| Friday, 28th March 2025, 9:37 am

അമ്മയിലെ നടന്മാരെല്ലാം പ്രത്യേകം ചാര്‍ട്ട് ചെയ്ത ഫ്‌ളൈറ്റില്‍ ചെന്നൈയിലേക്ക് പോയി, അവിടെ സുകുമാരിയമ്മയുടെ മൃതദേഹത്തെ ട്രീറ്റ് ചെയ്ത രീതി കണ്ട് വല്ലാതായി: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് അനൂപ് മേനോന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ മലയാളത്തില്‍ ശ്രദ്ധേയമായ ഒരു തിരിച്ചു വരവ് നടത്തുന്നത്. പകല്‍ നക്ഷത്രങ്ങള്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അദ്ദേഹം പത്മ, കിങ് ഫിഷ് എന്നീ സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ സുകുമാരിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അനൂപ് മേനോന്‍. സുകുമാരി മരിച്ചു എന്ന വാര്‍ത്ത തനിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നും അത് കേട്ടപ്പോള്‍ താന്‍ വല്ലാതായെന്നും അനൂപ് മേനോന്‍ പറഞ്ഞു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യമെന്നും അമ്മയിലെ വലിയ നടന്മാരെല്ലാം അന്ന് ചെന്നൈയിലേക്ക് പോയെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നിന്ന് പ്രത്യേകം ചാര്‍ട്ട് ചെയ്ത ഫ്‌ളൈറ്റിലായിരുന്നു പോയതെന്നും താനും അവരുടെ കൂടെയുണ്ടായിരുന്നെന്നും അനൂപ് മേനോന്‍ പറയുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ അവരുടെ മൃതദേഹം ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞെന്നും അനൂപ് മേനോന്‍ പറഞ്ഞു.

അണ്‍നാച്ചുറല്‍ ഡെത്ത് ആയതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണെന്ന് പറഞ്ഞെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. റോയപ്പേട്ടിലെ ആശുപത്രിയിലാണ് കൊണ്ടുപോയതെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അവിടേക്കെത്തിയെന്നും തങ്ങള്‍ ചെന്നപ്പോള്‍ ആംബുലന്‍സ് എത്തിയില്ലായിരുന്നെന്നും അനൂപ് മേനോന്‍ പറഞ്ഞു.

പൊള്ളലേറ്റുള്ള മരണമായതിനാല്‍ ആംബുലന്‍സിന്റെ താഴത്തെ ഡെക്കിലായിരുന്നു മൃതദേഹം വെച്ചതെന്നും അവിടെയുള്ളവര്‍ അതെടുത്ത് മോര്‍ച്ചറിയുടെ കോറിഡോറിലേക്ക് തള്ളിവിട്ടെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ എല്ലാവരും അത് കണ്ട് വല്ലാതായെന്നും അനൂപ് മേനോന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

‘സുകുമാരിയമ്മ പോയി എന്ന് കേട്ടപ്പോള്‍ എനിക്ക് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി. ചെന്നൈയിലായിരുന്നു അന്ത്യം. അമ്മയിലെ ആക്ടേഴ്‌സെല്ലാം കൊച്ചിയില്‍ നിന്ന് ഒരു ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് ചെന്നൈയിലേക്ക് പോയത്. അവരുടെ കൂടെ ഞാനുമുണ്ടായിരുന്നു.

ആശുപത്രിയിലെത്തിയപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് അവര്‍ പറഞ്ഞു. പൊള്ളലേറ്റുള്ള മരണം അണ്‍നാച്ചുറല്‍ ഡെത്താണെന്ന് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി റോയപ്പേട്ട് ജി.എച്ചിലേക്ക് കൊണ്ടുപോയെന്നറിഞ്ഞ് ഞങ്ങളെല്ലാവരും അങ്ങോട്ട് പോയി. അവിടെയെത്തിയപ്പോള്‍ ആംബുലന്‍സ് വരുന്നതേയുള്ളൂ.

പൊള്ളലേറ്റതുകൊണ്ട് അമ്മയുടെ ബോഡി ആംബുലന്‍സിന്റെ താഴത്തെ ഡെക്കിലായിരുന്നു. ഹോസ്പിറ്റലിലുണ്ടായിരുന്നവര്‍ അതെടുത്ത് ഒരു സ്‌ട്രെക്ചറില്‍ വെച്ച് കോറിഡോറിലേക്ക് ഒരൊറ്റ തള്ളായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ ഞങ്ങളെല്ലാവരും വല്ലാതായി. പിന്നീട് അവിടെ നിന്നില്ല,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Anoop Menon about actress Sukumari and her demise

We use cookies to give you the best possible experience. Learn more