കാരാക്കാസ്: വെനസ്വേലയിൽ കാരാക്കാസിലെ പ്രസിഡന്റിന്റെ വസതിക്ക് സമീപം വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ട്.
വലിയ വെടിയൊച്ചകൾ കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും റിപ്പോട്ടുകളുണ്ട്.
കാരാക്കാസിലെ മിറാഫ്ലോറസ് പ്രസിഡൻഷ്യൽ വസതിക്ക് സമീപത്താണ് ആക്രമണം നടന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ഏതുനിമിഷവും രണ്ടാമത്തെ ആക്രമണത്തിന് അമേരിക്ക സന്നദ്ധമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
വ്യോമാക്രമണമാണ് നടന്നതെന്നും ആകാശത്ത് ഡ്രോണുകളിൽ നിന്നുള്ള ലൈറ്റുകളും ആന്റി എയർ ക്രാഫ്റ്റ് വെടിവയ്പ്പുകളും ജിയോലൊക്കേറ്റ് ചെയ്ത വീഡിയോകളിലൂടെ സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി വെനസ്വേലൻ ആശയവിനിമയ, വിദേശകാര്യ മന്ത്രാലയങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സി.എൻ.എൻ അറിയിച്ചു.
ഇന്നലെ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ, തനിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ നിഷേധിക്കുന്നുവെന്നും താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണെന്നും പറഞ്ഞിരുന്നു. അമേരിക്കയുടെ വാദങ്ങൾ തള്ളി നിരപരാധിയും മാന്യനുമാണെന്നും മഡൂറോ കൂട്ടിച്ചേർത്തു.
താൻ സമ്പൂർണ അധികാരമുള്ള രാജ്യത്തിന്റെ പ്രസിഡന്റാണെന്നും മറ്റൊരു രാജ്യത്തുകൊണ്ടുപോയി അദ്ദേഹത്തെ വിചാരണ ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും മഡൂറോ വ്യക്തമാക്കി. കേസിലെ അടുത്ത വാദം മാർച്ച് 17നാണെന്നും റിപ്പോർട്ടുകളുണ്ട്.
വെനസ്വേലയിലെ അമേരിക്കൻ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ നടപടികളെ ചെറുക്കുമെന്ന് വെനസ്വേലൻ സർക്കാർ അറിയിച്ചു.
വെനസ്വേലയ്ക്ക് പുറമെ ക്യൂബ, കൊളംബിയ, മെക്സിക്കോ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും സൈനിക നടപടികളെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ശനിയാഴ്ച പുലർച്ചെയായിരുന്നു മഡുറോയെയും പങ്കാളിയെയും യു.എസ് ബന്ദികളാക്കിയത്. മയക്കുമരുന്ന് കടത്ത്, തീവ്രവാദ സംഘടനകളുമായി പ്രവർത്തിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഫെഡറൽ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlight: Another attack near Venezuelan president’s residence: Report