ഗസ വംശഹത്യ: തുര്‍ക്കിയിലെ നാറ്റോ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇടത് പക്ഷത്തിന് പുറത്തേക്കും വ്യാപിക്കുന്നു
Trending
ഗസ വംശഹത്യ: തുര്‍ക്കിയിലെ നാറ്റോ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇടത് പക്ഷത്തിന് പുറത്തേക്കും വ്യാപിക്കുന്നു
റെന്വര്‍ പി
Thursday, 9th July 2026, 9:26 am

ഇസ്താംബുള്‍: തുര്‍ക്കിയില്‍ നാറ്റോ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുന്നു. മുന്‍ കാലങ്ങളില്‍ രാജ്യത്തെ ഇടത് പ്രസ്ഥാനങ്ങളായിരുന്നു നാറ്റോ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗസയിലെ വംശഹത്യ അടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ തുര്‍ക്കിയില്‍ നാറ്റോ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമാവുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു ഉച്ചകോടി.

ഉച്ചകോടിക്കെതിരെ കഴിഞ്ഞ ശനിയാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളില്‍ സംഘടിപ്പിച്ച നാറ്റോ വിരുദ്ധ സമ്മേളനത്തില്‍ യുദ്ധ വിരുദ്ധ പ്രവര്‍ത്തകരും സോഷ്യലിസ്റ്റുകളും അടക്കം നിരവധി പേര്‍ പങ്കെടുത്തതായി മിഡില്‍ ഈസ്റ്റ് ഐ ഇന്നലെ (ജൂലൈ 8-ബുധന്‍) പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു.

നിലവില്‍ നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി. നാറ്റോ അംഗത്വം തുര്‍ക്കി ഉപേക്ഷിക്കണമെന്ന് രാജ്യത്തെ ഇടത് സംഘടനകള്‍ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു.

നാറ്റോ ഉച്ചകോടിക്കെതിരെ അങ്കാറയില്‍ തിങ്കളാഴ്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കിയുടെ (ടി.കെ.പി) നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 100 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘കൊലയാളികളായ നാറ്റോ രാജ്യം വിടണം,’ എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അങ്കാറയില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാറ്റോ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ പൊലീസ് നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കിയിരുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം 200ലധികം പേരെ ഇതിന്റെ ഭാഗമായി അങ്കാറയില്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി തുര്‍ക്കി നടത്തുന്ന അടിച്ചമര്‍ത്തലിനെ അപലപിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം 25ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിലായിരുന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രതികരണം.

കഴിഞ്ഞ മാസം 225 പേരെ അറസ്റ്റ് ചെയ്തതായി അങ്കാറ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു. ഭീകര സംഘടനാ ബന്ധം സംശയിക്കുന്നുവെന്ന ആരോപണത്തിലായിരുന്നു അറസ്റ്റുകള്‍. എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ് യില്‍ദിസ് താരും രണ്ട് അഭിഭാഷകരും പരിസ്ഥിതി പ്രശ്‌നങ്ങളുന്നയിക്കുന്ന സംഘടനയായ ടി.ഇ.എം.എ ഫൗണ്ടേഷന്റെ 14 പ്രവര്‍ത്തകരും അടക്കമുള്ളവരെയാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസ്താവനയില്‍ പറയുന്നു.

നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനും അങ്കാറ ഗവര്‍ണര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ 10 വരെയാണ് ഈ വിലക്ക്.

വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് തുര്‍ക്കിയുടെ (ടി.ഐ.പി) നേതൃത്വത്തിലായിരുന്നു ശനിയാഴ്ച ഇസ്താംബുളില്‍ നാറ്റോ വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചത്. ‘ നോ ടു നാറ്റോ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിച്ചത്.

2035 വരെ അംഗരാജ്യങ്ങള്‍ ജി.ഡി.പിയുടെ അഞ്ച് ശതമാനം വരെ പ്രതിരോധത്തിന് ചെലവഴിക്കണമെന്ന പുതിയ വ്യവസ്ഥ നാറ്റോ മുന്നോട്ട് വെക്കുന്നുണ്ട്. ഈ വ്യവസ്ഥയെ പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നു. യു.എസും ഇസ്രഈലും നടത്തുന്ന യുദ്ധങ്ങളിലേക്ക് തൊഴിലാളികള്‍ അടക്കമുള്ളവരുടെ സമ്പാദ്യം ഒഴുക്കിവിടാനുള്ള നടപടിയാണ് ഇതെന്ന് നാറ്റോ വിരുദ്ധ സമ്മേളനത്തോട് അനുബന്ധിച്ച് ടി.ഐ.പി പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു.

ശനിയാഴ്ചത്തെ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിരുന്ന അന്താരാഷ്ട്ര പ്രതിനിധികളെ തുര്‍ക്കിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതായി ടി.ഐ.പി വക്താവിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നാഷനല്‍ പീസ് ബ്യൂറോ, ജര്‍മനിയിലെ ഡൈ ലിങ്കെ പാര്‍ട്ടിയുടെ യുവജന വിഭാഗം എന്നിവയുടെ അംഗങ്ങള്‍ അടക്കമുള്ളവരെ ഇസ്താംബുള്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നെന്നും വക്താവ് പറഞ്ഞു.

ഗസ വംശഹത്യയില്‍ നാറ്റോയുടെ നിലപാട് തുര്‍ക്കിയില്‍ വിമര്‍ശനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി മിഡില്‍ ഈസ്റ്റ് ഐയുടെ ലേഖനത്തില്‍ പറയുന്നു. ഗസ വിഷയത്തില്‍ തുര്‍ക്കിയുടെ നിലപാട് മുതലക്കണ്ണീര്‍ ഒഴുക്കലാണെന്ന് ടി.ഐ.പി വക്താവ് പറഞ്ഞതായും മിഡില്‍ ഈസ്റ്റ് ഐ ലേഖനത്തില്‍ പറയുന്നു.

Content Highlight: Anti NATO Protests in Turkey

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.