| Saturday, 12th April 2025, 9:36 pm

ഈശ്വരാ, അദ്ദേഹത്തിന്റെ സിനിമയിലൊക്കെ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് മനസില്‍ ചിന്തിച്ചിട്ടുണ്ട്, ആള്‍ സൂപ്പര്‍ കൂളാണ്: അനിഷ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് അനിഷ്മ അനികുമാര്‍. പൂവന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ അനിഷ്മ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഐ ആം കാതലന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. വിഷു റിലീസായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം മരണമാസ്സിലും നായിക അനിഷ്മയാണ്.

ഇപ്പോള്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അനിഷ്മ അനില്‍കുമാര്‍. ഓഡിഷന്‍ വഴിയാണ് സിനിമയിലേക്ക് എത്തിയതെന്നും ആദ്യ സിനിമ പൂവന്‍ ആണെന്നും അനിഷ്മ പറയുന്നു. താന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിറങ്ങുന്നതെന്നും എന്നെങ്കിലും ഗിരീഷ് എ.ഡിയുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമോയെന്ന് ചിന്തിച്ചിട്ടുണ്ടെന്നും അനിഷ്മ പറഞ്ഞു.

‘സിനിമയോട് പെരുത്തിഷ്ടമുണ്ടെങ്കിലും മേഖലയുമായി യാതൊരു ബന്ധവുമില്ല. ഓഡിഷനുകളാണ് സിനിമയിലേക്കുള്ള ഏകമാര്‍ഗം. കൊവിഡ് സമയത്ത് ചില കാസ്റ്റിങ് കോളുകള്‍ക്ക് ഞാന്‍ പ്രൊഫൈല്‍ അയച്ചു. ആദ്യമായി വിളിക്കുന്നത് പൂവനില്‍ നിന്നാണ്. കൊച്ചിയില്‍ വെച്ചാണ് ഓഡിഷന്‍. പേടിച്ച് വിറച്ചു ഞാന്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഒറ്റക്കെട്ടായി പറഞ്ഞത് ‘നോ’.

പിന്നെ കരഞ്ഞു കാലുപിടിച്ചപ്പോള്‍ അവരുടെ മനസലിഞ്ഞു. എന്നെ ഓഡിഷന് കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ സൂപ്പര്‍ ശരണ്യയിലെ കാസ്റ്റ് മുഴുവനുണ്ട്. ആദ്യ ഓഡിഷനില്‍ കിട്ടിയില്ല. രണ്ടാമത്തെ ഓഡിഷനിലാണ് സെലക്ട് ആകുന്നത്. അതിനിടയില്‍ ജോലിയും കിട്ടി. അത് വേണ്ടെന്നുവെച്ചാണ് സിനിമയിലേക്ക് ഇറങ്ങിയത്.

പൂവന്‍ ആണ് ആദ്യസിനിമ. പൂവനിലെ സിനി ഒരു പാവം, നാട്ടിന്‍ പുറത്തെ കുട്ടിയായിരുന്നു. എന്നാല്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് ‘ഐ ആം കാതലനി’ലെ ശില്പ. ശില്പ വളരെ ബോള്‍ഡ് ആയ ഉള്ളിലുള്ളത് മുഖത്ത് നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന കുട്ടിയാണ്. ദേഷ്യപ്പെടാന്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഗിരീഷേട്ടന്‍ കൃത്യമായ നിര്‍ദേശങ്ങള്‍ തന്നു. അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ദേഷ്യപ്പെട്ടു എന്നു തോന്നുന്നു.

ഐ ആം കാതലനില്‍ എത്തുന്നതും ഓഡിഷനിലൂടെയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഇറങ്ങുമ്പോള്‍ ഞാന്‍ കോളേജില്‍ പഠിക്കുകയാണ്. ഈശ്വരാ, ഗിരീഷ് എ.ഡിയുടെ സിനിമയിലൊക്കെ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് മനസില്‍ ചിന്തിച്ചിട്ടുണ്ട്. ഭാഗ്യമാകാം രണ്ടാമത്തെ സിനിമയില്‍ തന്നെ ആ ആഗ്രഹം സാധിച്ചു. നസ് ലെന്റെ കൂടെ അഭിനയിച്ചതും രസമുള്ള അനുഭവമാണ്. ആള്‍ സൂപ്പര്‍ കൂള്‍ ആണ്. ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്സ്,‘ അനിഷ്മ അനില്‍കുമാര്‍ പറയുന്നു.

Content Highlight: Anishma Anilkumar Talks About Her Movies

We use cookies to give you the best possible experience. Learn more