ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പരക്കാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏറെ കാലത്തിന് ശേഷം കളിക്കളത്തില്‍ ഇറങ്ങുന്ന മത്സരങ്ങളാണിവ. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ശ്രദ്ധയോടെയാണ് ഇത് വീക്ഷിക്കുന്നത്.
ഈ പരമ്പരയോട് കൂടി ഇരുവരും വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിന് ശക്തി പകരുന്നതാണ് കഴിഞ്ഞ ദിവസം ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിനിടെ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയുടെ വാക്കുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിനായി ഇരുവരും ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്നും അതിനാല്‍ അവര്‍ ഫീല്‍ഡിലുള്ള നിമിഷങ്ങള്‍ നമ്മുക്ക് ആഘോഷിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കോഹ്‌ലിയുടെയും രോഹിത്തിന്റെയും മനസില്‍ 2027 ലെ ലോകകപ്പായിരിക്കുമെന്നും എന്നാല്‍ അതിന് ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനെ കുറിച്ച് ഇരുവരും അധികം ചിന്തിക്കേണ്ടതില്ലെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
‘രോഹിത്തും കോഹ്‌ലിയും വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവന ചെയ്തവരാണ്. അവര്‍ ഇപ്പോള്‍ ഫീല്‍ഡില്‍ ചെലവഴിക്കുന്ന നേരങ്ങള്‍ ആസ്വദിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. രോഹിത്ത് ഇപ്പോള്‍ ക്യാപ്റ്റനല്ലാത്തതിനാല്‍ തന്നെ അവന് ടീമിനെ നയിക്കുന്നതിന്റെ സമര്‍ദമില്ല.
അതുകൊണ്ട് തന്നെ ഇരുവരും അവരുടെ ബാറ്റിങ്ങും കളിക്കളത്തില്‍ ശേഷിക്കുന്ന നിമിഷങ്ങളും ആസ്വദിക്കണം. 2027നെ കുറിച്ച് ഇപ്പോള്‍ അവര്‍ വിഷമിക്കേണ്ടതില്ല. രോഹിത്തിനും കോഹ്‌ലിക്കും ഒരുപാട് അനുഭവപരിചയമുണ്ട്. അവര്‍ ടീമിലുണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാലത് ആ വര്‍ഷത്തില്‍ തീരുമാനിക്കുന്നതാണ് നല്ലത്,’ കുംബ്ലെ പറഞ്ഞു.
ഒക്ടോബര്‍ 19നാണ് ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. രോഹിത്തും കോഹ്‌ലിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയിരുന്നു.