ഇറാന്‍ വിരുദ്ധ ഫത്‌വകള്‍ സാമ്രാജ്യത്വത്തിനുള്ള പാദസേവ
Discourse
ഇറാന്‍ വിരുദ്ധ ഫത്‌വകള്‍ സാമ്രാജ്യത്വത്തിനുള്ള പാദസേവ
മുജീബ് റഹ്മാന്‍ കിനാലൂര്‍
Wednesday, 4th March 2026, 2:51 pm
ഇസ്രഈലും അമേരിക്കയും ഒരു പരമാധികാര രാഷ്ട്രത്തെ അന്യായമായി ആക്രമിക്കുമ്പോള്‍, ആ രാജ്യത്തിന്റെ നേതാവിനെ രക്തസാക്ഷിയെന്ന് വിളിക്കരുത് എന്ന ഫത്‌വയുമായിറങ്ങുന്ന കൂപമണ്ഡൂപങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വത്തിന്റെ വിടുപണിയാണ് ചെയ്യുന്നത് | മുജീബ് റഹ്‌മാന്‍ കിനാലൂര്‍ ഡൂള്‍ന്യൂസിലെഴുതുന്നു

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ കരിനിഴലിലാകുമ്പോള്‍, മിസൈലുകളേക്കാള്‍ വിനാശകരമായ മറ്റൊരു ആയുധം സാമ്രാജ്യത്വ ശക്തികള്‍ പ്രയോഗിക്കുന്നുണ്ട്. ഇറാനെ രാക്ഷസീയവത്കരിക്കാന്‍ ചതുരുപായങ്ങളും പുറത്തെടുത്തു കൊണ്ടാണിത്.

ഇറാനും ഇസ്രഈലും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍, ലോകമെമ്പാടുമുള്ള മനുഷ്യരുടെ വിചാരമണ്ഡലങ്ങളില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍ സാമ്രാജ്യത്വ ഏജന്‍സികള്‍ ഒരുക്കിയ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.

ഇറാന്‍ ഭരണാധികാരിയായ ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട യുദ്ധസന്ദര്‍ഭത്തില്‍ പോലും, അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് വിളിക്കാമോ എന്നതിനെച്ചൊല്ലി കര്‍മശാസ്ത്ര തര്‍ക്കങ്ങള്‍ മുളപ്പിക്കുന്നത് സാമ്രാജ്യത്വത്തിന്റെ ചതിക്കുഴിയില്‍ പെട്ടവരാണ്.

Iran's Supreme Leader Khamenei has been killed; Iranian media confirms

കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ

അത് ആസൂത്രിത അജണ്ടയുടെ ഭാഗമാണ്. ചരിത്രത്തെയും വര്‍ത്തമാനത്തെയും സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കായി എങ്ങനെയാണ് വളച്ചൊടിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണങ്ങള്‍ക്ക് മുമ്പും ചരിത്രം സാക്ഷിയായിട്ടുണ്ട്.

സുന്നികളും ശിയാക്കളും 1400 വര്‍ഷമായി പരസ്പരം പോരാടിക്കൊണ്ടിരിക്കുകയാണെന്ന നരേറ്റീവ് ആധുനിക കാലത്തെ ഒരു ബോധപൂര്‍വമായ നിര്‍മിതിയാണ്.

ചരിത്രത്തില്‍ ഉടനീളം ഈ വിഭാഗങ്ങള്‍ക്കിടയില്‍ ദൈവശാസ്ത്രപരമായ തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും, സാധാരണ ജനജീവിതത്തില്‍ അത് അക്രമാസക്തമായ വിദ്വേഷമായി മാറിയിരുന്നില്ല.

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇറാഖിലും ഇറാനിലും ലെബനനിലും ഇരുവിഭാഗങ്ങളും അയല്‍പക്കങ്ങളില്‍ ജീവിക്കുകയും പരസ്പരം വിവാഹം കഴിക്കുകയും ഒരേ വിപണികളില്‍ ഇടപെടുകയും ചെയ്തുപോന്നു.

