| Sunday, 18th May 2025, 4:00 pm

പ്രതീക്ഷിച്ച കാര്യങ്ങളെല്ലാം ഒടിയനില്‍നിന്ന് കിട്ടിയിരുന്നു, തിയേറ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ഹിറ്റ് ചിത്രമായിരുന്നു: ആന്റണി പെരുമ്പാവൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവാണ് ആന്റണി പെരുമ്പാവൂര്‍. 1987ല്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി കരിയര്‍ ആരംഭിച്ച ആന്റണി പെരുമ്പാവൂര്‍ പിന്നീട് ഹ്രസ്വ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 2000ല്‍ അദ്ദേഹം മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്ന ആശിര്‍വാദ് സിനിമാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി സ്ഥാപിക്കുകയും ചെയ്തു.

എല്ലാ സിനിമകളും ഹിറ്റ് ചിത്രമാക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അങ്ങനെ ഒരാള്‍ക്ക് കഴിയുമെങ്കില്‍ എല്ലാ സിനിമകളും താന്‍ നിര്‍മിച്ചേനെയെന്നും പ്രേക്ഷകര്‍ എന്താണ് ചിന്തിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ആന്റണി പറയുന്നു. തിയേറ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ഒടിയന്‍ ഹിറ്റ് ചിത്രമാണെന്നും മുമ്പ് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

‘എല്ലാ സിനിമകളും ഹിറ്റ് ചിത്രമാക്കാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ക്ക് കഴിയുമെങ്കില്‍ അയാളുടെ എല്ലാ സിനിമകളും ഞാന്‍ നിര്‍മിച്ചേനെ. ഓരോ സിനിമയില്‍നിന്നും പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കുന്നെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. നമ്മള്‍ പ്രതീക്ഷിച്ച കാര്യങ്ങളെല്ലാം ഒടിയനില്‍നിന്ന് കിട്ടിയിരുന്നു. തിയേറ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ഒടിയന്‍ ഹിറ്റ് ചിത്രമായിരുന്നു,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ഒടിയന്‍

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിയന്‍. ചിത്രം നിര്‍മിച്ചത് ആശീര്‍വാദ് ആയിരുന്നു. മലയാള സിനിമ മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത ഒടിയന്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ വമ്പന്‍ പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു ഒടിയന്‍.

ചിത്രത്തിനായി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവറും അത്ഭുതത്തോടെയാണ് മലയാളികള്‍ കണ്ടത്. എന്നാല്‍ അമിത പ്രതീക്ഷ തന്നെയായിരുന്നു ചിത്രത്തിന് അപകടമായത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.

Content Highlight: Antony Perumbavoor Talks About Odiyan Movie

We use cookies to give you the best possible experience. Learn more