ഞാൻ മുടി വെട്ടിയപ്പോൾ അയ്യേ ഇതെന്നാ കോലമാ എന്നാരും ചോദിച്ചിട്ടില്ല; പക്ഷേ 'ഞാൻ ചോദിക്കും': വീണ്ടും ആനി
Malayalam Cinema
ഞാൻ മുടി വെട്ടിയപ്പോൾ അയ്യേ ഇതെന്നാ കോലമാ എന്നാരും ചോദിച്ചിട്ടില്ല; പക്ഷേ 'ഞാൻ ചോദിക്കും': വീണ്ടും ആനി
നന്ദന എം.സി
Thursday, 29th January 2026, 4:16 pm

ഇതെന്തു പറ്റി പാക്ക് പോലെയായല്ലോ….? ഈ ചോദ്യം മലയാളി പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. ആനീസ് കിച്ചൺ പരിപാടിയിൽ അതിഥിയായി എത്തിയ പ്രിയങ്ക നായരോട് ആനി ചോദിച്ച ഈ ചോദ്യം വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും ട്രോളുകളും ആനിയെ തേടിയെത്തി.

ഇതിന് മുമ്പും പലപ്പോഴും പഴഞ്ചൻ കാഴ്ചപ്പാടുകൾ, ബോഡി ഷെയിമിങ് തുടങ്ങിയ ആരോപണങ്ങൾ നേരിട്ടിട്ടുള്ള ആനി, ഇപ്പോഴിതാ ആ പരാമർശത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മകൻ റുഷിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആനിയുടെ പ്രതികരണം.

ആനി, Photo: YouTube/ Screen grab

ആനിയെ റോസ്റ്റ് ചെയ്യുന്ന ഒരു വീഡിയോ കാണിച്ചു കൊടുത്ത് വിശദീകരണം തേടുകയായിരുന്നു റുഷിൻ. എന്നാൽ ആനിയുടെ മറുപടികൾ തന്നെ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചക്കും ട്രോളുകൾക്കും കാരണമായിരിക്കുകയാണ്.

‘കലാകാരിയെന്ന നിലയിൽ എനിക്ക് അവളെ ഓർത്ത് അഭിമാനമുണ്ട്. മുമ്പ് ഒരു കുട്ടിയോട് മേക്കപ്പ് ഇടാതെ അഭിനയിച്ചതിനെക്കുറിച്ച് ചോദിച്ചതും അഭിനന്ദിക്കാനായിരുന്നു. ഞാൻ സിനിമയിലേക്ക് വന്ന കാലത്ത് മേക്കപ്പില്ലാതെ അഭിനയിക്കുന്നത് ഡെഡിക്കേഷന്റെ ഭാഗമായിട്ടായിരുന്നു കണ്ടത്.

എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി ഞാൻ മുടി വെട്ടിയിട്ടുണ്ട്. അന്ന് എല്ലാവരും പ്രശംസിച്ചു. അല്ലാതെ അയ്യേ… മുടി വെട്ടിയിട്ട് ഇത് എന്ത് കോലമാ എന്ന് എന്നോട് ആരും ചോദിച്ചിട്ടില്ല. അതുപോലെയായിരുന്നു പ്രിയങ്കയോടും ചോദിച്ചത്. അവളുടെ ഡെഡിക്കേഷൻ കണ്ടുള്ള അതിശയമായിരുന്നു,’ ആനി പറഞ്ഞു.

അനീസ് കിച്ചൺ, Photo: YouTube/ Screen grab

താൻ പറഞ്ഞത് ആഴത്തിൽ ചിന്തിച്ചുണ്ടായതല്ലെന്നും, പിന്നീട് മോഹൻലാലും കമൽഹാസനും അടക്കമുള്ള ലെജൻഡുകൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞുവെന്നും ആനി പറഞ്ഞു. ആരെയും അപമാനിക്കാനോ ബോഡി ഷെയിമിങ് ചെയ്യാനോ ഉദ്ദേശിച്ചിട്ടില്ലെന്നും, തന്റെ മുന്നിൽ ആരെങ്കിലും അങ്ങനെ ചെയ്താൽ തിരുത്തുന്ന ആളാണ് താനെന്നും താരം കൂട്ടിച്ചേർത്തു.

എന്നാൽ ‘പാക്ക് പോലെയായല്ലോ’ എന്ന പരാമർശം തെറ്റാണെന്ന് മകൻ ചൂണ്ടിക്കാട്ടിയപ്പോൾ ആനി നൽകിയ വിശദീകരണവും വീണ്ടും വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

‘ഞാൻ വളർന്നതിന്റെ പ്രശ്നമായിരിക്കാം. ഇങ്ങനെ ചോദിക്കുന്നത് നാട്ടുനടപ്പാണ്. എന്നോട് ആരെങ്കിലും ‘ചേച്ചി ഭയങ്കര വണ്ണമാണ്’ എന്ന് പറഞ്ഞാൽ എനിക്ക് അഭിമാനമാണ്. എന്റെ ശരീരത്തിൽ ഞാൻ അഭിമാനിക്കുന്നു,’ ആനി പറഞ്ഞു.

ഈ തുറന്നുപറച്ചിലിന് പിന്നാലെ വീണ്ടും ട്രോളുകളും പരിഹാസങ്ങളും ശക്തമാവുകയാണ്. ‘കുടമാറ്റം നന്നായത് പാറേമേക്കാവിന്റെയാണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിയിടെയാ’ എന്നാണ് ആനിയുടെ മറുപടിയെന്ന തരത്തിലാണ് പ്രേക്ഷകരുടെ പരിഹാസം.

Content Highlight: Annie gets trolled again over her statement 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.