ഈ പാരമ്പര്യത്തെ തകര്‍ക്കാന്‍ ‘വിഭാഗീയ ഭൂപടങ്ങള്‍’ ആദ്യമായി നിര്‍മ്മിച്ചത് പാശ്ചാത്യ അധിനിവേശ ശക്തികളാണ്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ യും ഇസ്രഈലിന്റെ മൊസാദും സുന്നി വിഭാഗത്തിലെ ചില തീവ്രധാരകളെ പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

shutterstock

സി.ഐ.എ

2012-ല്‍ സി.ഐ.എ നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ ടിംബര്‍ സൈകാമോര്‍’ ഇതിനൊരു ഉദാഹരണമാണ്. സിറിയയില്‍ ഇറാന്‍ അനുകൂല ഭരണകൂടത്തെ തകര്‍ക്കാന്‍ തീവ്ര സലഫി ഗ്രൂപ്പുകള്‍ക്ക് ആയുധവും പണവും നല്‍കിയത് സി.ഐ.എയും സൗദി അറേബ്യയും ചേര്‍ന്നായിരുന്നു എന്ന് പിന്നീട് വിക്കിലീക്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പുറത്തുകൊണ്ടുവന്നു.

ശിയാക്കളെ ‘മുര്‍ത്തദ്ദുകള്‍’ അഥവാ മതപരിത്യാഗികള്‍ എന്ന് വിളിച്ച് പൊതുബോധത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തുന്നത് സാമ്രാജ്യത്വത്തിന് വലിയ രാഷ്ട്രീയ ലാഭങ്ങള്‍ നല്‍കുന്നു.

മുസ്‌ലിങ്ങളിലെ ഐക്യം തകര്‍ക്കുന്നതിലൂടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലമാക്കാനും, ‘ശിയാ ഭീഷണി’ ഉയര്‍ത്തിക്കാട്ടി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാനും ഇതിലൂടെ അവര്‍ക്ക് സാധിക്കുന്നു.

ഇറാഖ് അധിനിവേശ കാലത്തെ അമേരിക്കന്‍ നയങ്ങള്‍ പരിശോധിച്ചാല്‍ ഈ ‘വിഭാഗീയ എന്‍ജിനീയറിംഗ്’ കൂടുതല്‍ വ്യക്തമാകും. അമേരിക്കന്‍ ഗവര്‍ണറായിരുന്ന പോള്‍ ബ്രെമര്‍ ഇറാഖില്‍ നടപ്പിലാക്കിയ ‘മുഹസ്സസ്സ’ എന്ന ഭരണകൂടനയം, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഇറാഖി ദേശീയതയെ തകര്‍ത്ത് ജനങ്ങളെ സുന്നി, ശിയാ, കുര്‍ദ് എന്നിങ്ങനെ മതപരമായി വേര്‍തിരിക്കാന്‍ നിര്‍ബന്ധിതരാക്കി.

ഇതേ കാലയളവില്‍ യു.എസ് പ്രതിരോധ വകുപ്പിന് വേണ്ടി റാന്‍ഡ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ‘വിള്ളലുകള്‍’ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ഇറാഖിലെ അല്‍-ഖ്വയ്ദ നേതാവ് സര്‍ഖാവിയുടെ ശിയാ വിരുദ്ധ കത്തുകള്‍ അമേരിക്കന്‍ ഏജന്‍സികള്‍ വ്യാപകമായി പ്രചരിപ്പിച്ചത് മുസ്‌ലിം ലോകത്ത് ആഭ്യന്തര കലഹം രൂക്ഷമാക്കാനായിരുന്നു എന്ന് പിന്നീട് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുണ്ട്.

2004-ല്‍ പുറത്തുവന്ന ‘ശിയാ ക്രസന്റ്’ എന്ന പ്രയോഗം പാശ്ചാത്യ തിങ്ക് ടാങ്കുകള്‍ ഏറ്റെടുത്തത് കൃത്യമായ പദ്ധതിയോടെയാണ്. ഇറാന്റെ രാഷ്ട്രീയ സ്വാധീനം മതപരമായ ഭീഷണിയായി ചിത്രീകരിക്കുന്നതിലൂടെ, ഫലസ്തീന്‍ പ്രശ്‌നത്തെക്കാള്‍ വലിയ വിപത്താണ് ശിയാക്കളെന്ന് അറബ് രാജ്യങ്ങളെ വിശ്വസിപ്പിക്കാന്‍ ഇസ്രഈലിന് കഴിഞ്ഞു.

ഇത് ഇസ്രായേലുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചു. വിക്കിലീക്‌സ് പുറത്തുവിട്ട നയതന്ത്ര രേഖകള്‍ പ്രകാരം, ‘ശിയാ വിപുലീകരണം’ ഒരു വലിയ ഭീഷണിയായി അവതരിപ്പിക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഗള്‍ഫിലെ മതനേതാക്കളെ സ്വാധീനിച്ചിരുന്നു.

