ആൻസൈറ്റി ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്‌ത്രൂ ആയിരുന്നു; അത് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു: അന്ന ബെൻ
Anna Ben
ആൻസൈറ്റി ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്‌ത്രൂ ആയിരുന്നു; അത് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു: അന്ന ബെൻ
നന്ദന. ടി
Tuesday, 30th June 2026, 2:55 pm

മലയാള സിനിമയിൽ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ സ്വന്തം ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെൻ. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹെലൻ’, ‘കപ്പേള’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, ജീവിതത്തിലെ ആശയക്കുഴപ്പങ്ങൾ, സമ്മർദങ്ങൾ, ആൻസൈറ്റി എന്നിവയെ എങ്ങനെ മറികടന്നുവെന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ്. പിങ്ക് ലുങ്കി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

‘ആ ഒരു സമയം ഒരു വേവ് പോലെ ആയിരുന്നു അനുഭവപ്പെട്ടത്. ചില സമയങ്ങളിൽ അത് പീക്കിലായിരിക്കും, ചിലപ്പോൾ കുറച്ചുകൂടി ബെറ്ററായിരിക്കും. ഹ്യൂമൻ ലൈഫിലെ ഏറ്റവും ഡിഫികൾട്ടായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ഞാൻ ഇത് എന്റെ പാരന്റിനോട് പറയുമ്പോൾ, എല്ലാ കാലഘട്ടങ്ങൾക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് അവർ പറയാറുള്ളത്. പക്ഷേ നമ്മൾ ഇപ്പോൾ നേരിടുന്ന കാര്യങ്ങളെല്ലാം ഒരുമിച്ചാണ് വരുന്നത്.

അന്ന ബെൻ.photo.X

നമുക്ക് ആവശ്യത്തിലേറെ കാര്യങ്ങളുണ്ട്. ഇത്രയധികം സാധനങ്ങൾ ഒരു മനുഷ്യന് ശരിക്കും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ ഈ സ്പേസിൽ നിന്നെല്ലാം മാറി യാത്ര ചെയ്യുമ്പോൾ വളരെ ലളിതമായി ജീവിക്കുന്ന ആളുകളെ കാണാം. അവർക്കൊക്കെ കുറച്ചുകൂടി വ്യക്തതയും സമാധാനവും ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. സത്യത്തിൽ ജീവിക്കാൻ ഇത്രയധികം കാര്യങ്ങളുടെ ആവശ്യമില്ല. ഒരുപക്ഷേ ഞാൻ പറയുന്നത് തെറ്റായിരിക്കാം , കാരണം എനിക്കും ഒരുപാട് സൗകര്യങ്ങൾ ഉണ്ട്. പക്ഷേ കുറച്ചുകൂടി ലളിതമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സോഷ്യൽ മീഡിയ നമ്മളിൽ ‘ഇതൊന്നും മതിയാകുന്നില്ല’ എന്ന ചിന്ത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഷമം കൂടുതലാകാറുണ്ട്. കാരണം നമ്മൾ സ്ഥിരമായി കാണുന്നത് മറ്റുള്ളവരുടെ സന്തോഷങ്ങളും ആഘോഷങ്ങളും മാത്രം നിറഞ്ഞ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ്. അത് കണ്ടിട്ട് എന്റെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയല്ല എന്ന് നമ്മൾ ചിന്തിക്കും. പക്ഷേ അത് ഒരു ക്യൂറേറ്റഡ് സ്പേസാണെന്ന് മനസിലാകാനുള്ള
വിവേകം നമുക്കുണ്ടാകണം. നല്ല ദിവസങ്ങളിലാണെങ്കിൽ അത് മനസ്സിലാക്കാൻ എളുപ്പമാണ്. പക്ഷേ ഒരു മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ അത് തിരിച്ചറിയുക അത്ര എളുപ്പമല്ല.

എന്റെ കുടുംബവും സുഹൃത്തുക്കളുമൊന്നുമില്ലാതെ ഒറ്റയ്ക്കാകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പക്ഷേ അത് ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമാണ്. ചില ഘട്ടങ്ങളിൽ ചില കാര്യങ്ങൾ നമ്മൾ ഒറ്റയ്ക്ക് തന്നെ നേരിടേണ്ടി വരുമെന്ന് എനിക്കറിയാം. അതുകൊണ്ട് ആ ഭയത്തെ നേരിടാൻ തന്നെ ഞാൻ തീരുമാനിച്ചു. അതുകൊണ്ട് ‘സ്റ്റേ ഓൺ മൈ ഓൺ’ എന്നതാണ് എന്റെ ഗെയിം പ്ലാൻ. അത് ഫിഗർ ഔട്ട് ചെയ്യുക എളുപ്പമല്ല, കുറച്ചൊക്കെ കയോട്ടിക് ആണ്. പക്ഷേ എന്നെ സഹായിക്കാൻ നല്ല ആളുകൾ എന്റെ ചുറ്റുമുണ്ടെന്നത് വലിയ ഭാഗ്യമാണ്.

ആൻസൈറ്റി ഇപ്പോൾ ഞാൻ ഒരു ‘കമ്പാനിയൻ’ പോലെയാണ് കാണുന്നത്. അത് എന്റെ കൂടെയുണ്ടാകും. പക്ഷേ അത് എന്റെ എനിമിയല്ലെന്ന് ഞാൻ പഠിച്ചു. അതാണ് എനിക്ക് ഉണ്ടായ ഏറ്റവും വലിയ ബ്രേക്ക്‌ത്രൂ. മുമ്പൊക്കെ മനസ്സിലുള്ള ഭാരമെങ്ങനെയെങ്കിലും കളഞ്ഞാൽ മതിയെന്നായിരുന്നു ചിന്ത. അതിനായി ഞാൻ തെറാപ്പി എടുത്തു, നല്ല സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു. ഒറ്റപ്പെട്ടതായി തോന്നുമ്പോൾ ഞാൻ ചെയ്യാറുള്ള കാര്യങ്ങളാണവ.

തെറാപ്പി എന്നെത്തന്നെ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു. അത് ആരെങ്കിലും പറഞ്ഞുതരുന്ന ഒന്നല്ല, നമ്മൾ പഠിച്ചെടുക്കുന്ന ഒരു സ്കില്ലാണ്. പലരും ആൻസൈറ്റിയെ വെറും വിഷമമെന്ന രീതിയിലാണ് കാണുന്നത്. പക്ഷേ ഓരോരുത്തരും അതിനെ ഓരോ രീതിയിലാണ് അനുഭവിക്കുന്നത്. എനിക്ക് ഒരു ട്രോമാറ്റിക് അനുഭവം ഉണ്ടായാൽ അത് പ്രോസസ് ചെയ്യാൻ ഒരുപാട് സമയമെടുക്കും. ചിലപ്പോൾ രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമായിരിക്കും അതിന്റെ പ്രതികരണം എന്റെ ശരീരത്തിലും മനസ്സിലും പ്രകടമാകുക. തെറാപ്പിയിലൂടെ ഇതൊക്കെ മനസ്സിലാക്കാനും അതിന് പരിഹാരങ്ങളുണ്ടെന്ന് തിരിച്ചറിയാനും എനിക്ക് സാധിച്ചു. എന്നെത്തന്നെ കൂടുതൽ പ്രയോറിറ്റൈസ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഈ മാറ്റങ്ങളെല്ലാം ഞാൻ തിരിച്ചറിഞ്ഞത്,’ അന്ന ബെൻ പറഞ്ഞു.

അന്ന ബെൻ.screen grab/youtube

Content Highlight:Anna Ben opens up about navigating uncertainty and anxiety in her life

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം