| Sunday, 4th May 2025, 9:39 pm

പാട്ടുകളെല്ലാം ഹിറ്റായെങ്കിലും ആ സിനിമ വേണ്ട രീതിയില്‍ വര്‍ക്കാകാത്തത് എനിക്ക് മെന്റല്‍ ഷോക്ക് സമ്മാനിച്ചു: അനിരുദ്ധ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് അനിരുദ്ധ്. 2012ല്‍ റിലീസായ 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യചിത്രത്തിനായി ഒരുക്കിയ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം ഇന്റര്‍നെറ്റ് വ്യാപകമാകുന്ന കാലത്ത് തന്നെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വളരെ വേഗത്തില്‍ തമിഴ് സിനിമയുടെ മുന്‍നിരയിലേക്കെത്താന്‍ അനിരുദ്ധിന് സാധിച്ചു.

ആദ്യമായി സംഗീതം നല്‍കിയ 3 എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ്. ആ സിനിമയിലെ പാട്ടുകളെല്ലാം റിലീസിന് മുമ്പ് തന്നെ ഹിറ്റായിരുന്നെന്ന് അനിരുദ്ധ് പറഞ്ഞു. എല്ലായിടത്തും 3യിലെ പാട്ടുകളായിരുന്നു സംസാരവിഷയമെന്നും അതെല്ലാം താന്‍ ആ സമയത്ത് വല്ലാതെ ആസ്വദിച്ചിരുന്നെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.

വൈറല്‍ എന്ന വാക്ക് അന്ന് ഇല്ലായിരുന്നെന്നും പലരും തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുന്നത് ആസ്വദിച്ചിരുന്നെന്നും അനിരുദ്ധ് പറഞ്ഞു. എന്നാല്‍ തിയേറ്ററില്‍ ആ സിനിമ വര്‍ക്കായില്ലെന്നും അത് തനിക്ക് മെന്റല്‍ ഷോക്ക് തന്നെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. ഡിപ്രഷന്‍ അല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും അനിരുദ്ധ് പറയുന്നു.

പത്ത് പാട്ടുകളും അതുപോലെ ബി.ജി.എമ്മുകളും ചെയ്ത സിനിമ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാത്തത് നിരാശ സമ്മാനിച്ചെന്നും അനിരുദ്ധ് പറഞ്ഞു. അന്നത്തെ പ്രായത്തില്‍ ആ പരാജയം ഉള്‍ക്കൊള്ളാന്‍ തനിക്ക് സാധിച്ചില്ലായിരുന്നെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ആ സിനിമ പരാജയപ്പെട്ടതെന്ന് ഒരുപാട് ആലോചിച്ചെന്നും അനിരുദ്ധ് പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു അനിരുദ്ധ്.

‘ത്രീ എന്ന സിനിമയിലെ പാട്ടുകള്‍ എല്ലാം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എല്ലായിടത്തും ആ സിനിമയിലെ പാട്ടുകളെക്കുറിച്ചായിരുന്നു പലരും സംസാരിച്ചുകൊണ്ടിരുന്നത്. അന്ന് വൈറല്‍ എന്ന വാക്കൊന്നും വന്നിരുന്നില്ല. പക്ഷേ, എല്ലായിടത്തും ത്രീയിലെ പാട്ടുകള്‍ തന്നെയായിരുന്നു ചര്‍ച്ച. സിനിമ തിയേറ്ററുകളിലെത്തിയപ്പോള്‍ വേണ്ട രീതിയില്‍ വര്‍ക്കായില്ല.

എനിക്ക് അതൊരു മെന്റല്‍ ഷോക്കായിരുന്നു. ഞാനുദ്ദേശിക്കുന്നത് ഡിപ്രഷനിലായി എന്നല്ല. പക്ഷേ, അത്രയും ചര്‍ച്ചയായ പാട്ടുകളുള്ള സിനിമ എന്തുകൊണ്ട് ഫ്‌ളോപ്പായെന്ന് എനിക്ക് അന്ന് മനസിലായില്ല. 10 പാട്ടുകളും അതിന്റെ ബി.ജി.എമ്മുകളും എല്ലാത്തിനും വേണ്ടി വല്ലാതെ കഷ്ടപ്പെട്ടു. എന്നിട്ടും സിനിമ വര്‍ക്കാകാത്തത് നിരാശ സമ്മാനിച്ചു,’ അനിരുദ്ധ് പറയുന്നു.

Content Highlight: Anirudh saying that failure of 3 movie gave him mental shock

We use cookies to give you the best possible experience. Learn more