തിരുവനന്തപുരം: എല്‍.ഡി.എഫ് നേതാവും മുന്‍ മന്ത്രിയുമായ ആന്റണി രാജു എം.എല്‍.എ സ്ഥാനത്തിന് അയോഗ്യനെന്ന് വിജ്ഞാപനമിറക്കി കേരള നിയമസഭ.
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി വിധി പുറപ്പെടുവിച്ച ദിവസം മുതല്‍ ആന്റണി രാജു അയോഗ്യനായെന്നാണ് വിജ്ഞാപനം.
ജനുവരി മൂന്നിനാണ് തൊണ്ടിമുതല്‍ കേസില്‍ വിധി വന്നത്. നിലവില്‍ തിരുവനന്തപുരം സീറ്റില്‍ ഒഴിവുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമസഭ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
നേരത്തെ ആന്റണി രാജുവിനെതിരെ ബാര്‍ കൗണ്‍സിലും നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയം ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി പരിശോധിക്കുമെന്നാണ് വിവരം.
ജനുവരി ഒമ്പതിന് ബാര്‍ കൗണ്‍സിലിന്റെ മൂന്നംഗ സമിതി കേസ് പരിഗണിക്കും. നടപടിയുടെ ഭാഗമായി ആന്റണി രാജുവും ബന്ധപ്പെട്ട കക്ഷികള്‍ക്കും ബാര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ടതിന് ശേഷം നടപടികളിലേക്ക് കടക്കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
തൊണ്ടിമുതല്‍ കേസിലെ രണ്ടാംപ്രതിയായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ശിക്ഷാവിധി.
കഠിന തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ആന്റണി രാജുവിന് ജയില്‍വാസം നിര്‍ബന്ധമാകുന്നില്ല. ജാമ്യം, സ്റ്റേ എന്നിവ അനുവദിച്ചാലും അയോഗ്യത നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതുകൊണ്ട് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതിയായ കെ.എസ്. ജോസിനും മൂന്ന് വര്‍ഷത്തെ തടവിനാണ് കോടതി വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്.
Content Highlight: Antony Raju is unfit; Kerala Assembly issues notification