2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ വ്യക്തിയാണ് അഞ്ജലി മേനോൻ. സിനിമയിലെ ഹിറ്റുകൾ പുരുഷന്മാർ മാത്രം കയ്യടക്കി വാണ കാലത്ത് ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് മേക്കറായി മാറാനും അതിലൂടെ വലിയൊരു ഫാൻ ബേസ് സ്വന്തമാക്കാനും അഞ്ജലിക്ക് കഴിഞ്ഞു.
യുവ സപ്പ്‌നോ കാ സഫർ എന്ന ആന്തോളജിയുടെ ഭാഗമായി ബാക്ക്‌സ്റ്റേജ് എന്ന ഷോർട്ട് ഫിലിമാണ് അഞ്ജലിയുടെ ഏറ്റവും പുതിയ ചിത്രം. പത്മപ്രിയയും റിമ കല്ലിങ്കലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം വേവ്‌സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. നൃത്തവും സൗഹൃദവുമാണ് ബാക്ക്സ്റ്റേജിന്റെ ഇതിവൃത്തം.
ബാക്ക്സ്റ്റേജ് എന്ന സിനിമയെ കുറിച്ചും തന്റെ സൗഹൃദങ്ങളെ കുറിച്ചും സംസാരിക്കുകയാണ് അഞ്ജലി മേനോൻ. ഈ സിനിമയിൽ നൃത്തമാണ് പശ്ചാത്തലമെങ്കിലും സൗഹൃദത്തെപ്പറ്റിയാണ് കഥയെന്ന് അഞ്ജലി മേനോൻ പറയുന്നു. സൗഹൃദത്തിൽ കയറിക്കൂടുന്ന മത്സരബുദ്ധിയും അസൂയയും ആ ബന്ധത്തെ മാറ്റിമറിക്കുന്നതും അത് തരണം ചെയ്യുന്നതുമാണ് സിനിമ കാണിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
രണ്ട് പുരുഷന്മാർക്കിടയിലെ സൗഹൃദത്തെപ്പറ്റി പറയാൻ തനിക്കറിയില്ലയെന്നും തന്നെ സംബന്ധിച്ച് സൗഹൃദങ്ങളാണ് തന്റെ കരുത്തെന്നും അഞ്ജലി കൂട്ടിച്ചേർത്തു. തന്റെ സൗഹൃദ വലയത്തിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടെന്നും ഈ രണ്ടു സൗഹൃദങ്ങളും വ്യത്യസ്തമാണെന്നാണ് തന്റെ പക്ഷമെന്നും സ്ത്രീകൾ തമ്മിലുള്ള സൗഹൃദം കുറേക്കൂടി ഗാഢവും രസകരവുമാണെന്നും അവർ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോൻ.
‘ഈ സിനിമയിൽ നൃത്തമാണ് പശ്ചാത്തലമെങ്കിലും കഥ സൗഹൃദത്തെപ്പറ്റിയാണ്. സൗഹൃദത്തിൽ കയറിക്കൂടുന്ന മത്സരബുദ്ധിയും അസൂയയും ആ ബന്ധത്തെ മാറ്റിമറിക്കാറുണ്ട്. അതിനെ തരണം ചെയ്യാതെ സൗഹൃദത്തിന് മുന്നോട്ടുപോകാനാകില്ല.
സ്ത്രീകൾ തമ്മിലുള്ള സൗഹൃദം കുറേക്കൂടി ഗാഢമാണ്. രസകരമാണത്
ആഴമുള്ള ബന്ധങ്ങൾക്ക് ഇതിനെയൊക്കെയും മറികടക്കാനുള്ള കെൽപ്പുണ്ട്. ബന്ധങ്ങൾക്ക് ആഴമുണ്ടാകാൻ ഇതിനെയൊക്കെയും മറികടക്കേണ്ടിവരും.
രണ്ട് പുരുഷന്മാർക്കിടയിലെ സൗഹൃദത്തെപ്പറ്റി പറയാൻ എനിക്കറിയില്ല. എന്നെ സംബന്ധിച്ച് സൗഹൃദങ്ങളാണ് എൻ്റെ കരുത്ത്. നമ്മെ നാമായി ഉൾക്കൊള്ളാൻ കഴിയുന്ന ഇടങ്ങളാണ് അവയൊക്കെയും.
എൻ്റെ സൗഹൃദ വലയത്തിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈ രണ്ടു സൗഹൃദങ്ങളും വ്യത്യസ്തമാണെന്നാണ് എന്റെ പക്ഷം. സ്ത്രീകൾ തമ്മിലുള്ള സൗഹൃദം കുറേക്കൂടി ഗാഢമാണ്. രസകരമാണത്,’ അഞ്ജലി മേനോൻ പറയുന്നു.
Content Highlight: Anjali Menon Talks About Friendship