| Friday, 20th June 2025, 9:56 pm

ആ നടി എൻ്റെ അമ്മ തന്നെയായിരുന്നു; അവർ എപ്പോഴും എന്നെ വിളിക്കുമായിരുന്നു: ആനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‌ത ‘അമ്മയാണെ സത്യം‘ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് ആനി. മൂന്ന് വർഷം മാത്രം നീണ്ടുനിന്ന തൻ്റെ കരിയറിൽ പതിനാറോളം സിനിമകളിലാണ് ആനി അഭിനയിച്ചത്. കമൽ സംവിധാനം ചെയ്‌ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറി.

അഭിനയ ജീവിതത്തിൻ്റെ തിരക്കുകളിൽ നിൽക്കുമ്പോഴായിരുന്നു 1996ൽ ആനി സംവിധായകൻ ഷാജി കൈലാസിനെ വിവാഹം ചെയ്യുന്നതും സിനിമാ ലോകത്ത് നിന്ന് മാറി നിന്നതും. എന്നാൽ സിനിമയിൽ നിന്നും ഇടവേളയെടുത്ത ആനി അമൃത ടി.വിയിലെ ആനിസ് കിച്ചൺ എന്ന പാചകപരിപാടിയിലൂടെ വീണ്ടും സജീവമായി. ഇപ്പോൾ സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആനി.

അന്നത്തെ കാലത്തെ ബന്ധങ്ങൾ കുറച്ചുകൂടി ദൃഢമാണെന്ന് തോന്നിയിട്ടുണ്ടെന്നും കെ.പി.എ.സി.ലളിത എപ്പോഴും വിളിക്കുമായിരുന്നെന്നും ആനി പറഞ്ഞു.

സുകുമാരി ശരിക്കും തൻ്റെ അമ്മയെപ്പോലെ ആയിരുന്നെന്നും തൻ്റെ മൂന്ന് മക്കളെയും സ്വന്തം പേരക്കുട്ടികളെപ്പോലെയാണ് അവർ സ്നേഹിച്ചതെന്നും നടി പറയുന്നു. സെറ്റുകളിലായാലും ജീവിതത്തിലായാലും താൻ ഭയങ്കര ബഹളക്കാരിയാണെന്നും അവർ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നടി.

‘അന്നത്തെ ബന്ധങ്ങൾ കുറച്ചുകൂടി ദൃഢമാണെന്ന് തോന്നിയിട്ടുണ്ട്. ലളിതച്ചേച്ചി (കെ.പി.എ.സി.ലളിത) എപ്പോഴും വിളിക്കുമായിരുന്നു. സുകുമാരിയമ്മയും ശരിക്കും എന്റെ അമ്മയായിരുന്നു. അവർ ഏട്ടന്റെ കസിൻ കൂടിയായിരുന്നു.

എൻ്റെ മൂന്ന് മക്കളേയും സുകുമാരിയമ്മ സ്വന്തം പേരക്കുട്ടികളെപ്പോലെ സ്നേഹിച്ചു.
സെറ്റുകളിലായാലും ജീവിതത്തിലായാലും ഞാൻ ഭയങ്കര ബഹളക്കാരിയാണ്. എല്ലാവരോടും ഓടിനടന്ന് വർത്തമാനം പറയും,’ ആനി പറയുന്നു.

Content Highlight: Annie talking about KPAC Lalitha and Sukumari

We use cookies to give you the best possible experience. Learn more