| Monday, 7th September 2026, 1:23 pm

കഴിഞ്ഞ സീസണിലെ 26 മത്സരത്തില്‍ നേടിയതിന്റെ ഇരട്ടി ബാഴ്‌സയിലെ നാല് മത്സരത്തില്‍ നിന്നും; ഗോര്‍ഡന്‍ റോക്ക്‌സ്

ആദർശ് എം.കെ.

ബാഴ്‌സ ജേഴ്‌സിയില്‍ മികച്ച പ്രകടനം തുടര്‍ന്ന് സൂപ്പര്‍ താരം ആന്തണി ഗോര്‍ഡന്‍. ബാഴ്‌സയിലെ തന്റെ ആദ്യ സീസണില്‍ തന്നെ ആരാധകരുടെ മനസില്‍ കയറിപ്പറ്റാന്‍ ഇംഗ്ലീഷ് താരത്തിന് സാധിച്ചിട്ടുണ്ട്.

ബാഴ്‌സലോണ തുടര്‍ച്ചയായ നാലാം മത്സരവും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഈ വിജയങ്ങളില്‍ ഗോര്‍ഡന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഗോളടിക്കുന്നതിനേക്കാള്‍ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്നതിലാണ് ഗോര്‍ഡന്‍ വിരുത് കാട്ടുന്നത്. വലന്‍സിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഫെര്‍മിന്‍ ലോപ്പസിനായി അവസരമൊരുക്കിയതുള്‍പ്പടെ നാല് മത്സരത്തില്‍ നിന്നും നാല് അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

ആന്തണി ഗോര്‍ഡന്‍. Photo: Barcelona

ബാഴ്‌സ ജേഴ്‌സിയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തന്നെ കഴിഞ്ഞ സീസണിനേക്കാള്‍ എത്രയോ മികച്ച കുതിപ്പാണ് താരം നടത്തുന്നത്.

ആന്തണി ഗോര്‍ഡന്‍. Photo: Newcastle United

കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനൊപ്പമാണ് ഗോര്‍ഡന്‍ പന്ത് തട്ടിയിരുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച 26 മത്സരത്തില്‍ നിന്നും വെറും രണ്ടേ രണ്ട് അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

എന്നാല്‍ ബാഴ്‌സയില്‍ നാല് മത്സരം അവസാനിക്കുമ്പോള്‍ കഴിഞ്ഞ സീസണിന്റെ ഇരട്ടി അസിസ്റ്റുകള്‍ ഗോര്‍ഡന്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

എല്‍ചെയ്‌ക്കെതിരെ ഇരട്ട അസിസ്റ്റുമായി തിളങ്ങിയ താരം റയോ വല്ലെകാനോയ്‌ക്കെതിരെയും വലന്‍സിയക്കെതിരെയും ഓരോ അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

എല്‍ചെയ്‌ക്കെതിരെ സബ്‌സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ ഗോര്‍ഡന്‍ വെറും 26 മിനിട്ടാണ് കളത്തിലുണ്ടായിരുന്നത്. ഈ 26 മിനിട്ടില്‍ താരം രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കി. ഈ മികച്ച പ്രകടനം തുടര്‍ന്നുള്ള മൂന്ന് മത്സരത്തില്‍ താരത്തെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുമെത്തിച്ചു.

ലാ ലിഗയില്‍ ഇതുവരെ 231 മിനിട്ടാണ് താരം കളത്തിലുണ്ടായിരുന്നത്. അതായത് ഓരോ 58 മിനിട്ടിലും ഗോര്‍ഡന്റെ അസിസ്റ്റില്‍ ഒരു ഗോള്‍ പിറക്കുന്നു എന്നര്‍ത്ഥം.

അതേസമയം, ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഗോര്‍ഡന്‍ ഒന്നാമന്‍ കൂടിയാണ്. മൂന്ന് അസിസ്റ്റുമായി ഏയ്ഞ്ചല്‍ പെരസ് (അലാവസ്), ഹാവി ഹെര്‍ണാണ്ടസ് (എസ്പാന്യോള്‍), മരിയാനോ ഡയസ് (അലാവസ്), ഉനായ് ലോപസ് (റയോ വല്ലെകാനോ) എന്നിവരാണ് രണ്ടാമത്.

ഇനി യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് ഗോര്‍ഡന്‍ ബാഴ്‌സയ്‌ക്കൊപ്പം കളത്തിലിറങ്ങുക. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ഫെയ്‌നൂര്‍ഡാണ് എതിരാളികള്‍. ആറാം യൂറോപ്യന്‍ കിരീടത്തിനായി സ്വന്തം തട്ടകത്തില്‍ നിന്നാണ് ബാഴ്‌സ ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്.

13ന് ലാ ലിഗയില്‍ ലെവന്റെയെയും ബാഴ്‌സ നേരിടും. ലെവന്റെയുടെ ഹോം ഗ്രൗണ്ടാണ് വേദി.

Content highlight: Anthony Gordon with four assists from his first four matches for Barça.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more