| Sunday, 27th April 2025, 1:28 pm

ആ രണ്ട് സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ നൃത്തത്തിന് പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ വന്നിട്ടില്ല: അഞ്ജലി മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകയാണ് അഞ്ജലി മേനോന്‍. ഇപ്പോള്‍ യുവ സപ്പ്‌നോ കാ സഫര്‍ എന്ന ആന്തോളജിയുടെ ഭാഗമായി ബാക്ക്‌സ്റ്റേജ് എന്ന ഷോര്‍ട്ട് ഫിലിമുമായി അഞ്ജലി മേനോന്‍ വീണ്ടുമെത്തിയിരിക്കുകയാണ്.

വേവ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെ കഥപറയുന്നു. പത്മപ്രിയയും റിമ കല്ലിങ്കലുമാണ് പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. ബാക്ക്‌സ്‌റ്റേജിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ അഞ്ജലി മേനോന്‍.

ഇന്ത്യയുടെ നാലുഭാഗങ്ങളിലെ നാലു വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ചേരുന്ന ആന്തോളജി എന്ന നിലയിലേക്കാണ് തനിക്ക് സിനിമയിലേക്ക് ക്ഷണം വരുന്നതെന്നും തെക്കെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സിനിമചെയ്യാനാണ് അവര്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഭാഷ ഹിന്ദിയായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അഞ്ജലി മേനോന്‍ പറയുന്നു.

തെന്നിന്ത്യന്‍ പശ്ചാത്തലമുള്ള സിനിമ എന്ന നിബന്ധനയ്ക്കുമുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി കഥ തന്നെയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് കാലം നൃത്തം പഠിച്ച ആളാണ് താനെന്നും ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് നൃത്തം എന്ന ആശയം മനസില്‍ വന്നതെന്നും അഞ്ജലി പറഞ്ഞു. നൃത്തം സംസ്‌കാരത്തിന്റെ ഭാഗമായൊരു സമൂഹമാണ് നമ്മുടേതെന്നും എന്നിട്ടും നമ്മുടെ സിനിമകള്‍ അതിനെ വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. മനോരമ ദിനപത്രത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോന്‍.

‘ഇന്ത്യയുടെ നാലുഭാഗങ്ങളിലെ നാലു വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ചേരുന്ന ആന്തോളജി എന്ന നിലയിലേക്കാണ് എനിക്ക് ഇതിലേക്ക് ക്ഷണംവരുന്നത്. തെക്കെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സിനിമചെയ്യാനാണ് എന്നോട് ആവശ്യപ്പെട്ടതും. ഭാഷ ഹിന്ദിയായിരിക്കണം എന്നുമുണ്ടായിരുന്നു. പിന്നീട് ആന്തോളജി കുറച്ചുകൂടി വിശാലമായി. അതിലെ ഫിലിമുകളുടെ എണ്ണം കൂടി. സ്വപ്നം, ചങ്ങാത്തം എന്നിവയാണ് ആന്തോളജിയുടെ തീം.

ചെറിയ കഥകള്‍ പറയാനാണ് എനിക്കിഷ്ടം. പക്ഷേ, തെന്നിന്ത്യന്‍ പശ്ചാത്തലമുള്ള സിനിമ എന്ന നിബന്ധനയ്ക്കുമുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി കഥ തന്നെയായിരുന്നു. ഒരുപാട് ആലോചിച്ച ശേഷമാണ് നൃത്തം എന്ന ആശയത്തിലേക്ക് വന്നെത്തുന്നത്. പതിന്നാലുവര്‍ഷം നൃത്തം പഠിച്ചിട്ടുണ്ട് ഞാന്‍. അക്കാലത്തുണ്ടായ അനുഭവങ്ങളും അറിഞ്ഞ സങ്കടങ്ങളും നൃത്തത്തിലൂടെ ജീവിതത്തിന്റെ ഭാഗമായ സൗഹൃദങ്ങളുമൊക്കെ മനസിലേക്കുവന്നു. അക്കാര്യങ്ങളൊക്കെയും കഥയില്‍ ഉള്‍ക്കൊള്ളിക്കാം എന്നൊരു തോന്നല്‍ വന്നു.

നൃത്തം സംസ്‌കാരത്തിന്റെ ഭാഗമായൊരു സമൂഹമാണ് നമ്മുടേത്. എന്നിട്ടും നമ്മുടെ സിനിമ അതിനെ വേണ്ട വിധത്തില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നൊരഭിപ്രായം എനിക്കുണ്ട്. കുട്ടിക്കാലത്ത് ‘സാഗരസംഗമം’ പോലുള്ള സിനിമകള്‍കണ്ട് ഭ്രമിച്ചിരുന്നിട്ടുണ്ട്. കഥകളി എന്ന കലയെയും അതിന്റെ അണിയറയെയും മി കവുറ്റരീതിയില്‍ ഉള്‍ക്കൊള്ളിച്ച ‘വാനപ്രസ്ഥം’പോലൊരു സിനിമ മലയാളത്തിന് സ്വന്തമാണ്. അതിനപ്പുറം നൃത്തത്തിന്റെ അണിയറക്കാഴ്ചകളും മറ്റും നമ്മുടെ സിനിമയ്ക്ക് ഇന്നും അന്യമാണ്,’ അഞ്ജലി മോനോന്‍ പറഞ്ഞു.

Content Highlight:  Anjali Menon talks about her new film Backstage

We use cookies to give you the best possible experience. Learn more