ഇസ്രഈലും അമേരിക്കയും ഒരു പരമാധികാര രാഷ്ട്രത്തെ അന്യായമായി ആക്രമിക്കുമ്പോള്‍, ആ രാജ്യത്തിന്റെ നേതാവിനെ രക്തസാക്ഷിയെന്ന് വിളിക്കരുത് എന്ന ഫത്‌വയുമായിറങ്ങുന്ന കൂപമണ്ഡൂപങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വത്തിന്റെ വിടുപണിയാണ് ചെയ്യുന്നത്.

ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും

അക്രമികള്‍ വീടിന് തീയിടുമ്പോള്‍, തീയണക്കാന്‍ ശ്രമിക്കുന്നവനോട് സിദ്ധാന്തം പറഞ്ഞ് തര്‍ക്കിക്കുന്നത് എന്തൊരു ക്രൂരതയാണ്. ഇതിനര്‍ത്ഥം ഖാംനഇയുടെ രാഷ്ട്രീയത്തോടോ ദൈവശാസ്ത്ര നിലപാടുകളോടോ വിയോജിക്കാന്‍ പാടില്ലെന്നല്ല.

ശിയാ ഇസ്‌ലാമിന്റെ ദൈവശാസ്ത്രത്തെയോ മതരാഷ്ട്രത്തെയോ വിമര്‍ശിക്കാന്‍ ആര്‍ക്കും ജനാധിപത്യപരമായ അവകാശമുണ്ട്. അത് പക്ഷെ മനുഷ്യരെ ബോംബിട്ട് കൊല്ലുന്ന സമയത്തല്ല.

ഇറാനിലെ ഭരണകൂടം സ്വാതന്ത്ര്യപ്പോരാളികളെ അടിച്ചമര്‍ത്തുകയും സ്ത്രീവിമോചക പ്രക്ഷോഭകരെ കൊലപ്പെടുത്തുകയും മതയാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുകയും ചെയ്യുന്നതില്‍ കടുത്ത എതിര്‍പ്പും പ്രതിഷേധവും നിലനില്‍ക്കേ തന്നെയാണ് ജനാധിപത്യവാദികളും ഫാഷിസ്റ്റ് വിരുദ്ധ ചേരിയും ഇപ്പോള്‍ ഇറാനെ പിന്തുണയ്ക്കുന്നത്.

അത് രാഷ്ട്രീയമായ ഔചിത്യബോധമാണ്. ഒരു രാജ്യത്തിന്റെ പരമാധികാരം വില വെക്കാതെ, ഏകപക്ഷീയമായി അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന തേര്‍വാഴ്ചയെ നിരങ്കുശം എതിര്‍ക്കുക എന്നതാണ് മനുഷ്യര്‍ ഇപ്പോള്‍ ചെയ്യേണ്ട നീതി.

അതിനുപകരം രക്തസാക്ഷികളെ മതം പറഞ്ഞ് അപമാനിക്കുന്നവര്‍ പരോക്ഷമായി പിന്തുണയ്ക്കുന്നത് സാമ്രാജ്യത്വത്തെയാണ്.

സുന്നി-ശിയാ തര്‍ക്കം ഇന്ന് കേവലം ഒരു വിശ്വാസപരമായ സംവാദമല്ല, മറിച്ച് അത് വാഷിങ്ടണിലും ടെല്‍ അവീവിലും തയ്യാറാക്കപ്പെട്ട രാഷ്ട്രീയ തിരക്കഥയാണ്.

മതത്തിന്റെ വേഷമിട്ട് സാമ്രാജ്യത്വത്തിന് സേവ ചെയ്യുന്ന തീവ്ര ഗ്രൂപ്പുകളെ തിരിച്ചറിയേണ്ടത് ലോകസമാധാനത്തിന് അനിവാര്യമാണ്. അധിനിവേശത്തിന്റെ തോക്കുകള്‍ പശ്ചിമേഷ്യയെ ലക്ഷ്യം വെക്കുമ്പോള്‍, വിദ്വേഷത്തിന്റെ വിത്തുവിതച്ച് മനുഷ്യഹൃദയങ്ങളെ ഭിന്നിപ്പിക്കാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കുക.

Content Highlight: Anti-Iran Fatwas: Foot Service to Imperialism

മുജീബ് റഹ്മാന്‍ കിനാലൂര്‍
മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ പൗരോഹിത്യം വേണ്ട; വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, അക്കരൈപത്ത്, ഇസ്‌ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