| Saturday, 4th April 2026, 10:55 pm

വീട്ടില്‍ പറയാതെ ഓഡിഷന് അയച്ചു; ഞാന്‍ അഭിനയിക്കുന്നതിനോട് അവര്‍ക്ക് താത്പര്യമില്ലായിരുന്നു: അനിഷ്മ അനില്‍കുമാര്‍

ഐറിന്‍ മരിയ ആന്റണി

സിനിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ഓഡിഷന്‍ വഴിയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും നടി അനിഷ്മ അനില്‍കുമാര്‍. സിറൈ എന്ന തമിഴ് സിനിമക്ക് ശേഷം ഇന്‍ഡസ്ട്രിയില്‍ മുഴങ്ങി കേട്ട പേരാണ് അനിഷ്മയുടേത്.

ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കെന്‍ കരുണാസ് ചിത്രം യൂത്തിലും നടി പ്രധാനവേഷത്തിലെത്തിലുണ്ട്. സ്റ്റാര്‍ സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ ഒഡിഷന് പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം.

‘സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ആകെക്കൂടി ഉണ്ടായിരുന്ന വഴി ഓഡിഷനാണ്. കൊറോണ സമയത്താണ് ഓഡിഷന് അയക്കുന്നത്. അന്ന് ഞാന്‍ അഭിനയിക്കുന്നതില്‍ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് വീട്ടില്‍ പറയാതെ ഓണ്‍ലൈന്‍ ഓഡിഷനാണ് അയച്ചത്.

എന്റെ കൈയില്‍ നല്ല ഒരു ഫോട്ടോപോലും ഉണ്ടായിരുന്നില്ല. സുഹൃത്ത് എടുത്തുതന്ന ഒരു ഫോട്ടോവെച്ച് ഇന്‍ട്രൊഡക്ഷന്‍ വീഡിയോ ഉണ്ടാക്കി ‘പൂവന്‍’ സിനിമയുടെ ഓഡിഷന് അയക്കുകയായിരുന്നു. എന്തോ ഭാഗ്യത്തിന്, ദൈവാനുഗ്രഹംകൊണ്ട് കിട്ടി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്,’ അനിഷ്മ പറയുന്നു.

വിനീത് വാസുദേവനാണ് പൂവന്‍ സംവിധാനം ചെയ്തതെന്നും സംവിധായകന്‍ ഗിരീഷ് എ.ഡി. ആണ് സിനിമ നിര്‍മിച്ചതെന്നും താരം പറയുന്നു. ആദ്യത്തെ സിനിമയാണെങ്കില്‍പ്പോലും തനിക്ക് ആ ടീം നല്‍കിയ പിന്തുണ വളരെ വലുതാണെന്നും ഇന്നും അവരെല്ലാം തന്റെ സുഹൃത്തുക്കളാണെന്നും അനിഷ്മ കൂട്ടിച്ചേര്‍ത്തു. അത്രയ്ക്ക് സ്‌പെഷ്യലായ സിനിമയാണതെന്നും നടി പറഞ്ഞു.

വിനീത് വാസുദേവവന്റെ സംവിധാനത്തില്‍ എത്തിയ പൂവന്‍ 2023ലാണ് തിയേറ്ററുകളിലെത്തിയത്. ആന്റണി വര്‍ഗീസ്, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, വിനീത് വാസുദേവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. പിന്നീട് വന്ന ഐ.ആം കാതന്‍, മരണമാസ് എന്ന സിനിമകളിലൂെടയാണ് അനിഷ് ശ്രദ്ധിക്കപ്പെട്ടത്.

Content Highlight:  Anishma Anilkumar says she had no connection with the film and was selected through auditions 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more