണി വര്‍ഗീസ് പറയുന്നു. വിജയ്‌യുടെ മാസ്റ്റര്‍ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നുവെന്നും താന്‍ ആ സമയത്ത് അജഗജാന്തരം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അതിനാല്‍ തനിക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ പറ്റിയില്ലെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു. സൂരിയുടെ സിനിമയിലേക്ക് കോള്‍ വന്നിരുന്നുവെന്നും ഡേറ്റ് പ്രശ്‌നം മൂലം അതും വര്‍ക്കായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു ആന്റണി വര്‍ഗീസ്.

‘അവസരങ്ങള്‍ വന്നു. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റിയില്ല. ആദ്യം ‘മാസ്റ്റര്‍’ എന്ന സിനിമയിലേക്കായിരുന്നു ക്ഷണം. ആ സമയത്ത് ‘അജഗജാന്തരം’ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ആ ഓഫര്‍ സ്വീകരിക്കാന്‍ പറ്റിയില്ല. കുറച്ചുകാലത്തിനുശേഷം സൂരിയുടെ പടത്തിലേക്കു വിളിവന്നു. അന്നും ഡേറ്റ് പ്രശ്നമായി. അതുകൊണ്ട് അതും വര്‍ക്കായില്ല. അടുത്തവര്‍ഷം തമിഴടക്കമുള്ള ഭാഷകളില്‍ സജീവമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ,’ ആന്റണി വര്‍ഗീസ് പറയുന്നു.

Content Highlight: Antony Varghese is answering the question of whether he gets opportunities in Tamil.

We use cookies to give you the best possible experience. Learn more