വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിന് ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ അനില്‍ കുംബ്ലെ. ജെയ്‌സ്വാള്‍ ദിനംപ്രതി മെച്ചപ്പെട്ടുവരികയാണെന്നും ടീമിന് വേണ്ടി മികച്ച ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുമെന്നും കുംബ്ലെ പറഞ്ഞു.
‘ജെയ്സ്വാള്‍ ദിനംപ്രതി മെച്ചപ്പെട്ടുവരികയാണ്. തനിക്കുവേണ്ടി മാത്രമല്ല ടീമിനുവേണ്ടിയും വലിയ ഇന്നിങ്സ് കളിക്കാനുള്ള അവന്റെ മനോഭാവത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. കഴിഞ്ഞ മത്സരത്തില്‍ അവന്‍ മികച്ച തുടക്കം നേടിയെങ്കിലും നേരത്തെ തന്നെ പുറത്തായി, അതിനാല്‍ ഇത്തവണ ജെയ്‌സ്വാള്‍ തീര്‍ച്ചയായും റണ്‍സ് സ്‌കോര്‍ ചെയ്യും. അവന്‍ ഇപ്പോഴും ക്രീസിലുണ്ട്, അവന് വലിയ റണ്‍സ് നേടാന്‍ കഴിയും… ജെയ്സ്വാളിന് ഇപ്പോള്‍ മികച്ച അവസരമുണ്ട്, ഇരട്ട സെഞ്ച്വറി മാത്രമല്ല, ഒരു ട്രിപ്പിള്‍ സെഞ്ച്വറി പോലും,’ ജിയോഹോട്ട്സ്റ്റാറില്‍ കുംബ്ലെ പറഞ്ഞു.
നിലവില്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി മിന്നും പ്രകടനമാണ് ജെയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. 253 പന്തില്‍ 22 ഫോര്‍ ഉള്‍പ്പെടെ 173 റണ്‍സാണ് താരം നേടിയത്.
പുറത്താകാതെ ക്രീസില്‍ തന്നെ നിന്നാല്‍ താരത്തിന് തന്റെ മൂന്നാം ഡെബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നത് ഉറപ്പാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ 2024ലിലാണ് ജെയ്‌സ്വാള്‍ തന്റെ രണ്ട് ഡെബിള്‍സും നേടിയത്. 209, 214 എന്നിങ്ങനെയായിരുന്നു ജെയ്‌സാളിന്റെ സ്‌കോര്‍.
ജെയ്‌സ്വാളിന് പുറമെ യുവ താരം സായി സുദര്‍ശനും ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നു. 165 പന്തില്‍ 12 ഫോറുള്‍പ്പെടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. കെ.എല്‍. രാഹുലും മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്.
54 പന്തില്‍ 38 റണ്‍സ് സ്‌കോര്‍ ചെയ്താണ് തിരികെ നടന്നത്. താരത്തിന്റെ ഇന്നിങ്സില്‍ പിറന്നത് ഒരു സിക്‌സും അഞ്ച് ഫോറുമാണ്. നിലവില്‍ ജെയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ 68 പന്തില്‍ 20 റണ്‍സ് നേടി ക്രീസിലുണ്ട്. വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. താരത്തിനാണ് മത്സരത്തിലെ രണ്ട് വിക്കറ്റുകളും. താരം 20 ഓവറില്‍ 60 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് വാരിക്കന്റെ ഈ പ്രകടനം.
Content Highlight: Anil Kumble Talking About Yashaswi Jaiswal