ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് അന്ന ബെന്‍. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അന്നക്ക് സാധിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ തന്റെ പേരിനെക്കുറിച്ച് നേരിടേണ്ടി വന്ന ചോദ്യത്തെക്കുറിച്ച് പറയുകയാണ് അന്ന ബെന്‍.
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന ബെന്‍. അച്ഛന്റെ പേര് കേള്‍ക്കുമ്പോള്‍ പലരും താന്‍ നായരാണോ എന്ന സംശയമുണ്ടാകാറുണ്ടെന്ന് അന്ന പറയുന്നു. കഴിഞ്ഞദിവസം എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അന്ന പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചത്.
‘അന്ന ബെന്‍ എന്തിനാണ് അമ്പലത്തില്‍ ഉദ്ഘാടനത്തിന് വന്നതെന്ന് കുറച്ചുപേര്‍ എന്നോട് ചോദിച്ചു. എന്റെ അച്ഛന്റെ പേര് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ചെറിയ കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ട്. ബെന്നി പി. നായരമ്പലം എന്ന് കേള്‍ക്കുമ്പോള്‍ ‘അപ്പോള്‍ എന്താ നായരാണോ’ എന്നൊക്കെ ചിലര്‍ ചോദിച്ചിട്ടുണ്ട്. പക്ഷേ എന്റെ പേര് അന്നയാണല്ലോ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഒരു ചേര്‍ച്ച തോന്നാറില്ല. അന്നപൂര്‍ണ എന്നാണോ മുഴുവന്‍ പേര് എന്നൊക്കെ ചോദിക്കാറുണ്ട്,’ അന്ന ബെന്‍ പറയുന്നു.
എന്നാല്‍ അന്ന ഈ പറയുന്നതിന്റെ വീഡിയോയുടെ താഴെ രസകരമായ കമന്റുകളാണ്. കേരളത്തില്‍ ആരും ഇങ്ങനെ ചോദിക്കാറില്ല എന്നാണ് പലരുടെയും കമന്റ്. പേരിടുവാണേല്‍ ഇങ്ങനെ ഇടണമെന്നും കേള്‍ക്കുന്ന എല്ലാവരും വട്ടം കറങ്ങണമെന്നുമാണ് മറ്റൊരു കമന്റ്. സിനിമയില്ലാത്തതുകൊണ്ട് പബ്ലിസിറ്റിക്ക് വേണ്ടി ഒരോന്ന് പറയുകയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.
മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാലോകത്തേക്ക് കടന്നുവന്നത്. രണ്ടാമത്തെ ചിത്രമായ ഹെലനില്‍ സംസ്ഥാന അവാര്‍ഡിലെ ജൂറി മെന്‍ഷനും മൂന്നാമത്തെ ചിത്രമായ കപ്പേളയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അന്ന സ്വന്തമാക്കിയിരുന്നു.
തമിഴ് ചിത്രം കൊട്ടുകാലി, പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എ.ഡി എന്നീ സിനിമകളില്‍ അന്നയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന് പുറത്തും അന്ന ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ രണ്ട് തമിഴ് സിനിമകളുടെ തിരക്കിലാണ് അന്ന ബെന്‍. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Content Highlight: Anna Ben’s speech viral in Social Media