| Thursday, 27th March 2025, 9:42 pm

ആ നടി മരിച്ചെന്ന് അയാള്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഫേക്ക് ന്യൂസാണെന്ന് ആദ്യം കരുതി, സത്യമാണെന്നറിഞ്ഞപ്പോള്‍ വല്ലാതായി: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലുകളില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് അനൂപ് മേനോന്‍. അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലും അനൂപ് മേനോന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നടി സുകുമാരിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് താനെന്ന് അനൂപ് മേനോന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

സുകുമാരിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. സുകുമാരി മരിച്ച സമയത്ത് താന്‍ ഷിംലയില്‍ ബഡ്ഡി എന്ന സിനിമയുടെ ഷൂട്ടിലായിരുന്നെന്ന് അനൂപ് മേനോന്‍ പറഞ്ഞു. ഷൂട്ടിനിടെ ഒരുദിവസം രാവിലെ മനോരമ ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍ തന്നെ വിളിച്ച് കാര്യം അറിഞ്ഞില്ലേ എന്ന് ചോദിച്ചെന്നും തനിക്ക് കാര്യം മനസിലായില്ലെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

സുകുമാരി മരിച്ചെന്ന് കേട്ടപ്പോള്‍ അത് ഫേക്ക് ന്യൂസായിരിക്കുമെന്ന് താന്‍ പറഞ്ഞെന്നും താന്‍ വിവരമൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞെന്നും അനൂപ് മേനോന്‍ പറയുന്നു. പിന്നീട് ചെന്നൈയിലേക്ക് വിളിച്ചപ്പോളാണ് ആ വാര്‍ത്ത സത്യമായിരുന്നെന്ന് മനസിലായതെന്നും അത് കേട്ടപ്പോള്‍ താന്‍ വല്ലാതായെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

പൂജാമുറിയിലെ വിളക്കില്‍ നിന്നായിരുന്നു സുകുമാരിക്ക് പൊള്ളലേറ്റതെന്നും 60 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നെന്നും അനൂപ് മേനോന്‍ പറഞ്ഞു. ആശുപത്രിയില്‍ വെച്ച് തന്നെ വിളിച്ചെന്നും ചെറിയ പൊള്ളലാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സീരിയസാണെന്ന് സുകുമാരിയുടെ ശബ്ദത്തില്‍ നിന്ന് മനസിലായെന്നും അവസാനമായി സുകുമാരിയോട് സംസാരിച്ചത് അന്നായിരുന്നെന്നും അനൂപ് മേനോന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

‘സുകുമാരിയമ്മ മരിച്ച സമയത്ത് ഞാന്‍ ഷിംലയിലായിരുന്നു. ബഡ്ഡി എന്ന പടത്തിന്റെ ഷൂട്ട് അവിടെയായിരുന്നു. ഒരുദിവസം രാവിലെ മനോരമ ന്യൂസിലെ ഷിനു എന്നെ വിളിച്ചിട്ട് ‘വിവരം അറിഞ്ഞില്ലേ’ എന്ന് ചോദിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ സുകുമാരിയമ്മ പോയെന്ന് പറഞ്ഞു. അത് വെറും ഫേക്ക് ന്യൂസായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഞാന്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അത് സത്യമായിരുന്നെന്ന് അറിഞ്ഞു.

വല്ലാത്ത ഒരു അവസ്ഥയിലായി. പൂജാമുറിയിലെ വിളക്കില്‍ നിന്നാണ് അമ്മക്ക് പൊള്ളലേറ്റത്. 60 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലുണ്ടായിരുന്നു. ആശുപത്രിയില്‍ വെച്ച് അമ്മ എന്നെ വിളിച്ചിരുന്നു. ‘ഒരു കഴപ്പവുമില്ല കണ്ണാ, ചെറിയ പൊള്ളലാണ്. ഇവിടന്ന് ഇറങ്ങിയിട്ട് ഡബ്ബിങ് തീര്‍ക്കണം’ എന്ന് അമ്മ പറഞ്ഞു. ആ ശബ്ദത്തില്‍ അവര്‍ അനുഭവിക്കുന്ന വേദന എനിക്ക് മനസിലായിരുന്നു. അതാണ് അമ്മ അവസാനമായി സംസാരിച്ചത്,’ അനൂപ് മേനോന്‍ പറയുന്നു.

Content Highlight: Anoop Menon shares his memories about actress Sukumari

We use cookies to give you the best possible experience. Learn more