തൃശ്ശൂർ: കേരളത്തിലെ അറബിക് റെസ്റ്റോറൻ്റുകളുടെ സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയ്ക്ക് കത്തുനല്കി ബി.ജെ.പി.
തൃശ്ശൂർ ജില്ലാ ബി.ജെ.പി ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീത് ദാസാണ് എൻ.ഐ.എയ്ക്ക് കത്തുനല്കിയത്.
നോട്ടുനിരോധനത്തിന് ശേഷം കേരളത്തിലുടനീളം റെസ്റ്റോറെന്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്നും, സാമ്പത്തികമായി വലിയ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്ത് റെസ്റ്റോറെന്റിനാവശ്യമായ മൂലധനം നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതവുമായാണോ കണ്ടെത്തിയതെന്ന് ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
നോട്ടുനിരോധനനത്തിന് ശേഷം ആരംഭിച്ചിട്ടുള്ള റെസ്റ്റോറെന്റുകളുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് കാര്യമായ അന്വേഷണം ആവശ്യപ്പെടുന്ന കത്ത്, ദേശവിരുദ്ധ വിദേശ പണം നിക്ഷേപമായി ലഭിച്ചെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്ത പുറത്തുവന്നതുമുതൽ വലിയ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്.
കഴിഞ്ഞയാഴ്ച ചേർത്തലയിൽ മന്തി റസ്റ്റോറൻ്റിൻ്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണനെ ഉപയോഗിച്ചതിൽ റസ്റ്റോറന്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം ഉണ്ടാക്കിയതിനായിരുന്നു ഉടമയ്ക്കെതിരെ കേസെടുത്തത്. ഇതിനെത്തുടർന്ന് വിശ്വ ഹിന്ദു പരിഷത് റെസ്റ്റോറെന്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് എൻ.ഐ.എയ്ക്ക് ബി.ജെ.പിയുടെ പരാതി.
Content Highlight: Anti-national links of Arabic restaurants in Kerala should be investigated; BJP’s letter to NIA