| Monday, 20th January 2025, 7:35 pm

ശൂന്യതയിലായിപ്പോയ കാലത്ത് വന്ന വണ്‍ ലൈന്‍, മലയാളസിനിമയുടെ അതിരുകള്‍ പൊളിച്ചെഴുതിയ ചിത്രമായി മാറി: ആന്റണി പെരുമ്പാവൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കേരളമൊട്ടാകെ തരംഗമായി മാറി. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയില്‍ വിജയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെ റിലീസായ ദൃശ്യം 2 വലിയ ചര്‍ച്ചയായിരുന്നു.

ദൃശ്യ 2 വിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. കൊറോണകാലത്ത് എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ജീത്തു ജോസഫ് പറഞ്ഞ വണ്‍ ലൈനില്‍ നിന്നാണ് ദൃശ്യം 2 വിന്റെ തുടക്കമെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കഥ പൂര്‍ണ രൂപത്തിലായപ്പോള്‍ മോഹന്‍ലാലും വന്നെന്നും, രോഗഭീതി ശക്തമായ കാലത്ത് വളരെയേറെ അഭിനേതാക്കളെ ഒന്നിച്ചുനിര്‍ത്തി ചിത്രീകരണം സാധ്യമാകുമോ എന്ന് സംശയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കായി എടുത്ത സിനിമയായിരുന്നു ദൃശ്യം 2 എന്നും അത്തരമൊരു പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിനെത്തിയതിന്റെ ഗുണം ചിത്രത്തിന് ലഭിച്ചുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ പലഭാഗത്തിരുന്ന് ആളുകള്‍ ആ ചിത്രം കണ്ടെന്നും അത് മലയാള സിനിമയുടെ അതിരുകള്‍ പൊളിച്ചെഴുതിയെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

‘ശൂന്യതയിലായിപ്പോയ കാലമായിരുന്നു കൊറോണയുടേത്. കുഞ്ഞാലിമരക്കാര്‍ പോലൊരു വലിയ സിനിമ പൂര്‍ത്തിയായി
എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. കൊറോണാ ഭീതിയില്‍ സിനിമാമേഖല മൊത്തത്തില്‍ സ്തംഭിച്ചു. അങ്ങനെയിരിക്കുമ്പോള്‍ ജീത്തു ജോസഫില്‍ നിന്ന് ഒരു വണ്‍ലൈന്‍ ലഭിച്ചപ്പോള്‍ മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചു. കഥ പൂര്‍ണ രൂപത്തിലായപ്പോള്‍ ലാല്‍ സാര്‍ ഇറങ്ങി. രോഗഭീതി ശക്തമായ കാലത്ത് ഇത്രയധികം അഭിനേതാക്കളെ ഒന്നിച്ചുനിര്‍ത്തി ചിത്രീകരണം സാധ്യമാകുമോ എന്ന് പല തവണ സംശയിച്ചു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കായി എടുത്ത സിനിമയായിരുന്നു ദൃശ്യം. അത്തരമൊരു പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിനെത്തിയതിന്റെ ഗുണം ചിത്രത്തിന് ലഭിച്ചു. ലോകത്തിന്റെ പല ഭാഗത്തിരുന്നാണ് ആളുകള്‍ ‘ദൃശ്യം 2′ കണ്ടത്. മലയാളസിനിമ അതിരുകള്‍ പൊളിച്ചെഴുതി. അതിന്റെ നേട്ടം വരാനിരിക്കുന്ന സിനിമകള്‍ക്ക് ലഭിക്കുമെന്നുറപ്പായിരുന്നു.

ബ്രഹ്‌മാണ്ഡ സിനിമകളും വലിയ കാഴ്ചകള്‍ തുറന്നുവയ്ക്കുന്ന ചിത്രങ്ങളും തിയേറ്ററുകളില്‍ തന്നെ വരണം. എന്നാല്‍, ഞങ്ങള്‍ ഒ.ടി.ടി.ക്ക് എതിരല്ല. രണ്ട് മേഖലയിലും സിനിമകള്‍ ചെയ്യും. ഇക്കാര്യത്തില്‍ ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

Content highlight: Antony Perumbavoor talks about drishyam 2

We use cookies to give you the best possible experience. Learn more