യുണൈറ്റഡില്‍ ഒരുപാട് അനുഭവിച്ചു; വികാരാധീനനായി ആന്തണി
Football
യുണൈറ്റഡില്‍ ഒരുപാട് അനുഭവിച്ചു; വികാരാധീനനായി ആന്തണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd September 2025, 1:34 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിരുന്ന കാലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ ഫുട്‌ബോളര്‍ ആന്തണി. ഒറ്റക്ക് പരിശീലനം നടത്തേണ്ടി വന്നത് തന്നെ വല്ലാതെ ബാധിച്ചുവെന്നും റയല്‍ ബെറ്റിസില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റയല്‍ ബെറ്റിസിലെ തന്റെ പ്രസന്റേഷന്‍ ചടങ്ങിലാണ് താരം വികാരാധീനനായി പ്രതികരിച്ചത്.

‘മാഞ്ചസ്റ്ററില്‍ ഞാന്‍ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് എന്റെ കുടുംബത്തിന് മാത്രമേ അറിയൂ. ഒറ്റക്ക് പരിശീലനം നടത്തേണ്ടി വന്നത് എന്നെ വല്ലാതെ ബാധിച്ചു. പക്ഷേ, ഈ മനോഹര നിമിഷമെത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. ഈ ട്രാന്‍സ്ഫര്‍ നടക്കില്ലേയെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍, ഒരു വിശ്വാസത്തില്‍ ഞാന്‍ കാത്തിരുന്നു.

ബെറ്റിസിലേക്കുള്ള ട്രാന്‍സ്ഫര്‍ സാധ്യമാകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഇന്ന് ഞാന്‍ ഇവിടെത്തി. ടീമിനായി വീണ്ടും കളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഈ നീക്കം സാധ്യമായതില്‍ ഞാന്‍ എല്ലാവരോടും നന്ദി പറയുകയാണ്,’ ആന്തണി പറഞ്ഞു.

ജൂണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിവസമാണ് ആന്തണിയുടെ റയല്‍ ബെറ്റിസിലേക്കുള്ള കൂടുമാറ്റം നടന്നത്. താരം 25 മില്യണ്‍ യൂറോയ്ക്കാണ് ടീമിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടെ, മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലെ താരത്തിന്റെ കരിയറിന് വിരാമം ഇടാനും ഏറെ നാളത്തെ ആഗ്രഹമായ റയല്‍ ബെറ്റിസിലേക്കുള്ള തിരിച്ച് വരവ് സാധ്യമാവുകയും ചെയ്തു.

2022ലാണ് ആന്തണി അയാക്‌സില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത്. പക്ഷെ, ടീമില്‍ വലിയ പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനായിരുന്നില്ല. പലപ്പോഴും ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്റെ വിധി. അതോടെ, യുണൈറ്റഡ് ആന്തണിയെ ലോണായി റയല്‍ ബെറ്റിസിലേക്ക് നല്‍കി.

അവിടെയെത്തിയത്തോടെ താരത്തിന്റെ ഒരു പുതിയ മുഖത്തിനാണ് ആരാധകര്‍ സാക്ഷിയായത്. ടീമായി 29 മത്സരങ്ങളില്‍ നിന്ന് ആന്തണി ഒമ്പത് ഗോളും അഞ്ച് അസിസ്റ്റുകളും നേടി. കൂടാതെ, ടീമിനെ യുവേഫ കോണ്‍ഫറന്‍സ് കപ്പിന്റെ ഫൈനലില്‍ എത്തിക്കുന്നതിലും ബ്രസീലിയന്‍ വിങ്ങര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.

കഴിഞ്ഞ സീസണില്‍ പകുതിയോടെ ബെറ്റിസില്‍ എത്തിയ താരം സീസണ്‍ അവസാനിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തി. പക്ഷേ, യുണൈറ്റഡ് കോച്ച് റൂബന്‍ അമോറിമിന്റെ പദ്ധതികളില്‍ താരം ഉണ്ടായിരുന്നില്ല. അതോടെ, പ്രീ സീസണിനുള്ള ടീം സ്‌ക്വാഡില്‍ ആന്തണിയെ പുറത്താക്കി. പിന്നീട് താരത്തിന് പ്രത്യേക പരിശീലനം നടത്തേണ്ടിയും വന്നിരുന്നു.

‘എന്തൊരു വ്യത്യാസം! സെവിയ്യ മാഞ്ചസ്റ്ററിനേക്കാള്‍ മനോഹരമാണ്. ഒടുവില്‍ എനിക്ക് ഇവിടെ എത്താന്‍ സാധിച്ചു. 40 ദിവസത്തിലേറെ ഞാന്‍ ഹോട്ടലില്‍ ചെലവഴിച്ചു. അത് വളരെ ബുദ്ധിമുട്ടായിരുന്നു.

പക്ഷേ, എനിക്ക് ബെറ്റിസിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എനിക്ക് ഇവിടെ ചെയ്യാനും നേടാനും ധാരാളം കാര്യങ്ങളുണ്ട്. ബെറ്റിസ് ആരാധകരുടെ സ്‌നേഹം കണ്ട എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല,’ ആന്തണി കൂട്ടിച്ചേര്‍ത്തു.

Content Highlight: Antony revealed emotionally it was hard in Manchester United after move to Real Betis