'വേട്ടൈയാ'നില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനായി എ.ഐ ഉപയോഗിച്ചു; വൈകാതെ എല്ലാവരും ഇത് ഉപയോഗിക്കും: അനിരുദ്ധ് രവിചന്ദര്‍
Indian Cinema
'വേട്ടൈയാ'നില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനായി എ.ഐ ഉപയോഗിച്ചു; വൈകാതെ എല്ലാവരും ഇത് ഉപയോഗിക്കും: അനിരുദ്ധ് രവിചന്ദര്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 24th February 2026, 9:11 pm

തെന്നിന്ത്യയൊട്ടാകെ ആരാധകര്‍ ഏറെയുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ധനുഷ് നായകനായ ത്രീയിലൂടെ കരിയര്‍ ആരംഭിച്ച അനിരുദ്ധ് ഇന്ന് പല പ്രൊജക്ടുകളിലും സംഗീതം നല്‍കി ഞെട്ടിക്കുകയാണ്.

ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ വമ്പന്‍ സിനിമകളാണ് അനിരുദ്ധിന്റെ ലൈനപ്പിലുള്ളത്. ഇപ്പോഴിതാ എ.ഐയെ കുറിച്ച് ഒരു അഭിമുഖത്തിനിടെ അനിരുദ്ധ് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സാങ്കേതികവിദ്യ വളരെ വേഗത്തില്‍ വളര്‍ന്നുവെന്നും ഇത് സംഗീത സംവിധായകരെ പല തരത്തില്‍ സഹായിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ എന്റെ അഭിപ്രായത്തില്‍, എ.ഐ ഭയപ്പെടേണ്ട ഒന്നല്ല, മറിച്ച് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. നിങ്ങള്‍ അത് ഉപയോഗിക്കുന്ന രീതി പ്രധാനമാണ്.

വേട്ടൈയാന്‍ സിനിമയില്‍ മലേഷ്യ വാസുദേവന്‍ സാറിന്റെ ശബ്ദത്തിന് ഞങ്ങള്‍ എ.ഐ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിനുശേഷം ടെക്‌നോളജി വീണ്ടും പുരോഗമിച്ചു. എനിക്ക് ഇപ്പോള്‍ പാടാനും 100 സ്ത്രീകളെ വ്യത്യസ്ത പിച്ചുകളില്‍ പാടിപ്പിക്കാനും കഴിയും,’ അനിരുദ്ധ് പറയും.

ശരിയായ ഉദ്ദേശത്തോടെ എ.ഐ ഉപയോഗിക്കുന്നിടത്താണ് നമ്മുടെ വിജയമെന്നും തന്നെ സംബന്ധിച്ചിടത്തോളം, എ.ഐ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എ.ഐ സംഗീതത്തിന്റെ ഭാവിയില്‍ ഒരു വലിയ പങ്കുവഹിക്കുമെന്ന് വ്യക്തമാണെന്നും അനിരുദ്ധ് കൂട്ടിച്ചര്‍ത്തു.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘മധരാസി’ എന്ന ചിത്രത്തിനായാണ് അനിരുദ്ധ് പുതിയ ആല്‍ബം ഒരുക്കുന്നത്. കമല്‍ഹാസനും രജിനികാന്തും വീണ്ടും ഒന്നിക്കുന്ന വമ്പന്‍ പ്രൊജക്ടും ലൈനപ്പിലുണ്ട്. ജയിലര്‍ 2, ‘ജന നായകന്‍ എന്നീ സിനിമകള്‍ക്ക് പുറമെ ഹിന്ദി പ്രൊജക്ടുകളും അനിരുദ്ധിന്റോയി വരാനുണ്ട്.

ഇന്ത്യക്ക് പുറത്തും അനിരുദ്ധിന്റെ സംഗീതത്തിന് ആരാധകരുണ്ട്. കണക്ക് പ്രകരം കഴിഞ്ഞ വര്‍ഷം സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട സൗത്ത് ഇന്ത്യന്‍ ആല്‍ബം അനിരുദ്ധിന്റെ പേരിലായിരുന്നു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായെത്തിയ കൂലിയിലെ ഗാനങ്ങളാണ് സ്പോട്ടിഫൈയില്‍ ഒന്നാം സ്ഥാനത്തെത്തിയ സൗത്ത് ഇന്ത്യന്‍ ആല്‍ബം.

Content Highlight:  Anirudh Ravichander talks about AI

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.