2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ വ്യക്തിയാണ് അഞ്ജലി മേനോന്‍. സിനിമയിലെ ഹിറ്റുകള്‍ പുരുഷന്മാര്‍ മാത്രം കയ്യടക്കി വാണ കാലത്ത് ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് മേക്കറായി മാറാനും അതിലൂടെ വലിയൊരു ഫാന്‍ ബേസ് സ്വന്തമാക്കാനും അഞ്ജലിക്ക് കഴിഞ്ഞു.
മഞ്ചാടിക്കുരു എന്ന തന്റെ ആദ്യ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു തിയേറ്റര്‍ ഹിറ്റായിരുന്നെങ്കില്‍ താനൊരിക്കലും ‘ബാംഗ്ലൂര്‍ ഡേയ്സ്’ ചെയ്യില്ലായിരുന്നുവെന്ന് അഞ്ജലി മേനോന്‍ പറയുന്നു. മഞ്ചാടിക്കുരു കുറച്ചുപേരാണ് കണ്ടതെന്നും അത് തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നും അഞ്ജലി പറഞ്ഞു.
ഹാപ്പി ജേണി എന്നൊരു ഹ്രസ്വചിത്രം ചെയ്തുവെന്നും അത് ശ്രദ്ധിക്കപ്പെട്ടുവെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ നായകനായ ജഗതി ശ്രീകുമാര്‍ ‘ഓഡിയന്‍സിന്റെ കൈയടി ആണ് ശരിയായ അവാര്‍ഡ്. അത് എല്ലാ അവാര്‍ഡുകളേക്കാളും വലുതാണ്’ എന്ന് പറഞ്ഞുവെന്നും ഉസ്താദ് ഹോട്ടല്‍ വിജയിച്ചപ്പോള്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു.
‘മഞ്ചാടിക്കുരു തിയേറ്റര്‍ ഹിറ്റായിരുന്നെങ്കില്‍ ഞാനൊരിക്കലും ‘ബാംഗ്ലൂര്‍ ഡേയ്സ്’ ചെയ്യില്ലായിരുന്നു. ‘മഞ്ചാടിക്കുരു’വുമായി ബന്ധപ്പെട്ട് അത്രയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. നാലുവര്‍ഷത്തോളം അതിന്റെ പ്രശ്നങ്ങളുമായി പൊരുതേണ്ടിവന്നു. പ്രസവശേഷം തൊണ്ണൂറാം ദിവസം പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ക്കാന്‍ ചെന്നൈയിലേക്ക് മോനെയും കൊണ്ടുപോയ കാലം നല്ല ഓര്‍മയുണ്ട്.
‘മഞ്ചാടിക്കുരു’ തിയേറ്ററില്‍ വളരെ കുറച്ചുപേരാണ് കണ്ടത്. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നെങ്കിലും സാമ്പത്തികമായി നഷ്ടമായിരുന്നു. ആ അനുഭവം വല്ലാതെ ബാധിച്ചു. പക്ഷേ, തിരിച്ചറിവുകള്‍ ധാരാളമുണ്ടായി. മലയാള സിനിമാ ലോകത്തിന്റെ അടിയൊഴുക്കുകള്‍ മനസിലാക്കാന്‍ തുടങ്ങി. ഈ മേഖലയില്‍ പുതിയ ആളായതുകൊണ്ടുമാത്രമല്ല ഇത്രയേറെ പ്രതിസന്ധികളെന്ന് തിരിച്ചറിയുകയായിരുന്നു.
അതിലൂടെ കടന്നുവരുമ്പോള്‍ സംവിധായകന്‍ രഞ്ജിത് സാര്‍ നിര്‍മിച്ച ‘കേരള കഫേ’യില്‍ ‘ഹാപ്പി ജേണി’ എന്നൊരു ഹ്രസ്വചിത്രം ചെയ്യാനായി. അതായിരുന്നു എന്റെ ആദ്യത്തെ റിലീസ്. അത് അംഗീകരിക്കപ്പെട്ടപ്പോള്‍ അതില്‍ നായകനായി അഭിനയിച്ച ജഗതി ശ്രീകുമാര്‍ സാര്‍ പറഞ്ഞു, ‘ഈ ഓഡിയന്‍സിന്റെ കൈയടി ആണ് ശരിയായ അവാര്‍ഡ്. അത് എല്ലാ അവാര്‍ഡുകളേക്കാളും വലുതാണ്’ എന്ന്.
‘മഞ്ചാടിക്കുരു’ റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ ‘ഉസ്താദ് ഹോട്ടല്‍’ പുറത്തിറങ്ങി. എന്റെ കഥയില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ സിനിമയാണ്. ‘മഞ്ചാടിക്കുരു’വില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ‘ഉസ്താദ് ഹോട്ടല്‍’ തിരികെത്തന്നു. അന്ന് ജഗതി സര്‍ പറഞ്ഞത് എത്ര സത്യം ആണെന്ന് തിരിച്ചറിഞ്ഞു. എഴുതിയ വരികള്‍ക്ക് കിട്ടുന്ന കൈയടി കേട്ട് മനസ് നിറഞ്ഞു,’ അഞ്ജലി മേനോന്‍ പറയുന്നു.
Content Highlight: Anjali Menon Talks About Manjadikuru Movie