| Friday, 7th February 2025, 4:33 pm

ഹിറ്റായില്ലെങ്കിലും ആ മോഹൻലാൽ ചിത്രമാണ് എനിക്കൊരു സ്ഥാനം ഉണ്ടാക്കി തന്നത്: അനൂപ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച നടനാണ് അനൂപ് മേനോൻ. എന്നാൽ ആദ്യ സിനിമ തന്നെ പരാജയപ്പെട്ട അനൂപ് മേനോൻ ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും റോക്ക് ആൻഡ് റോൾ എന്ന സിനിമയാണ് അന്ന് തനിക്കൊരു സ്ഥാനം ഉണ്ടാക്കി തന്നെതെന്ന് അനൂപ് മേനോൻ പറയുന്നു.

തന്നെയും ജ്യോതിർമയിയേയും വെച്ച് പ്ലാൻ ചെയ്ത ഷോർട് ഫിലിം ആയിരുന്നു തിരക്കഥയുടെ കഥയെന്നും എന്നാൽ പിന്നീട് സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ പൃഥിരാജ്, മമ്ത എന്നിവരെ വെച്ചാണ് സിനിമ പ്ലാൻ ചെയ്തതെന്നും അനൂപ് മേനോൻ പറഞ്ഞു. എന്നാൽ പൃഥിരാജ് അന്ന് മറ്റൊരു സിനിമയുടെ തിരക്കിലായപ്പോഴാണ് പ്രധാന കഥാപാത്രം തന്നെ തേടിയെത്തിയതെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു.

റോക്ക് ആൻഡ് റോൾ ഒരു കൊമേർഷ്യൽ ഹിറ്റ് ഒന്നുമല്ലെങ്കിലും അതാണ് എനിക്കൊരു സ്ഥാനം ഉണ്ടാക്കിയത്
– അനൂപ് മേനോൻ

‘കാട്ടുചെമ്പകം കഴിഞ്ഞു ഒരു ഏഴ് കൊല്ലം കഴിഞ്ഞാണ് തിരക്കഥ ചെയ്യുന്നത്. അതുവരെ എനിക്ക് പടമില്ല. അന്നൊക്കെ സീരിയലൊക്കെ ചെയ്താണ് അത്യാവശ്യം കഞ്ഞി കുടിച്ചു പോവുന്നത്. റോക്ക് ആൻഡ് റോൾ ചെയ്തപ്പോഴാണ് ഞാൻ എല്ലാവരിലേക്കും എത്തുന്നത്. റോക്ക് ആൻഡ് റോൾ ഒരു കൊമേർഷ്യൽ ഹിറ്റ് ഒന്നുമല്ലെങ്കിലും അതാണ് എനിക്കൊരു സ്ഥാനം ഉണ്ടാക്കിയത്. മോഹൻലാൽ, സിദ്ധിഖ് അങ്ങനെ എല്ലാവരുടെയും ഇടയിലേക്ക് ഞാൻ എത്തി.

അപ്പോഴാണ് ക്ലൈമാക്സ് സീനൊക്കെ എടുക്കുന്നത്. ആ സീനിന് ശേഷമാണ് നിനക്ക് സിനിമയിൽ ഒരു കൈ നോക്കാമെന്ന് രഞ്ജിത്തേട്ടൻ പറയുന്നത്. അന്നും സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് എനിക്ക് അറിയില്ലായിരുന്നു. രക്ഷപ്പെടാൻ സാധ്യതയില്ലായിരുന്നു എന്നാണ് നമ്മുടെ ഒരു വിശ്വാസം.

തിരക്കഥ സത്യത്തിൽ 2007 ലാണ് വരുന്നത്. പക്ഷെ അന്നത് എന്നെയും ജ്യോതിർമയിയെയും വെച്ചൊരു ഷോർട് ഫിലിമായാണ് പ്ലാൻ ചെയ്തത്. പക്ഷെ അത് വന്ന് കേട്ട വർണ്ണചിത്രയുടെ സുബൈറിക്ക, ഷോർട് ഫിലിം അല്ല ഇതൊരു സിനിമയായി നിർമിക്കാമെന്ന് പറഞ്ഞു. പക്ഷെ എന്നെ വെച്ച് ആ സമയത്ത് സിനിമയെടുക്കാൻ പറ്റില്ലല്ലോ. കാരണം അതൊരു വലിയ പ്രൊജക്റ്റ് ആയിരുന്നു. മാത്രമല്ല എനിക്കന്ന് ഒരു സീരിയൽ ആക്ടർ ടാഗുണ്ട്.

പിന്നെ രഞ്ജിത്തേട്ടൻ ഒരുപാട് ഫോണൊക്കെ ചെയ്ത് അവസാനം ആ കഥാപാത്രങ്ങൾ പൃഥിരാജിലേക്കും മമ്തയിലേക്കുമെത്തി. പൃഥിരാജ് അജയചന്ദ്രൻ, മമ്ത മാളവിക. എന്നിട്ട് ഞാൻ അക്ബർ അഹമ്മദിനെ ചെയ്യുന്നു. അങ്ങനെയായിരുന്നു പ്ലാൻ. പക്ഷെ ആ സമയത്ത് എന്തോ ഭാഗ്യത്തിന് രാജുവിന് മണിരത്നത്തിന്റെ പടം കിട്ടി. അങ്ങനെ അത് നടക്കാതെ ആയപ്പോൾ രഞ്ജിയേട്ടൻ രാജുവിനോട് മറ്റേ കഥാപാത്രം ചെയ്യാൻ പറഞ്ഞു. രാജു അതിന് ഓക്കേ പറഞ്ഞപ്പോഴാണ് ഞാൻ അജയചന്ദ്രനാവുന്നത്,’അനൂപ് മേനോൻ പറയുന്നു.

Content Highlight: Anoop Menon About Rock And Roll Movie And His Career

We use cookies to give you the best possible experience. Learn more